Kerala
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കീഴ്‌വഴക്കങ്ങളും നടപടിക്രമങ്ങളും പാലിച്ച്; ഇപ്പോഴത്തെ ചര്‍ച്ചകള്‍ അനവസരത്തിലുള്ളത്: സണ്ണി ജോസഫ്
വിവാദ കത്ത് താന്‍ എഴുതിയതല്ലെന്ന് സണ്ണി ജോസഫ് വാര്‍ത്താസമ്മേളനത്തിലും ആവര്‍ത്തിച്ചു.
കല്‍പ്പറ്റ | എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ യുഡിഎഫിന്റെ വിജയപ്രതീക്ഷ ശരിവെക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് പാര്‍ട്ടിയുടെ കൃത്യമായ കീഴ്വഴക്കങ്ങളും നടപടിക്രമങ്ങളും പാലിച്ചായിരിക്കും. നിലവില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന ചര്‍ച്ചകള്‍ അനവസരത്തിലുള്ളതാണെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു
യുഡിഎഫ് നേതൃത്വം കണക്കുകൂട്ടിയത് പോലെ തന്നെയാകും തിരഞ്ഞെടുപ്പ് ഫലം. തദ്ദേശ തെരഞ്ഞെടുപ്പിലെ അനുകൂല ജനവിധിയും രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ഗാരണ്ടികളും യുഡിഎഫിന് വലിയ ആവേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടാന്‍ യുഡിഎഫിന് കഴിഞ്ഞു. പ്രതിപക്ഷ നേതാവ് നയിച്ച ‘പുതുയുഗ യാത്ര’യ്ക്ക് ലഭിച്ച വന്‍ സ്വീകാര്യത ഇതിന് തെളിവാണ്.
വോട്ടര്‍പ്പട്ടിക പരിഷ്‌കരണത്തിലെ അപാകതകള്‍, ഉദ്യോഗസ്ഥരുടെ പക്ഷപാതപരമായ നിലപാടുകള്‍, അക്രമങ്ങള്‍ തുടങ്ങിയ ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചാണ് യുഡിഎഫ് ഈ തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. വിവാദ കത്ത് താന്‍ എഴുതിയതല്ലെന്ന് സണ്ണി ജോസഫ് വാര്‍ത്താസമ്മേളനത്തിലും ആവര്‍ത്തിച്ചു.





