Connect with us

BJP Groupism

തീപ്പൊരി നേതാവിന്റെ ശാപവാക്കുകള്‍ രംഗം വിടുന്നതിന്റെ സൂചനയോ?

Published

|

Last Updated

 

കോഴിക്കോട് | തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കുത്തുവാക്കുകള്‍ മാത്രം പറഞ്ഞു ശീലിച്ച ശോഭാ സുരേന്ദ്രന്‍ ഒടുക്കം ശാപവാക്കുകള്‍ ഉരുവിടുമ്പോള്‍ അവര്‍ സ്വയം കീഴടങ്ങുകയാണെന്നു സൂചന. ദേശീയ കൗണ്‍സിലില്‍ നിന്നു പുറന്തള്ളപ്പെട്ട ശോഭാ സുരേന്ദ്രന്‍ തന്റെ രോഷപ്രകടനം ഒരു ഫേസ് ബുക്ക് പോസ്റ്റിൽ ഒതുക്കി കഴിയുമോ അതോ പുറത്തേക്കുള്ള വഴിതേടുമോ എന്നാണ് നേതൃത്വം ഉറ്റുനോക്കുന്നത്.

കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി നിരവധി പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും നിരന്തരം വിളിച്ചു കൊണ്ടിരിക്കുന്നതിനാലാണ് പ്രതികരണം എന്നു പറഞ്ഞുകൊണ്ടാണ് അവരുടെ ഫേസ്ബുക്കില്‍ തന്നെ ഒതുക്കിയവര്‍ക്കെതിരെ ശാപം ചൊരിയുന്നത്.

തന്നെ ഉന്നത പദവിയില്‍ നിന്നു വലിച്ചു താഴെയിട്ടവരോടുള്ള രോഷം പ്രകടിപ്പിക്കാന്‍ അവര്‍ പ്രഹ്ലാദന്റെയും ഹിരണ്യകശിപുവിന്റെയും കഥയാണ് ഉദാഹരിക്കുന്നത്. പ്രഹ്‌ളാദന്റെ നലപാടു കാത്തു സൂക്ഷിക്കാന്‍ ഒടുവില്‍ തൂണിനില്‍ നിന്നു നരസിംഹം അവതരിച്ചപോലെ അച്ചടക്കത്തിന്റെ വാള്‍ വീശി നില്‍ക്കുന്ന കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നിന്ന് തന്നെ രക്ഷിക്കാന്‍ ഏതു നരസിംഹം അവതരിക്കുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത് എന്നു വ്യക്തമല്ല.

മാഫിയാ സംഘത്തിന്റെ പിടിയിലമര്‍ന്ന ബി ജെ പിയില്‍ കടിച്ചു തൂങ്ങി നില്‍ക്കാതെ എത്രയും പെട്ടന്നു പാര്‍ട്ടി വിടുന്നതാണ് ശോഭാ സുരേന്ദ്രനു നല്ലതെന്ന് കുഴല്‍പ്പണ കേസില്‍ നേതൃത്വത്തെ വിമര്‍ശിച്ചതിനു ബി ജെ പി പുറത്താക്കിയ ഒ ബി സി മോര്‍ച്ച മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ റിഷി പല്‍പ്പു സിറാജ് ലൈവിനോടു പറഞ്ഞു. പണസമ്പാദനം മാത്രം ലക്ഷ്യമാക്കിയ മാഫിയ സംഘത്തിനോടു പരാതി പറഞ്ഞു ശോഭാ സുരേന്ദ്രന് ഇനി പാര്‍ട്ടിയില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ശോഭാ സുരേന്ദ്രനെ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്താത് തന്റെ അധികാര പരിധിയില്‍ പെട്ട കാര്യമല്ലെന്നാണ് കെ സുരേന്ദ്രന്റെ പ്രതികരണം.
ബി ജെ പിയില്‍ ശോഭാ സുരേന്ദ്രന്റെ ഭാവി അടയുകയാണെന്നതിന്റെ നിരവധി സൂചനകള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. ബി ജെ പി സംസ്ഥാന ഉപാധ്യക്ഷ പദവിയും ഒടുവില്‍ അവര്‍ക്കു നഷ്ടമാകുമെന്നാണ് സംസാരം. ശോഭാ സുരേന്ദ്രനു പകരം അണിയറയില്‍ മറ്റൊരു വനിതാ നേതാവിനെ നേതൃനിരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നീക്കവും ശക്തമാണ്.
നേരത്തെ പാര്‍ട്ടി ചുമതലകള്‍ ഏറ്റെടുക്കാതെ ശോഭാ സുരേന്ദ്രന്‍ മാറി നിന്നപ്പോള്‍ മൂതല്‍ മറ്റൊരു നേതാവിനുവേണ്ടിയുള്ള അന്വേഷം ശക്തമായിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ അന്ത്യശാസന്ക്ക് വഴങ്ങി ശോഭാസുരേന്ദ്രന്‍ തിരിച്ചെത്തിയെങ്കിലും സംസ്ഥാന നേതൃത്വം വേണ്ടത്ര പരിഗണന നല്‍കിയില്ല.

