Kerala
വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന സംഭവം; പത്ത് വയസുകാരി ലൈംഗികാതിക്രമത്തിനും ഇരയായി
അതിക്രമത്തിന് ഇരയായ കുട്ടി ഇപ്പോള്‍ കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്
കാസര്‍കോട് | വീട്ടില്‍ ഉറങ്ങിക്കിടക്കവെ തട്ടിക്കൊണ്ടുപോയ പത്തുവയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്. അതിക്രമത്തിന് ഇരയായ കുട്ടി ഇപ്പോള്‍ കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് . സ്വന്തം വീട്ടിലെ കട്ടിലില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെയാണ് അക്രമി എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയും, സ്വര്‍ണം കവര്‍ന്നശേഷം ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിക്കുകയും ചെയ്തത്.അതേ സമയം പ്രതിയെ ഇനിയും പിടികൂടാനായിട്ടില്ല
ഇന്ന് പുലര്‍ച്ചെ മൂന്നോടെ മുത്തച്ഛന്‍ പശുവിനെ കറക്കാന്‍ പോയ സമയത്താണ് കുട്ടിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. പീഡനത്തിന് ശേഷം കുട്ടിയുടെ കമ്മലുകള്‍ ഊരിയെടുത്ത് സമീപത്തുള്ള പറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. അക്രമി ഓടി രക്ഷപ്പെട്ടതിനു പിന്നാലെ കുട്ടി തൊട്ടടുത്ത വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു.തുറന്ന് കിടന്ന മുന്‍വാതിലിലൂടെയാണ് അക്രമി വീടിനുള്ളില്‍ പ്രവേശിച്ചതെന്നാണ് പോലീസ് കരുതുന്നത്. അക്രമി മലയാളം സംസാരിക്കുന്ന ആളാണെന്നും മാസ്‌ക് ധരിച്ചിരുന്നതായും കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി മൊഴി നല്‍കി. ജില്ലാ പോലീസ് മേധാവി പി ബോജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.