Connect with us

Kerala

ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണതു പോലെ സര്‍ക്കാരും വീഴും: രമേശ് ചെന്നിത്തല

ആരോഗ്യവകുപ്പ് മൃതപ്രായ അവസ്ഥയില്‍

Published

|

Last Updated

പത്തനംതിട്ട | കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണതു പോലെ സര്‍ക്കാരും ഉടന്‍ ഇടിഞ്ഞുവീഴുമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യമന്ത്രി പരാജയമാണെന്ന് ഓരോ സംഭവങ്ങളും വിരല്‍ചൂണ്ടുന്നു. സംവിധാനത്തിന്റെ തകരാറാണ് ആരോഗ്യവകുപ്പിലുള്ളതെന്ന് മന്ത്രി തന്നെ സമ്മതിച്ച സാഹചര്യത്തില്‍ വകുപ്പിന് നേതൃത്വം നല്‍കുന്നയാളെന്ന നിലയില്‍ രാജിവെച്ചുപോകണം. കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് ഒരു സ്ത്രീ മരിക്കാനിടയായ സംഭവം വകുപ്പിന്റെ ദയനീയതയാണ് പുറത്തുകാട്ടുന്നത്.

അപകടമുണ്ടായപ്പോള്‍ തന്നെ ആര്‍ക്കും ഒരു കുഴപ്പവുമില്ലെന്ന് വിധിയെഴുതിയ മന്ത്രിമാര്‍ മനുഷ്യജീവന് എന്തു വിലയാണ് നല്‍കിയത്. രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചതിന്റെ ഉത്തരവാദിത്വം അവര്‍ക്കാണ്. ഒരു ഭര്‍ത്താവിന് തന്റെ ഭാര്യയെ കാണാനില്ലെന്ന പരാതി എഴുതി വാങ്ങിയ ശേഷമാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയതെന്നത് തന്നെ സംവിധാനത്തിന്റെ പാളിച്ചകളുടെ മൂര്‍ധന്യാവസ്ഥയാണ് പ്രകടമാക്കുന്നത്. ആരോഗ്യവകുപ്പ് മൃതപ്രായ അവസ്ഥയിലാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ലാതെ രോഗികള്‍ വലയുകയാണ്. സംസ്ഥാനത്ത് വൈദ്യുതി, ആരോഗ്യവകുപ്പുകള്‍ പരാജയപ്പെട്ടെന്നും ചെന്നിത്തല പറഞ്ഞു.