Connect with us

Articles

പ്രതിസന്ധി വ്യക്തം; പരിഹാരം അവ്യക്തം

നികുതിയെ കേവലം പണം ഊറ്റിയെടുക്കാനുള്ള മാര്‍ഗമായി മാത്രം കാണുന്നതിന് പിന്നില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. നികുതി നല്‍കുന്നതിന് പിന്നിലെ സത്യസന്ധത നഷ്ടപ്പെടുന്നു എന്നതാണ് പ്രശ്‌നങ്ങളുടെയെല്ലാം ചുരുക്കം. വരുമാന സ്രോതസ്സുകള്‍ക്ക് കേവലം നികുതിയെ മാത്രം ആശ്രയിക്കാതെ നിര്‍മാണാത്മകമായ വഴികള്‍ കണ്ടെത്തണം.

Published

|

Last Updated

ധനക്കമ്മിയില്‍ മുന്നോട്ട് പോകുന്ന ഒരു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം, ബജറ്റിംഗ് എന്നത് ഏറെ ശ്രമകരമായ ഒരു ദൗത്യമാണ്. പൊതുവെ സ്വീകരിച്ച് വരുന്ന സാമ്പത്തിക നയങ്ങളില്‍ നിന്ന് മാറി വ്യത്യസ്തമായ എന്തെങ്കിലും പ്ലാനുകള്‍/ പോളിസികള്‍ നടപ്പിലാക്കുമ്പോഴാണ് അതിജീവനം സാധ്യമാകുന്നത്. കേരളം വലിയ ധന ഞെരുക്കം നേരിടുന്നു എന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തൻ്റെ ബജറ്റ് പ്രസംഗത്തില്‍ പറയുന്നുണ്ട്. ഈ പരിമിതിയെ എങ്ങനെ മറികടക്കും എന്നതിന് വിരുദ്ധോക്തി നിറഞ്ഞ ഉത്തരങ്ങളാണ് ഇന്നലെ ബജറ്റില്‍ നമുക്ക് കാണാന്‍ സാധിച്ചത്.

ഒരു വീട്ടിലെ ചെലവുകള്‍ എന്തൊക്കെയാണ്? ഭക്ഷണവും വസ്ത്രവും പാര്‍പ്പിട സൗകര്യങ്ങളുമാണ്. ഇന്ധന വില ഇവയെയെല്ലാം സ്വാധീനിക്കുന്ന ഒന്നാണ്. മറ്റൊന്ന് വൈദ്യുതിയാണ്. കൊവിഡ് കാലത്ത് വൈദ്യുതി ചെലവുകള്‍ ഏറെ പ്രയാസങ്ങള്‍ ഉണ്ടാക്കിയിരുന്നു. വാണിജ്യ വ്യവസായ ആവശ്യങ്ങള്‍ക്ക് വൈദ്യുതി തീരുവ അഞ്ച് ശതമാനം കൂട്ടുന്നതിലൂടെ ഉത്പന്നങ്ങളുടെ വിലയെയും അത് ബാധിക്കും. ഇതെല്ലാം സഹിക്കേണ്ടി വരുന്നത് സാധാരണക്കാരായ ജനങ്ങളാണ്. ഈ ചാക്രികമായ നികുതി പ്രതിഫലനത്തെ (Incidence of tax) ജനങ്ങള്‍ സഹിക്കേണ്ടി വരുന്നു എന്നതാണ് ഈ ബജറ്റിനെ പ്രശ്‌നവത്കരിക്കാന്‍ ഇടയാക്കുന്നത്. കെട്ടിട നികുതിക്കൊപ്പം അപേക്ഷാ ഫീസ്, പെര്‍മിറ്റ് ഫീസ് എന്നിവയെല്ലാം പരിഷ്‌കരിക്കുമെന്ന ബജറ്റിലെ ആഹ്വാനവും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട ഒന്നാണ്.

വില വര്‍ധനവിനെ വലിയ രീതിയില്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞ വര്‍ഷത്തില്‍ സാധിച്ചിട്ടുണ്ടെന്ന് ധന മന്ത്രി പറയുന്നു. ഇതിനായി വരും വര്‍ഷത്തേക്ക് 2,000 കോടി മാറ്റിവെക്കുകയും ചെയ്യുന്നു. എന്നാല്‍ വില വര്‍ധനവിലേക്ക് നയിക്കുന്ന കാര്യങ്ങളെ തദവസരത്തില്‍ പ്രോത്സാഹിപ്പിക്കുന്നതും കാണാം. ഇന്ധനങ്ങളിലും മറ്റും സെസ് ചുമത്തുന്നതിനെ വില വര്‍ധനവിലേക്കുള്ള പ്രോത്സാഹനമായി മാത്രമേ വിലയിരുത്താന്‍ സാധിക്കുകയുള്ളൂ. സാമൂഹിക സുരക്ഷാ സീഡ് ഫണ്ടിലേക്ക് ഇന്ധന സെസിലൂടെ 750 കോടി രൂപയാണ് പിരിച്ചെടുക്കാന്‍ പോകുന്നത്.

