Connect with us

കെയ്‌റോ ഡയറി - 26

കെയ്‌റോയിലെ അക്ഷരത്തെരുവുകൾ

ഈജിപ്തിലെ അച്ചടിയുടെ ചരിത്രം ആരംഭിക്കുന്നത് 1798 ൽ നെപ്പോളിയൻ ബോണപ്പാർട്ടിന്റെ ഫ്രഞ്ച് അധിനിവേശത്തോടെയാണെങ്കിലും ഈജിപ്തിലെ യഥാർഥ അച്ചടി വിപ്ലവത്തിന് തുടക്കം കുറിച്ചത് ആധുനിക ഈജിപ്തിന്റെ ശിൽപ്പിയായ മുഹമ്മദ് അലി പാഷയാണ്.

Published

|

Last Updated

“ഈജിപ്ത് എഴുതുന്നു, ലെബനാൻ അച്ചടിക്കുന്നു, ഇറാഖ് വായിക്കുന്നു’ എന്നത് അറബ് ലോകത്ത് പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഒരു പ്രശസ്തമായ ചൊല്ലാണ്. എന്നാൽ കെയ്റോയിലെ ഓരോ പുസ്തകത്തെരുവുകളിലൂടെയും നടക്കുമ്പോൾ വായനക്കാർക്ക് മനസ്സിലാകും, ഈ നഗരം എഴുതുക മാത്രമല്ല ലോകത്ത് ഏറ്റവും കൂടുതൽ വായിക്കുന്ന ജനത കൂടിയാണ് ഇവരെന്ന്. ആയിരം മിനാരങ്ങളുടെ നഗരം എന്നത് പോലെത്തന്നെ ആയിരക്കണക്കിന് പുസ്തകശാലകളുടെയും വിജ്ഞാന ഭണ്ഡാരങ്ങളുടെയും നാടുകൂടിയാണ് കെയ്റോ. അൽ അസ്ഹറിന്റെ തിരുമുറ്റത്ത് അറിവ് തേടിയെത്തുന്ന ഒരു വിദ്യാർഥിയെ സംബന്ധിച്ചിടത്തോളം ഇവിടുത്തെ പുസ്തകത്തെരുവുകൾ ഒരു വലിയ വൈജ്ഞാനിക സ്വർഗമാണ്. കടലാസുകളുടെ ഗന്ധമുള്ള ആ തെരുവുകളിലൂടെയുള്ള യാത്ര ഈജിപ്തിന്റെ സമ്പന്നമായ ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കുമുള്ള യാത്ര കൂടിയാണ്. ഈ യാത്ര പൂർണമാകണമെങ്കിൽ, ഈജിപ്തിലേക്ക് ആദ്യമായി അച്ചടിയന്ത്രങ്ങൾ കടന്നുവന്ന ചരിത്രം കൂടി നാം അറിയേണ്ടതുണ്ട്.

ഈജിപ്തിലെ അച്ചടിയുടെ ചരിത്രം ആരംഭിക്കുന്നത് 1798 ൽ നെപ്പോളിയൻ ബോണപ്പാർട്ടിന്റെ ഫ്രഞ്ച് അധിനിവേശത്തോടെയാണെങ്കിലും ഈജിപ്തിലെ യഥാർഥ അച്ചടി വിപ്ലവത്തിന് തുടക്കം കുറിച്ചത് ആധുനിക ഈജിപ്തിന്റെ ശിൽപ്പിയായ മുഹമ്മദ് അലി പാഷയാണ്. 1820 ൽ അദ്ദേഹം കെയ്റോയിൽ സ്ഥാപിച്ച ചരിത്രപ്രസിദ്ധമായ ബുലാഖ് പ്രസ്സ് മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും പഴയ അച്ചടിശാലയാണ്. അവിടെനിന്നാണ് ശാസ്ത്രം, ഗണിതം, വൈദ്യശാസ്ത്രം എന്നിവയുടെ അറബി പരിഭാഷകൾ പുറത്തിറങ്ങിത്തുടങ്ങിയത്. അറബി അക്ഷരങ്ങളുടെ തനിമ ചോർന്നുപോകാതെ അവയെ ആധുനിക അച്ചടിയിലേക്ക് സമന്വയിപ്പിക്കുന്നതിൽ ഈജിപ്ത് വലിയ വിജയം നേടി. 1924 ൽ പുറത്തിറക്കിയ “കിംഗ് ഫുആദ് ഖുർആൻ’ പതിപ്പ് ലോകമെമ്പാടുമുള്ള ഇസ്്ലാമിക അച്ചടിയിൽ കൃത്യതയും ഏകതയും കൊണ്ടുവന്ന ചരിത്രപരമായ ഒരു നാഴികക്കല്ലാണ്. അച്ചടിയുടെ ഈ ചരിത്രവഴികൾ ചെന്നെത്തുന്നത് കെയ്റോയിലെ സജീവമായ പുസ്തകത്തെരുവുകളിലേക്കാണ്. അൽ അസ്ഹർ പള്ളിയുടെ പരിസരങ്ങളിൽ നിന്ന് തന്നെയാണ് അതിന്റെ തുടക്കം. ദർസുകൾ കഴിഞ്ഞ് അസ്ഹറിന്റെ പടിയിറങ്ങുമ്പോൾ വിദ്യാർഥികൾ നേരെ നടക്കുന്നത് ദർബുൽ അത്റാക് പോലെയുള്ള പുസ്തകത്തെരുവുകളിലേക്കാണ്.