എട്ടുമാസത്തോളം സംഘടനാ രംഗത്തുനിന്ന് മാറിനിന്ന ശേഷമാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ശോഭാ സുരേന്ദ്രന്‍ തിരിച്ചെത്തിയത്. കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായതോടെയാണ് അവരുടെ രാഷ്ട്രീയ ജീവിതത്തില്‍ തിരിച്ചടി നേരിട്ടത്. സംസ്ഥാന അധ്യക്ഷ പദം മോഹിച്ച അവരെ അകറ്റി നിര്‍ത്താന്‍ ആസൂത്രിത നീക്കമുണ്ടായി.
തീപ്പൊരി പ്രാസംഗികയെന്ന ശോഭയുടെ തുറുപ്പ് ചീട്ട് കെ സുരേന്ദ്രന്‍ ആദ്യം തന്നെ കീറിക്കളഞ്ഞിരുന്നു. സംസ്ഥാന സെക്രട്ടറിയായ ടി പി സിന്ധുമോളെപോലുള്ളവര്‍ക്ക് പ്രസംഗിക്കാന്‍ അവസരങ്ങള്‍ ഏറിയപ്പോള്‍ ശോഭയെ ആരും വിളിക്കാതായി.
സംഘപരിവാരം ആഗ്രഹിക്കുന്ന തരത്തില്‍ വര്‍ഗീയതയും തീപ്പൊരിയും സമം ചേര്‍ത്തു പ്രയോഗിക്കാനുള്ള ശോഭയുടെ ശേഷിക്കുണ്ടായിരുന്ന ആരാധകര്‍ പതിയെ കുറഞ്ഞു. കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായതോടെ കോര്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതോടെ തന്നെ അവരുടെ പടിയിറക്കം ആരംഭിച്ചതാണ്.

പ്രവര്‍ത്തനത്തില്‍ നിന്നകന്നതോടെ മാധ്യമ ശ്രദ്ധയും നഷ്ടമായ അവര്‍ക്ക് തിരിച്ചുവരവ് അസാധ്യമായിത്തീര്‍ന്നു. പിന്നീട് വിശ്വസ്തര്‍ക്കൊപ്പമെത്തി തിരുവനന്തപുരത്ത് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധത്തില്‍ പങ്കെടുത്തങ്കിലും അതും തിരിച്ചടിയായി.
നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പു കെ സുരേന്ദ്രന്‍ നയിച്ച വിജയ യാത്രയില്‍ പ്രസംഗിക്കാന്‍ അവസരം കിട്ടിയപ്പോള്‍ മുസ്ലീം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചു വീണ്ടും പുലിവാലു പിടിച്ചു. ഇത്തരം വിഷയങ്ങളില്‍ നിലപാടറിയിക്കേണ്ടത് സംസ്ഥാന അധ്യക്ഷനാണെന്നിരിക്കെ ശോഭാ സുരേന്ദ്രന്‍ നടത്തിയ പ്രസ്താവനയെ നേതൃത്വം തള്ളി.

സംഘപരിവാരത്തിനു പ്രിയപ്പെട്ട സാധ്വി ഋത്വംഭരയെ പോലെ വാക്കില്‍ തീ ചീറ്റാന്‍ ശേഷിയുള്ള നേതാവു തന്നെയായിരുന്നു ശോഭാ സുരേന്ദ്രനും. പക്ഷെ ഉള്‍പ്പോരില്‍ കിടപിടിക്കാനാവാതെ പാതിവഴിയില്‍ കാലിടറി ദുര്‍ബലമായ ശാപവാക്കുകള്‍ ചൊരിഞ്ഞ് രംഗം വിടാനായിരിക്കും അവരുടെ വിധി എന്നാണു സാഹചര്യം വ്യക്തമാക്കുന്നത്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്