Connect with us

National

നയതന്ത്ര ബന്ധം സാധാരണ നിലയിലാകാൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കണം; ചൈനയുമായുള്ള ചർച്ചയിൽ ഇന്ത്യ

സൈനിക പിൻമാറ്റം സംബന്ധിച്ച നിർണായക തീരുമാനങ്ങളൊന്നും ചർച്ചയിൽ ഉണ്ടായില്ല

Published

|

Last Updated

ബെയ്ജിങ് | യഥാര്‍ഥ നിയന്ത്രണ രേഖയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഇന്ത്യ-ചൈന ഉദ്യോഗസ്ഥർ ബീജിംഗിൽ യോഗം ചേർന്നു. വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ചൈനീസ് സംഘവുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യ-ചൈന അതിര്‍ത്തി വിഷയവുമായി ബന്ധപ്പെട്ട വര്‍ക്കിങ് മെക്കാനിസം ഫോര്‍ കണ്‍സള്‍ട്ടേഷന്‍ ആന്‍ഡ് കോര്‍ഡിനേഷ(ഡബ്ല്യൂ എം സി സി)ന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച.

അതിർത്തിയില്‍ നിന്ന് സൈന്യത്തെ പൂർണമായും പിന്‍വലിച്ചെങ്കിൽ മാത്രമേ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സാധാരണനിലയിലാകുകയുള്ളൂ എന്ന് ചർച്ചയിൽ ഇന്ത്യ വ്യക്തമാക്കി. എന്നാൽ സൈനിക പിൻമാറ്റം സംബന്ധിച്ച നിർണായക തീരുമാനങ്ങളൊന്നും ചർച്ചയിൽ ഉണ്ടായില്ലെന്നാണ് വിവരം.

പടിഞ്ഞാറന്‍ സെക്ടറിലെ യഥാർഥ നിയന്ത്രണരേഖയിലെ സാഹചര്യങ്ങള്‍ വിലയിരുത്തി കൂടിക്കാഴ്ചയില്‍ വിലയിരുത്തിയതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. കൂടാതെ, മറ്റു മേഖലകളിലെ കൂടി സൈനിക പിന്മാറ്റവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്ന് പ്രസ്താവനയില്‍ പറയുന്നു.

2019 ജൂലൈയ്ക്കു ശേഷം ഉദ്യോഗസ്ഥര്‍ നേരിട്ട് പങ്കെടുക്കുന്ന ആദ്യ കൂടിക്കാഴ്ചയാണ് ബുധനാഴ്ച ബീജിംഗിൽ നടന്നത്. കൊവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ വർഷങ്ങളിൽ വെർച്ച്വലായാണ് കൂടിക്കാഴ്ച നടന്നിരുന്നത്. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്ക പരിഹാര വേദി എന്ന നിലയ്ക്ക് 2012-ലാണ് ഡബ്ല്യൂ എം സി സി രൂപവത്കരിച്ചത്.

കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ നടന്ന സൈനിക-നയതന്ത്രതല ചര്‍ച്ചകളുടെ ഭാഗമായി പാംഗോങ് തടാകം, ഗോഗ്ര തുടങ്ങിയ മേഖലകളില്‍നിന്ന് ഇന്ത്യയും ചൈനയും സൈന്യത്തെ പിന്‍വലിച്ചിരുന്നു.

Latest