Kerala
തൃശൂരില്‍ പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ സഹോദരനെ ഡിസ്ചാര്‍ജ് ചെയ്തു; പൂര്‍ണ ആരോഗ്യവാനെന്ന് ഡോക്ടര്‍മാര്‍
തനിക്കുവേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി അനോഷ്
കൊച്ചി| തൃശൂര്‍ കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ സഹോദരന്‍ അനോഷിനെ ഡിസ്ചാര്‍ജ് ചെയ്തു. ഇന്ന് വൈകീട്ട നാലരയോടെയാണ് അനോഷിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. ഡോക്ടര്‍മാരും നഴ്‌സുമാരുമുള്‍പ്പെടെ നിരവധി പേര്‍ പൂക്കള്‍ നല്‍കിയാണ് അനോഷിനെ വീട്ടിലേക്ക് യാത്രയാക്കിയത്. തനിക്കുവേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി അനോഷ് പറഞ്ഞു. അനോഷ് പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ രമേഷ് പറഞ്ഞു. ന്യൂറോ സംബന്ധമായ പ്രശ്‌നങ്ങളും ശ്വാസ തടസ്സങ്ങളും പൂര്‍ണ്ണമായി ഭേദമായി.
കഴിഞ്ഞ 19ന് പുലര്‍ച്ചെയാണ് കിടപ്പുമുറിയില്‍ വെച്ച് എട്ടുവയസ്സുകാരന്‍ ആല്‍ജോയെയും മൂത്ത സഹോദരന്‍ അനോഷിനെയും ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പ് കടിച്ചത്. ആല്‍ജോ മരിച്ച വിവരം കഴിഞ്ഞ ദിവസമാണ് അനോഷിനെ അറിയിച്ചത്. ആല്‍ജോയുടെ വേര്‍പാടിന്റെ വേദനയിലും കുടുംബത്തിന് ആശ്വാസമായിരിക്കുകയാണ് അനോഷിന്റെ മടങ്ങിവരവ്. കുട്ടികള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് വീണ്ടും പല പ്രാവശ്യം ശംഖുവരയന്‍ പാമ്പുകളെ കണ്ടെത്തിയിരുന്നു. കല്ലുകെട്ടിയ വീടിന്റെ അടിത്തറയിലെ പൊത്തുകളിലാണ് പാമ്പിന്റെ സാന്നിധ്യമെന്നാണ് വനംവകുപ്പിന്റെ നിഗമനം.