തഫ്സീർ, ഹദീസ്, ഫിഖ്ഹ്, അറബി വ്യാകരണം തുടങ്ങി വിവിധ ഇസ്്ലാമിക വിജ്ഞാന ശാഖകളിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള രചനകൾ ഈ കടകളിൽ ഉറങ്ങിക്കിടപ്പുണ്ട്. മുൻഗാമികളായ പണ്ഡിതന്മാർ തങ്ങളുടെ കൈപ്പടയാൽ കുറിപ്പുകളെഴുതിവെച്ച, മഞ്ഞ കടലാസുകളുള്ള ഇത്തരം അപൂർവ കിതാബുകൾ ഈ ചെറിയ കടകളുടെ റാക്കുകളിൽ തിരയുന്നത് തന്നെ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം വലിയൊരു വൈജ്ഞാനികാനുഭവമാണ്. പുസ്തകങ്ങൾ വിൽക്കുന്ന കടകൾക്ക് പുറമെ, പഴയകാല രീതിയിൽ തുകലുകൾ ഉപയോഗിച്ചും സ്വർണലിപികൾ പതിപ്പിച്ചും കിതാബുകൾ ബൈൻഡ് ചെയ്ത് നൽകുന്ന പരമ്പരാഗത പണിപ്പുരകളും ഈ തെരുവുകൾക്ക് മാറ്റുകൂട്ടുന്നു.

പഴയ പുസ്തകങ്ങളുടെ ലോകത്തെ ഏറ്റവും വലിയ വിസ്മയമാണ് കെയ്റോയിലെ സൂർ എൽ അസ്ബകിയ്യ. നൂറിലധികം ചെറിയ പുസ്തകക്കടകൾ ഒരുമിച്ച് പ്രവർത്തിക്കുന്ന ഈ തെരുവിൽ കിട്ടാത്ത പുസ്തകങ്ങൾ അപൂർവമാണ്. ഇവിടുത്തെ പഴയ പുസ്തക വിൽപ്പനക്കാർ വെറും കച്ചവടക്കാരല്ല. പലപ്പോഴും അവർ വലിയ വായനക്കാരും പണ്ഡിതരുമായിരിക്കും. ഒരു പ്രത്യേക കിതാബിന്റെ പേര് പറഞ്ഞാൽ അതിന്റെ ഏറ്റവും മികച്ച തഹ്ഖീഖ് ഏതാണെന്നും അതിന് എഴുതപ്പെട്ട ഏറ്റവും നല്ല ശറഹ് ആരുടേതാണെന്നും അവർ കൃത്യമായി പറഞ്ഞുതരും.
ഇടുങ്ങിയ തെരുവുകളിലെ ചെറിയ സ്റ്റൂളുകളിലിരുന്ന് ഈജിപ്ഷ്യൻ പൊതീനച്ചായയും കുടിച്ച് പുസ്തകങ്ങളുടെ വിലപേശൽ നടത്തുന്ന വിദ്യാർഥികൾ ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്.
ഈജിപ്തിലെ രണ്ടാമത്തെ വലിയ നഗരമായ അലക്‌സാണ്ട്രിയയിലും ഇതുപോലൊരു തെരുവുണ്ട്. ചരിത്ര വിദ്യാർഥികളുടെ പ്രിയപ്പെട്ട ഇടമായ നബി ദാനിയൽ സ്ട്രീറ്റ്. എന്നാൽ ഈജിപ്തിലെ പുസ്തക ചരിത്രം പൂർണമാകണമെങ്കിൽ അലക്‌സാണ്ട്രിയയിലെ പ്രശസ്തമായ ലൈബ്രറിയെക്കുറിച്ച് പറയണം. പുരാതന ലോകത്തെ ഏറ്റവും വലിയ അറിവിന്റെ കേന്ദ്രമായിരുന്ന ലൈബ്രറി ഓഫ് അലക്‌സാണ്ട്രിയയുടെ പൈതൃകം ഇന്നും തലയുയർത്തി നിൽക്കുന്നത് ആധുനിക അലക്‌സാണ്ട്രിയ നഗരത്തിലാണ്.

