Connect with us

bjp kerala

ബി ജെ പി ജാഥ നിര്‍ത്തിവച്ചു; ഭയന്നത് അണികളുടെ വികാരത്തെ

സിലിണ്ടര്‍ പുകയുമെന്നു വിലയിരുത്തല്‍

Published

|

Last Updated

കോഴിക്കോട് |  ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്താനിരുന്ന സംസ്ഥാന യാത്ര മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതു കേരളത്തില്‍ ബി ജെ പിക്കെതിരെ നിലനില്‍ക്കുന്ന ജനവികാരം കണക്കിലെടുത്താണെന്നു സൂചന.
കേരളത്തില്‍ പ്രത്യേക ലക്ഷ്യം വച്ചു നീങ്ങുന്ന കേന്ദ്ര നേതൃത്വം, വന്‍ ജനപങ്കാളിത്തം ഇല്ലാതെ ജാഥ നടത്തേണ്ട എന്നാണു നിര്‍ദ്ദേശം നല്‍കിയത്.

പാചക വാതകത്തിന് 50 രൂപ വര്‍ധിപ്പിച്ചത് കേരളത്തില്‍ ബി ജെ പിക്കെതിരെ ശക്തമായ ജനവികാരം സൃഷ്ടിച്ചതായി ഒരു വിഭാഗം കേരള നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. ഗ്യാസ് സബ്‌സിഡി ഇല്ലാതായതിന്റെ പേരിലും ശക്തമായ വികാരം നിലനില്‍ക്കുകയാണ്.
ഇന്ധനവില നൂറു രൂപ കടന്നതോടെ മധ്യവര്‍ഗത്തില്‍ ശക്തമായ അമര്‍ഷം നിലനില്‍ക്കുകയാണ്. എല്‍ പി ജി വില കുത്തനെ ഉയര്‍ത്തിയതോടെ പാര്‍ട്ടിക്കു പിന്നില്‍ അണിനിരന്ന സാധാരണക്കാരും എതിരായിട്ടുണ്ട്.

ജനവികാരം ജാഥാ സ്വീകരണത്തില്‍ പ്രതിഫലിക്കും എന്നതാണ് ജാഥ നിര്‍ത്തിവയ്ക്കാന്‍ കാരണം എന്നാണു വിവരം.

അടുത്ത മാസം നടത്താനിരുന്ന യാത്ര മാറ്റിയത്, സംസ്ഥാനത്ത് ബി ജെ പിക്ക് തിരക്കിട്ട മറ്റു പരിപാടികള്‍ ഉള്ളതിനാലാണെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം. ജനങ്ങളില്‍ വിലക്കയറ്റത്തിന്റെ അമര്‍ഷം അടങ്ങാതെ ജാഥ നടതത്തുന്നതു ഗുണകരമല്ലാത്തതിനാലാണ് കേന്ദ്രനേതൃത്വത്തിന്റെ പച്ചക്കൊടി ലഭിക്കാതിരുന്നതെന്നാണ് വിവരം. ബൂത്തുതലങ്ങളില്‍ പാര്‍ട്ടി അണികളെ സജ്ജമാക്കിയ ശേഷം മതി യാത്ര എന്നു കേന്ദ്രനേതൃത്വം നിര്‍ദ്ദേശം നല്‍കി എന്നാണു വിവരം.

സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ കേരള യാത്രയ്ക്കു പിന്നാലെ ഇരുപതു പാര്‍ലമെന്റ് മണ്ഡലങ്ങളിലൂടെ പദയാത്ര നടത്താനായിരുന്നു കെ സുരേന്ദ്രന്‍ ആലോചിച്ചത്.

കഴിഞ്ഞമാസം ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര നേതൃത്വത്തിനു കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെ പാര്‍ട്ടിയിലെ മറുപക്ഷം ഇപ്പോള്‍ ജാഥ നടത്തിയാല്‍ പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുമെന്നു കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.

ജന ജീവിതം ദുസ്സഹമാക്കുന്ന നിരവധി തീരുമാനങ്ങള്‍ നടപ്പാക്കിയിട്ടും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വരെ പാര്‍ട്ടി പ്രവചിച്ച വിജയങ്ങള്‍ നേടി. ജനങ്ങളെ കൂടെ നിര്‍ത്താനുള്ള തന്ത്രങ്ങള്‍ നടപ്പാക്കുന്നതിന്റെ വിജയമാണിത്. ഇത്തരം തന്ത്രങ്ങള്‍ താഴെ തട്ടില്‍ നടപ്പാക്കണമെന്നാണ് കേന്ദ്രം നിര്‍ദ്ദേശിക്കുന്നത്.