തീരുവ ചുമത്തുന്നതിൻ്റെ അടിസ്ഥാന ലക്ഷ്യം അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് പണം കണ്ടെത്തുക എന്നതാണ്. ഇതിനു വേണ്ടി ഒരാളുടെ ജീവിത ബജറ്റിനെ താളം തെറ്റിക്കുന്നത് എങ്ങനെയാണ് ന്യായീകരിക്കാന്‍ സാധിക്കുക. ഇന്ധനം എപ്പോഴും ഡിമാന്‍ഡുള്ള ഉത്പന്നമാണ്. അഥവാ, വിലയിലെ മാറ്റം, ഉപഭോഗത്തെ വലിയ രീതിയില്‍ സ്വാധീനിക്കില്ലെന്ന് ചുരുക്കം. അങ്ങനെയുള്ള ഉത്പന്നത്തില്‍ നിന്ന് അധിക നികുതി ഈടാക്കുന്നതിലൂടെ, സാധാരണക്കാരൻ്റെ ബജറ്റിംഗിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ. ഇന്ധനമെന്നത് ഏകദേശ വ്യാപാരങ്ങളുടെയും അവശ്യ വസ്തുവായത് കൊണ്ട് തന്നെ, ഇന്ധന വിലവര്‍ധനവിലൂടെ, അവരുടെ ഉത്പന്നങ്ങളുടെ വിലയെല്ലാം വര്‍ധിക്കുമെന്നത് കേവല ബുദ്ധി കൊണ്ട് മനസ്സിലാക്കാന്‍ പറ്റുന്ന കാര്യമാണ്.

ക്ഷേമകാര്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി 100 കോടി മാറ്റിവെച്ചിട്ടുണ്ട്. ഒരാളുടെ ക്ഷേമത്തെ തീരുമാനിക്കുന്നത് അയാളുടെ യൂട്ടിലിറ്റി പരിഗണിച്ചു കൊണ്ടാണ്. ഇന്ധന വില വര്‍ധിക്കുന്നതിലൂടെ ജീവിതച്ചെലവുകള്‍ കൂടുന്നത് കാരണം യൂട്ടിലിറ്റി നഷ്ടപ്പെടും. നിര്‍മാണാത്മകമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിക്കാതെയും വരും. ഒരു മനുഷ്യൻ്റെ സാമ്പത്തികമായ അനുമാനങ്ങളെ പ്രശ്‌നവത്കരിക്കുന്ന ഇത്തരം പോളിസികള്‍ നിലനില്‍ക്കെ ക്ഷേമകാര്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി 100 കോടി വകയിരുത്തുമ്പോള്‍ എന്ത് പോസിറ്റീവ് പ്രതിഫലനങ്ങളാണ് ഉണ്ടാക്കാന്‍ സാധിക്കുക.

നികുതിയെ കേവലം പണം ഊറ്റിയെടുക്കാനുള്ള മാര്‍ഗമായി മാത്രം കാണുന്നതിന് പിന്നില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. നികുതി നല്‍കുന്നതിന് പിന്നിലെ സത്യസന്ധത നഷ്ടപ്പെടുന്നു എന്നതാണ് പ്രശ്‌നങ്ങളുടെയെല്ലാം ചുരുക്കം. വരുമാന സ്രോതസ്സുകള്‍ക്ക് കേവലം നികുതിയെ മാത്രം ആശ്രയിക്കാതെ നിര്‍മാണാത്മകമായ വഴികള്‍ കണ്ടെത്തണം. റബ്ബര്‍ സബ്സിഡിക്ക് വേണ്ടി മാത്രം 600 കോടി രൂപ മാറ്റിവെച്ചത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. റബ്ബറിനെ ഒരു സുസ്ഥിര വരുമാന മാര്‍ഗമായി കാണാന്‍ സാധിക്കില്ല. അതുകൊണ്ട് നിര്‍മാണാത്മകമായ പ്രവര്‍ത്തനങ്ങളും കുറവാണ്. അതിനു വേണ്ടി ഉപയോഗിക്കുന്ന അസ്സറ്റുകള്‍ (ലാന്‍ഡ്) വളരെ കൂടുതലുമാണ്. നിര്‍മാണാത്മകമായ എത്ര അവസരങ്ങളാണ് കേരളത്തിലുള്ളത്. മെയ്ക്ക് ഇന്‍ കേരളക്ക് വേണ്ടി 100 കോടി വകയിരുത്തിയതൊന്നും നിര്‍മാണ സാധ്യതകളെ വര്‍ധിപ്പിക്കില്ല.

ഒരു സാധാരണക്കാരൻ്റെ ബജറ്റ് അവലോകനം വില വര്‍ധനവിനെ കേന്ദ്രീകരിച്ചാണ് നിലകൊള്ളുന്നത്. അതില്‍ വലിയ പ്രതീക്ഷകളൊന്നും ഈ ബജറ്റില്‍ ഇല്ല. 2,000 കോടിയെന്നത് പണപ്പെരുപ്പത്തെ പ്രതിരോധിക്കാന്‍ മാത്രമേ മതിയാകുകയുള്ളൂ. എങ്കിലും നമുക്ക് പ്രതീക്ഷിക്കാന്‍ വകയുള്ള ഒരുപാട് ഇടങ്ങളുണ്ട്. പുതിയ സാധ്യതകള്‍ക്ക് വേണ്ടി നമ്മള്‍ പര്യവേക്ഷണം നടത്തണമെന്ന് മാത്രം. “വര്‍ക്ക് നിയര്‍ ഹോം’ പദ്ധതികള്‍ക്കുള്ള 50 കോടി അത്തരമൊരു സാധ്യതയാണ്. ഗവേഷണ വികസനങ്ങള്‍ക്ക് വേണ്ടി പ്രത്യേകമായി തയ്യാര്‍ ചെയ്ത ആര്‍ ആന്‍ഡ് ഡി ബജറ്റും സാധ്യതയിലേക്കുള്ള ചവിട്ടു പടിയാണ്. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് വേണ്ടി നീക്കിവെച്ച 80 കോടി അത്തരമൊരു പ്രതീക്ഷയാണ്. നമ്മള്‍ തന്നെ കേരളത്തെ നിര്‍മിക്കുക എന്നതാണ് നമ്മള്‍ കാണേണ്ട ഉത്തരം.

---- facebook comment plugin here -----

Latest