2002 ൽ പുനർനിർമിക്കപ്പെട്ട ഈ ലൈബ്രറി ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും അത്യാധുനികമായ വിജ്ഞാന കേന്ദ്രങ്ങളിലൊന്നാണ്. സൂര്യന്റെ രൂപത്തിൽ രൂപകൽപ്പന ചെയ്ത ഈ ലൈബ്രറിയുടെ ഭിത്തികളിൽ ലോകത്തിലെ ഒട്ടുമിക്ക ഭാഷകളിലെയും ലിപികൾ കൊത്തിവെച്ചിട്ടുണ്ട്. ദശലക്ഷക്കണക്കിന് പുസ്തകങ്ങൾക്ക് പുറമെ, അപൂർവമായ കൈയെഴുത്തുപ്രതികൾ സൂക്ഷിക്കുന്ന സെന്റർ, ഡിജിറ്റൽ ആർക്കൈവ്, ആർട്ട് ഗ്യാലറികൾ എന്നിവ ഇവിടെയുണ്ട്. ലോകത്തിലെ പല കോണുകളിൽ നിന്നുള്ള ഗവേഷണ വിദ്യാർഥികൾ ഇന്നും അലക്‌സാണ്ട്രിയയെ വിജ്ഞാനത്തിന്റെ ഒരു വിളക്കുമാടമായി കാണുന്നു.

ഈജിപ്തിലെ അക്ഷരപ്രേമികളുടെ മറ്റൊരു ഉത്സവമാണ് കെയ്റോ അന്താരാഷ്ട്ര പുസ്തകോത്സവം. അറബ് ലോകത്തെ ഏറ്റവും വലുതും പഴക്കമുള്ളതും ലോകത്തിൽ തന്നെ രണ്ടാം സ്ഥാനത്തുമുള്ള വലിയ പുസ്തകമേളയാണിത്. എല്ലാ വർഷവും ജനുവരി-ഫെബ്രുവരി മാസങ്ങളിൽ നടക്കുന്ന ഈ മേളയിലേക്ക് ദശലക്ഷക്കണക്കിന് വായനക്കാരാണ് ഒഴുകിയെത്തുന്നത്. ഈ മേളയുടെ ഏറ്റവും വലിയ പ്രത്യേകത സൂർ എൽ അസ്ബകിയ്യയിലെ സെക്കൻഡ് ഹാൻഡ് പുസ്തക വിൽപ്പനക്കാർക്കായി മാറ്റിവെച്ച പവലിയനാണ്. ലക്ഷക്കണക്കിന് രൂപ വിലവരുന്ന പുതിയ പതിപ്പുകൾക്കിടയിലും പഴയ പുസ്തകങ്ങളുടെ തനിമ തേടിവരുന്നവർ അവിടെ തിരക്ക് കൂട്ടുന്നു. വായനക്കാരെ സംബന്ധിച്ചിടത്തോളം ഈ ബുക്ക് ഫെയർ കേവലം ഒരു ചന്തയല്ല.

മറിച്ച് സാഹിത്യ ചർച്ചകളും പണ്ഡിതന്മാരുടെ സംവാദങ്ങളും നടക്കുന്ന ഒരു സാംസ്‌കാരിക വിരുന്നാണ്. നഷ്ടപ്പെട്ട പൈതൃകങ്ങളോടുള്ള സ്‌നേഹവും വിജ്ഞാനത്തോടുള്ള അടങ്ങാത്ത പ്രണയവുമാണ് കെയ്റോയെ ഇന്നും അറബ് ലോകത്തിന്റെ ബൗദ്ധിക തലസ്ഥാനമാക്കി നിലനിർത്തുന്നത്. അറബ് സാഹിത്യത്തിലെ നൊബേൽ ജേതാവായ നജീബ് മഹ്ഫൂസിനെപ്പോലുള്ള ഇതിഹാസങ്ങൾ സാഹിത്യ ചർച്ചകൾ നടത്തിയിരുന്ന കഫേ റിച്ചി പോലെയുള്ള പരമ്പരാഗത കഫേകളും, മെട്രോ ട്രെയിനുകളിലും തിരക്കിനിടയിലും പുസ്തകം വായിക്കുന്ന സാധാരണക്കാരും ഈ സാംസ്‌കാരിക നവോത്ഥാനത്തിന്റെ ബാക്കിപത്രങ്ങളാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും പേപ്പർ വിലക്കയറ്റവും ഡിജിറ്റൽ യുഗത്തിന്റെ കടന്നുകയറ്റവും വ്യവസായത്തെ ബാധിക്കുന്നുണ്ടെങ്കിലും ഈ തെരുവുകൾക്ക് മരണമില്ല. ക്ലാസ്സ് മുറികളിലെ പാഠഭാഗങ്ങൾക്കപ്പുറം, അറിവിന്റെ ഗന്ധമുള്ള ഈ പുസ്തകത്തെരുവുകളിലൂടെയുള്ള നടത്തവും തിരച്ചിലുമാണ് അസ്ഹറിലെ ഓരോ വിദ്യാർഥിയെയും യഥാർഥത്തിൽ പരുവപ്പെടുത്തുന്നത്. അക്ഷരങ്ങൾക്ക് ഇത്രയേറെ ജീവനും വിലയും നൽകുന്ന കെയ്റോയുടെ ഈ പുസ്തക വസന്തം ഏതൊരു അറിവന്വേഷിയുടെയും മനസ്സിൽ മായാത്ത ചരിത്രമായി എന്നും അവശേഷിക്കും.

 

 

Latest