 

ജീവിതച്ചെലവ് താങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ എങ്ങനെയാണു പാചക വാതകത്തിനു വില കുത്തനെ കൂട്ടാന്‍ കേന്ദ്ര സര്‍ക്കാറിനു കഴിഞ്ഞത് എന്ന ചോദ്യം പാര്‍ട്ടി അനുഭാവികള്‍ ഉന്നയിക്കുന്നു. ഇത്തരം ചോദ്യങ്ങള്‍ പാര്‍ട്ടിയില്‍ ഉയരാതിരിക്കാന്‍ സാധാരണയായി മതപരവും വിശ്വാസ പരവുമായി കാര്യങ്ങള്‍ ഉയര്‍ത്തുകയാണ് പതിവ്.

ഓരോ തിരഞ്ഞെടുപ്പും കഴിയുമ്പോള്‍ പൊടുന്നനെ വില ഉയര്‍ത്തുക എന്നതാണ് ബി ജെ പി തന്ത്രം. വടക്കുകിഴക്കന്‍ തിരഞ്ഞെടുപ്പു കഴിഞ്ഞ ഉടനെയായിരുന്നു എല്‍ പി ജി വില കുത്തനെ ഉയര്‍ത്തിയത്. ഇതില്‍ ഒരു വഞ്ചനയില്ലേ എന്നു പാര്‍ട്ടി അനുഭാവികള്‍ ചോദ്യമുയര്‍ത്തുന്നു.

രണ്ടു വര്‍ഷത്തിനുള്ളില്‍ പാചകവാതക വില 382 രൂപ വര്‍ധിപ്പിച്ചപ്പോള്‍ മിണ്ടാതിരുന്ന പാര്‍ട്ടി അനുഭാവികള്‍ ഇപ്പോള്‍ ശബ്ദമുയര്‍ത്തുകയാണ്. ആര്‍ക്കുവേണ്ടിയാണു ഭരണമെന്ന ചോദ്യമാണ് ഇപ്പോള്‍ പാര്‍ട്ടി അഭിമുഖീകരിക്കുന്നത്.

 

വാണിജ്യസിലിണ്ടറിന് 556 രൂപ രണ്ടു വര്‍ഷം കൊണ്ടു കൂട്ടിയതു പാര്‍ട്ടിയില്‍ അണിനിരന്ന ഇടത്തരക്കാരേയും അസംതൃപ്തരാക്കിയിട്ടുണ്ട്.

പാചകവാതക വില 1,100 രൂപ പിന്നിട്ടു കഴിഞ്ഞപ്പോഴാണ് പാര്‍ട്ടിയെ കുഴക്കുന്ന ചോദ്യങ്ങള്‍ വ്യാപകമായത്. സബ്‌സിഡി ആരുമറിയാതെ പിന്‍വലിച്ചതിനെക്കുറിച്ചും നേതാക്കള്‍ക്കു മറുപടി പറയാനാവുന്നില്ല.

ഗാര്‍ഹിക സിലിണ്ടര്‍ മുഴുവന്‍ തുകയും നല്‍കി വാങ്ങാനും പിന്നീട് സബ്‌സിഡി ബാങ്ക് അക്കൗണ്ടില്‍ തരുമെന്നും 2015ല്‍ പറഞ്ഞപ്പോള്‍ തന്നെ ഇതു തട്ടിപ്പാണെന്നു പറഞ്ഞ ഇടതുപക്ഷത്തിന്റെ വാദം ശരിയായില്ലേ എന്ന അണികളുടെ ചോദ്യത്തെയാണു പാര്‍ട്ടി ഇപ്പോള്‍ അഭിമുഖീകരിക്കേണ്ടി വരുന്നത്.

അഞ്ചുകൊല്ലത്തോളം ബാങ്കില്‍ വന്ന സബ്‌സിഡി 2020ല്‍ കോവിഡിന്റെ മറവില്‍ ജനം ദുരിതത്തിലായ കാലത്ത് ഒരറിയിപ്പുമില്ലാതെ പിന്‍വലിച്ചത് ചതിയല്ലേ എന്നാണു സാധാരണക്കാര്‍ ചോദിക്കുന്നത്. സബ്‌സിഡി അവസാനിപ്പിച്ചെങ്കില്‍ സത്യസന്ധമായി അതു പറയാനുള്ള മാന്യതപോലും പാര്‍ട്ടിയോ സര്‍ക്കാറോ കാണിച്ചില്ലെന്നും അണികള്‍ കുറ്റപ്പെടുത്തുന്നു.

