Connect with us

Kerala

വാറ്റുകേസ് പ്രതിയുമായി പോകുകയായിരുന്ന എക്‌സൈസ് സംഘത്തെ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ തടഞ്ഞു

സി പി എം പ്രവര്‍ത്തകനായ  ഗോപിയെ കേസില്‍ പ്രതി ചേര്‍ക്കരുതെന്നാവശ്യപ്പെട്ടായിരുന്നു വാഹനം തടഞ്ഞത്.

Published

|

Last Updated

പത്തനംതിട്ട | സീതത്തോട് ഗുരുനാഥന്‍മണ്ണില്‍ നിന്ന് ചാരായവും കോടയും അടക്കം പിടികൂടി പ്രതിയുമായി മടങ്ങുകയായിരുന്ന എക്‌സൈസ് സംഘത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സി പി എം നേതാക്കള്‍ തടഞ്ഞു. സംഭവത്തില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ പ്രമോദ്, സി പി എം ലോക്കല്‍ സെക്രട്ടറി കെ കെ മോഹനന്‍, വര്‍ഗീസ് കോശി, ജ്യോതിഷ് കുമാര്‍, രാജു എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെയും ചിറ്റാര്‍ പോലിസ് കേസെടുത്തു.

എക്‌സൈസ് സംഘം നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. സംഘം ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചതായും വാഹനത്തിന് കേടുപാടുകള്‍ വരുത്താന്‍ ശ്രമമുണ്ടായതായും പരാതിയില്‍ പറയുന്നു. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷല്‍ സ്‌ക്വാഡും എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗവും സംയുക്തമായാണ് ഗുരുനാഥന്‍മണ്ണില്‍ റെയ്ഡ് നടത്തിയത്. പുലര്‍ച്ചെ പത്തനംതിട്ടയില്‍ നിന്ന് പുറപ്പെട്ട സംഘം രാവിലെ ഗുരുനാഥന്‍മണ്ണ് ഭാഗത്തു പരിശോധന നടത്തുകയും കിടങ്ങില്‍ ഗോപിയുടെ വീട്ടില്‍ നിന്ന് 760 ലിറ്റര്‍ കോടയും 650 മില്ലിലിറ്റര്‍ ചാരായവും കണ്ടെടുക്കുകയും ചെയ്തിരുന്നു. കോടയും ചാരായവും കണ്ടെടുത്തതിനു പിന്നാലെ ഗോപി(56)യെ അറസ്റ്റ് ചെയ്തു.

മൂന്ന് ജീപ്പുകളിലായെത്തിയ സംഘം മടങ്ങുന്നതിനിടെ സീതത്തോട് മുണ്ടന്‍പാറയിലാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒരു സംഘം സംഘടിച്ചു വാഹനം തടഞ്ഞത്. സി പി എം പ്രവര്‍ത്തകനായ  ഗോപിയെ കേസില്‍ പ്രതി ചേര്‍ക്കരുതെന്നാവശ്യപ്പെട്ടായിരുന്നു വാഹനം തടഞ്ഞത്. ഉദ്യോഗസ്ഥ സംഘത്തെ ഏറെ നേരം വഴിതടഞ്ഞിട്ടു. കേസില്‍ അറസ്റ്റിലായ ഗോപിയെ മറ്റൊരു വാഹനത്തില്‍ കൊണ്ടുപോയതിനു പിന്നാലെയാണ് മറ്റ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ സംഘം എത്തിയിരുന്നത്. ചിറ്റാര്‍ പോലീസ് സ്ഥലത്തെത്തിയ ശേഷമാണ് എക്‌സൈസ് സംഘത്തെ വിട്ടയച്ചത്. ഗോപിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Latest