Connect with us

Ongoing News

കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന് നഷ്ടമായി

കോണ്‍ഗ്രസിലെ അഭിപ്രായവ്യത്യാസങ്ങള്‍ മുതലെടുത്താണ് എല്‍ ഡി എഫ് അവിശ്വാസ നോട്ടീസ് നല്‍കിയിരുന്നത്.

Published

|

Last Updated

പത്തനംതിട്ട | കോഴഞ്ചേരി കോയിപ്രം ബ്ലോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണം അവിശ്വാസത്തെ തുടര്‍ന്ന് നഷ്ടപ്പെട്ടു. പ്രസിഡന്റ് ജിജി ജോണ്‍ മാത്യുവിനും വൈസ് പ്രസിഡന്റ് ലാലു തോമസിനുമെതിരെ എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയങ്ങള്‍ പാസായി. 13 അംഗ പഞ്ചായത്ത് കമ്മിറ്റിയില്‍ അവിശ്വാസത്തിന് അനുകൂലമായി ഏഴ് വോട്ടുകള്‍ ലഭിച്ചു. എല്‍ ഡി എഫിലെ ആറുപേരും കോണ്‍ഗ്രസിലെ ഉണ്ണി പ്ലാച്ചേരിയുമാണ് അവിശ്വാസത്തെ അനുകൂലിച്ചത്.

യു ഡി എഫിലെ മറ്റ് ആറംഗങ്ങള്‍ വിട്ടുനിന്നു. അവിശ്വാസ പ്രമേയ ചര്‍ച്ചയിലും വോട്ടെടുപ്പിലും വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ട് യു ഡി എഫ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു. ഇതു മറികടന്നാണ് പ്ലാങ്കമണ്ണില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം ഉണ്ണി പ്ലാച്ചേരി യോഗത്തില്‍ പങ്കെടുത്തത്. രാവിലെ പ്രസിഡന്റിനെതിരെയും ഉച്ചകഴിഞ്ഞ് വൈസ് പ്രസിഡന്റിനെതിരെയുമുള്ള അവിശ്വാസം പരിഗണിച്ചു. പ്രസിഡന്റും വൈസ് പ്രസിഡന്റും പുറത്തായതോടെ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷനാണ് ചുമതല.

കോണ്‍ഗ്രസിലെ അഭിപ്രായവ്യത്യാസങ്ങള്‍ മുതലെടുത്താണ് എല്‍ ഡി എഫ് അവിശ്വാസ നോട്ടീസ് നല്‍കിയിരുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനുശേഷം ഒരു അംഗത്തിന്റെ പിന്തുണയില്‍ ഭരണത്തിലെത്തിയ യു ഡി എഫിനുള്ളില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ക്ക് അവകാശവാദങ്ങള്‍ ഉണ്ടായിരുന്നു. ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളില്‍ മുന്‍ അംഗം കൂടിയായിരുന്ന ഉണ്ണി പ്ലാച്ചേരി വൈസ് പ്രസിഡന്റു സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു. കേരള കോണ്‍ഗ്രസും സ്ഥാനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവകാശവാദങ്ങള്‍ അംഗീകരിക്കാതെ ജിജി ജോണ്‍ മാത്യുവിനെയും ലാലു തോമസിനെയും പ്രസിഡന്റും വൈസ് പ്രസിഡന്റുമാക്കിയതിനെതിരെ അന്നേ മുറുമുറുപ്പുകളുണ്ടായി. ഒരുവര്‍ഷം പിന്നിട്ടതോടെ അസ്വസ്ഥതകള്‍ രൂക്ഷമാകുന്നുവെന്ന് കണ്ടാണ് അവിശ്വാസം കൊണ്ടുവന്നത്.