Connect with us

Kannur

അവസാന ശബ്ദവും നീതിക്ക് വേണ്ടി; കണ്ണീരോർമയായി ലത്തീഫ് സഅദി പഴശ്ശി

പ്രഭാഷണ വേദികളിൽ ഉജ്ജ്വലമായി തിളങ്ങിയ അദ്ദേഹത്തിന്റെ അവസാന ശബ്ദവും നീതിക്ക് വേണ്ടിയായത് കേവലം യാദൃശ്ഛികമാകാനിടയില്ല. സദാ നീതിക്കുവേണ്ടിയും മൂല്യങ്ങൾക്ക് വേണ്ടിയും ശബ്ദിക്കുന്ന ഒരാൾക്ക് വിശ്രമമുണ്ടാകില്ലല്ലോ.

Published

|

Last Updated

കോഴിക്കോട് | ജീവിതത്തിന്റെ സർവസ്വവും സുന്നി പ്രസ്ഥാനത്തിന് വേണ്ടി സമർപ്പിച്ച പണ്ഡിതനായിരുന്നു വിടവാങ്ങിയ ലത്തീഫ് സഅദി പഴശ്ശി. പ്രഭാഷണ വേദികളിൽ ഉജ്ജ്വലമായി തിളങ്ങിയ അദ്ദേഹത്തിന്റെ അവസാന ശബ്ദവും നീതിക്ക് വേണ്ടിയായത് കേവലം യാദൃശ്ഛികമാകാനിടയില്ല. സദാ നീതിക്കുവേണ്ടിയും മൂല്യങ്ങൾക്ക് വേണ്ടിയും ശബ്ദിക്കുന്ന ഒരാൾക്ക് വിശ്രമമുണ്ടാകില്ലല്ലോ.

കെ എം ബഷീറിന് നീതി തേടി കണ്ണൂരിൽ ശനിയാഴ്ച കേരള മുസ്‍ലിം ജമാഅത്ത് സംഘടിപ്പിച്ച കലക്ട്രേറ്റ് മാർച്ചിൽ പങ്കെടുത്ത് മടങ്ങിയ ഉടനായിരുന്നു ലത്തീഫ് സഅദിയുടെ അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെെവകീട്ട് മൂന്നരയോടെ പ്രസ്ഥാനത്തിന് വേണ്ടി സദാ ഗർജിച്ച ശബ്ദം നിലച്ചു.

കെ എം ബഷീറിന് നീതി നിഷേധിച്ച അധികാര അഹന്തക്ക് ശക്തമായ താക്കീത് നൽകുന്നതായിരുന്നു അദ്ദേഹത്തിൻെറ അവസാന വാക്കുകൾ. ബഷീറിനെ മദ്യലഹരിയിൽ കാറിടിച്ച് കൊലപ്പെടുത്തിയ ആലപ്പുഴ കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചുവിളിച്ചില്ലെങ്കിൽ അവകാശം നേടിയെടുക്കുന്നത് വരെ കാന്തപുരത്തിൻെറ പടക്കുതിരകള തെരുവിൽ നിന്ന് പോകില്ലെന്ന് ശക്തിയുക്തം പ്രഖ്യാപിച്ചു അദ്ദേഹം. ഈ പ്രസ്ഥാനം എവിടെ സമരം ചെയ്തിട്ടുണ്ടോ അവിടെ ഒക്കെ വിജയിച്ച ചരിത്രമേ ഉള്ളൂവെന്ന് അധികാര കേന്ദ്രങ്ങളെ അദ്ദേഹം ഓർമിപ്പിച്ചു.

