Connect with us

Kerala

കാലുകള്‍ ബന്ധിച്ചു; അരിക്കൊമ്പന്‍ ദൗത്യം സുപ്രധാന ഘട്ടത്തില്‍

ജിപിഎസ് കോളറും ആനയെ കൊണ്ടുപോകാനുള്ള വാഹനവും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്

Published

|

Last Updated

ചിന്നക്കനാല്‍  | കാട്ടാനയായ അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ശ്രമം സുപ്രധാന ഘട്ടത്തിലേക്ക്. മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ രണ്ട് കാലുകള്‍ വടംകൊണ്ട് ബന്ധിച്ചു. ലോറിയില്‍ കയറ്റുന്നതിനു മുന്നോടിയായാണ് കാലുകള്‍ കെട്ടിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിന്നില്‍ നിന്ന് വടം കൊണ്ടു ബന്ധിപ്പിക്കുകയായിരുന്നു. ആദ്യം വടം കൊണ്ട് ബന്ധിപ്പിച്ചെങ്കിലും അരിക്കൊമ്പന്‍ ഊരിമാറ്റിയിരുന്നു.

നാല് കുങ്കിയാനകളും അരിക്കൊമ്പനു സമീപം നിലയുറപ്പിച്ചിട്ടുണ്ട്. ജിപിഎസ് കോളറും ആനയെ കൊണ്ടുപോകാനുള്ള വാഹനവും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. നാല് കുങ്കിയാനകളുടെയും സഹായത്തോടെ ലോറിയില്‍ കയറ്റി അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് മാറ്റുമെന്നാണ് അറിയുന്നത്.

 

ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് അരിക്കൊമ്പനെ അഞ്ച് തവണ മയക്കുവെടിവച്ചത്. ആദ്യ ഡോസ് മയക്കുവെടി വച്ചെങ്കിലും ആന മയങ്ങി തുടങ്ങിയിരുന്നില്ല. തുടര്‍ന്നാണ് രണ്ടാമത്തെ ഡോസ് മയക്കുവെടി വച്ചത്. ആദ്യ മയക്കുവെടി 11.54നും രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് 12.43നുമാണ് നല്‍കിയത്. എന്നിട്ടും ആന മയങ്ങിതുടങ്ങാത്തതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും മയക്കുവെടിവച്ചു.