Connect with us

Ongoing News

അരിക്കൊമ്പനെ കുടുക്കാൻ സർവസന്നാഹവുമായി വനം വകുപ്പ്

എവിടേക്ക് മാറ്റുമെന്നത് അതീവ രഹസ്യം

Published

|

Last Updated

ഇടുക്കി | മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അരിക്കൊമ്പൻ കാട്ടാനക്ക് ഇന്ന് കുടുക്ക് വീഴും. ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്തുകളിലെ അക്രമകാരിയായ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ഇന്ന് പുലർച്ചെ ആരംഭിക്കും.

ചിന്നക്കനാൽ പഞ്ചായത്ത് പൂർണമായും ശാന്തമ്പാറയിലെ ഒന്ന്, രണ്ട്, മൂന്ന് വാർഡുകളിലും ഇന്ന് രാവിലെ മുതൽ ഓപറേഷൻ തീരുന്നത് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എവിടേക്കാണ് മാറ്റുന്നതെന്നത് അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ് വനം വകുപ്പ്.

എങ്കിലും തേക്കടി വനത്തിനാണ് പ്രഥമ പരിഗണനയെന്നാണ് സൂചന. ഇന്നലെ ഓപറേഷൻ അരിക്കൊമ്പന്റെ മോക് ഡ്രിൽ നടന്നു. കുങ്കിയാനകളെ പങ്കെടുപ്പിക്കാതെയായിരുന്നു മോക്ഡ്രിൽ.

ദൗത്യസംഘ തലവൻ ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിൽ മുത്തങ്ങയിൽ നിന്നെത്തിയ ആർ ആർ ടി ടീമും ആറ് ഡോക്ടർമാരുമടക്കം വിവിധ വകുപ്പുകളിലെ 150ൽ അധികം ഉദ്യോഗസ്ഥരാണ് ഓപറേഷനിൽ പങ്കാളികളാകുന്നത്. ഇവർ മൂന്ന് സംഘമായി തിരിഞ്ഞാകും പദ്ധതി നടപ്പാക്കുക. മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായതായും എല്ലാ സർവസജ്ജമാണെന്നും കോട്ടയം ഡി എഫ് ഒ. എൻ രാജേഷ് പറഞ്ഞു.

ഇന്ന് പുലർച്ചെ 4.30ന് ഇന്നലെ മോക്ഡ്രിൽ നടന്ന ചിന്നക്കനാൽ ഫാത്തിമമാതാ ഹൈസ്‌കൂളിൽ സംഘം ഒത്തുചേരും. നടപടികൾ ഒരിക്കൽ കൂടി വിശദീകരിക്കും.

അരിക്കൊമ്പനെ രാത്രിയും പകലും പ്രത്യേക സംഘം നിരീക്ഷിച്ചു വരികയാണ്. കാലാവസ്ഥയും സ്ഥാനവും അനുകൂലമായാൽ സൂര്യോദയത്തോട് കൂടി തന്നെ ആദ്യ മയക്കുവെടിവെക്കും. തുടർന്നുള്ള കാര്യങ്ങൾ സാഹചര്യങ്ങൾക്ക് അനുസരിച്ച് തീരുമാനിക്കുമെന്നും ദൗത്യം വിജയിച്ചാൽ റേഡിയോ കോളർ സ്ഥാപിച്ച് ആനയെ ഉൾവനത്തിലേക്ക് മാറ്റുമെന്നും രാജേഷ് പറഞ്ഞു.

ആദ്യ ദിനം ദൗത്യം നടന്നില്ലെങ്കിൽ ശനിയാഴ്ച വീണ്ടും നടത്തും. 2017ൽ അരിക്കൊമ്പനെ പിടികൂടാൻ മയക്കുവെടി വെച്ചെങ്കിലും ഫലിച്ചിരുന്നില്ല.