ക്രിമിനൽ പശ്ചാത്തലമുള്ള ഒരാളെ ഇത്രയും തിരക്കുപിടിച്ച് ഉയർത്തിക്കൊണ്ടുവരുന്ന നിലവാരം തകർന പണി സാസ്കാരിക കേരളത്തിന്റെ പെെതൃകത്തിന് പറ്റിയതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾ ഞങ്ങളുടെ അവകാശത്തെക്കുറിച്ചാണ് പറയുന്നത്. ഇത് മുസ്‍ലിം ജമാഅത്തിന്റെയോ എസ് വെെ എസിന്റെയോ എസ് എസ് എഫിന്റെയോ അവകാശമല്ല. ഈ സംസ്ഥാനത്ത് ജീവിക്കുന്ന പൗരന് ലഭിക്കേണ്ട അവകാശമാണ്. ഈ അവകാശത്തിന് വേണ്ടിയുള്ള ശബ്ദം അധികാരികൾ കണ്ടിട്ടില്ലെങ്കിൽ ഞങ്ങൾ ഒരു കാര്യം തുറന്നുപറയുകാണ്, വർഷങ്ങൾ ഇനിയും കഴിയും, ഭരണങ്ങൾ മാറും, മുൻസിപ്പാലിറ്റിയുണ്ട്, പഞ്ചായത്തുണ്ട്, നിയമസഭാ വരാനുണ്ട്… ഞങ്ങളുടെ കെെയിൽ ഞങ്ങൾ എന്നും ഉയർത്തിപ്പിടിച്ച ഒരു ആയുധമുണ്ട്.. അത് വോട്ട് ബാങ്കാണ്.. ഞങ്ങൾ അതിലൂടെ പ്രതിരോധിക്കുമെന്ന് മാത്രമേ ഓർമപ്പെടുത്താനുള്ളൂ – പഴശ്ശി വ്യക്തമാക്കി.

കലക്ടറേറ്റ് മാർച്ച് സംഘാടനത്തിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചത് പഴശ്ശിയായിരുന്നു. സംഘാടകർക്കും പ്രവർത്തകർക്കുമുള്ള നിർദേശങ്ങൾ നൽകി ഓടി നടക്കുകയായിരുന്നു കഴിഞ്ഞ രണ്ടുദിവസമായി അദ്ദേഹം.

ജാമിഅ സഅദിയ്യയിൽ പഠിക്കുന്ന കാലഘടത്തിലാണ് പഴശ്ശി പ്രഭാഷണ രംഗത്ത് ശ്രേദ്ധേയനാകുന്നത്. പൊടിപ്പും തൊങ്ങലും വെച്ച് ആളെക്കൂട്ടുന്ന പ്രസംഗത്തിന് പകരം ഉൾക്കാമ്പുള്ള പ്രസംഗങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. വിഷയങ്ങൾ കൃത്യമായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഒന്ന് വേറത്തന്നെയായിരുന്നു. അനിതര സാധാരണമായ പ്രസംഗ ശെെലി പ്രേക്ഷകരെ അദ്ദേഹത്തിലേക്ക് കൂടുതൽ അടുപ്പിച്ചു. പ്രസംഗങ്ങൾക്കിടയിൽ അനുയോജ്യമായ ഗാനങ്ങളും കവിതാശകലങ്ങളും കൂടിയാകുമ്പോൾ അദ്ദേഹത്തിൻെറ പ്രസംഗങ്ങൾക്ക് കാതോർക്കുന്നവരുടെ എണ്ണം കൂടി.

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗവും ജില്ലാ വൈസ് പ്രസിഡന്റുമായി പ്രവർത്തിച്ചുവരികെയാണ് അബ്ദുല്ലത്തീഫ് സഅദിയുടെ അപ്രതീക്ഷിത വിടവാങ്ങൽ. എസ് എസ് എഫിലുടെ സംഘടന രംഗത്ത് വന്ന അദ്ദേഹം എസ് എഫിൻ്റെയും എസ് വൈ എസിൻ്റെയും സംസ്ഥാന വൈ. പ്രസിഡണ്ടായും പ്രവർത്തിച്ചു. നിലവിൽ സമസ്ത ഇരിട്ടി താലൂക്ക് പ്രസിഡണ്ടും ജില്ലാ മുശാവറ അംഗവും കൂടിയാണ്.

കണ്ണൂർ ജില്ലയിൽ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവിനെയാണ് ലത്തീഫ് സഅദിയിലൂടെ നമുക്ക് നഷ്ടമാകുന്നത്.

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.