ഒരു കാരണവും പറയാതെയാണ് ഇത്തവണ വില വര്‍ധിപ്പിച്ചത്. ഇതുവരെ വില ഉയര്‍ത്തുമ്പോള്‍ പറഞ്ഞത് രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയില്‍ വിലക്കയറ്റമായിരുന്നു. ഇപ്പോള്‍ ക്രൂഡ് വില കുറഞ്ഞു നില്‍ക്കുകയല്ലേ എന്ന പാര്‍ട്ടി അനുഭാവികളുടെ ചോദ്യത്തിന് നേതാക്കള്‍ക്ക് ഉത്തരമില്ല.

രാജ്യാന്തര വിപണിയേക്കാള്‍ കുറഞ്ഞ വിലക്കല്ലേ ഇപ്പോള്‍ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതെന്നു ജനം ചോദിക്കുന്നു. രാജ്യത്ത് എണ്ണ ഇറക്കുമതിയുടെ 40 ശതമാനവും റഷ്യയില്‍ നിന്നാണ്. കഴിഞ്ഞ മേയില്‍ വീട്ടാവശ്യത്തിനുള്ള സിലിണ്ടര്‍ വില ആയിരം കടന്നപ്പോള്‍ ക്രൂഡ് വില 100- 115 ഡോളര്‍ ആയിരുന്നു. ഇപ്പോള്‍ 60-80 ഡോളറിലും താഴെ നില്‍ക്കുമ്പോഴാണ് 50 രൂപ കയറ്റിയത്. ജനങ്ങളെ പിഴിഞ്ഞുകൊണ്ട് ആര്‍ക്കാണ് ലാഭമുണ്ടാക്കുന്നത് എന്ന ചോദ്യത്തിന് നേതാക്കള്‍ക്ക് ഉത്തരം നല്‍കാനാവുന്നില്ല.

 

ബി ജെ പി കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍ കേരളത്തില്‍ ക്യാമ്പ് ചെയ്തു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. ഒരു സീറ്റുപോലുമില്ലാതിരുന്ന ത്രിപുരയില്‍ 2018ല്‍ ഭരണം പിടിച്ചത് ഇങ്ങനെ കേന്ദ്ര നേതാക്കള്‍ ക്യാമ്പ് ചെയ്തു തന്ത്രങ്ങള്‍ മെനഞ്ഞായിരുന്നു. കേരളത്തിനു വേണ്ടി നിരവധി പ്രോജക്ടുകളാണ് കേന്ദ്ര നേതൃത്വം തയ്യാറാക്കിയത്.

കേരളത്തിലെ 13 മുതല്‍ 20 ശതമാനം വരെ വോട്ടാണ് ബി ജെ പിക്കുള്ളത്. കേരളത്തില്‍ രണ്ടുമുന്നണികള്‍ ശക്തമായതിനാല്‍ ഇതിനിടയില്‍ കാലുറപ്പിക്കാന്‍ കഴിയുന്നില്ല എന്നതാണു ബി ജെ പിയുടെ പ്രശ്‌നം. ത്രിപുരയില്‍ ഗോത്ര പാര്‍ട്ടിയെ ഉപയോഗിച്ചും പശ്ചിമ ബംഗാളില്‍ തൃണമൂലിനു പിന്‍തുണ നല്‍കിയുമാണു സി പി എമ്മിനെ തകര്‍ത്തത്. ഇത്തരം തന്ത്രം തന്നെയാണു കേരളത്തിലും മെനയുന്നത്.

തിരഞ്ഞെടുപ്പു കണക്കിലെടുത്തി 51 തവണയാണു പ്രധാനമന്ത്രി നരേന്ദ്രമോദി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ എത്തിയത്. അടുത്തത് കേരളമാണ് എന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചപ്പോള്‍ ഇരു മുന്നണികളും അതിനെ എതിര്‍ത്തെങ്കിലും കേരളത്തില്‍ ബി ജെ പി അതിനുള്ള തന്ത്രങ്ങള്‍ മെനയുകയാണ്.

ഇതിനിടെ സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന ജാഥയില്‍ ആളില്ലാതാവുന്നത് തുടക്കം പാളുമെന്നാണു നേതൃത്വം കരുതുന്നത്.

 

 

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest