Connect with us

National

ദേശീയ തലത്തിൽ സർക്കാർ ഡോക്ടർമാരുടെ അസോസിയേഷൻ നിലവിൽ വന്നു

കെജിഎംസിടിഎ സംസ്ഥാന സെക്രട്ടറി ഡോ.റോസ്നാരാ ബീ​ഗം ദേശീയ എക്സിക്യൂട്ടീവ് അം​ഗം

Published

|

Last Updated

തിരുവനന്തപുരം | ദേശീയ തലത്തിൽ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ഗവൺമെന്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ (AIFGDA) രൂപീകരിച്ചു. മുംബൈയിലെ ബാന്ദ്രയിൽ ഓ​ഗസ്റ്റ് 25,26,27 തീയതികളിൽ ചേർന്ന സെൻട്രൽ ജനറൽ കൗൺസിലിൽ 26 സംസ്ഥാനങ്ങളിൽ നിന്നുള്ള അസോസിയേഷനുകളുടെ നേതാക്കൾ പങ്കെടുത്തു. സർക്കാർ മേഖലയിലെ ഡോക്ടർമാർ നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ട് വരുന്നതിനും, ആരോ​ഗ്യ മേഖലയിൽ കാലാനുസൃതമായ മാറ്റം സ്വീകരിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതിനുമാണ് സംഘടനാ രൂപീകരണം.

മഹാരാഷ്ട്രയിലെ ആരോഗ്യമന്ത്രി ഡോ. തനാജിറാവു സാവന്ത് യോഗം ഉദ്ഘാടനം ചെയ്തു. പുതിയ ദേശീയ എക്‌സിക്യൂട്ടീവ് ബോഡി രൂപീകരിക്കുകയും ഡോ രാജേഷ് ഗൈക്‌വാദിനെ ദേശീയ പ്രസിഡന്റായി ഏകകണ്ഠമായി തിരഞ്ഞെടുക്കുകയും ചെയ്തു. കേരളത്തിൽ നിന്നുള്ള സർക്കാർ മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഡോ. റോസ്നാരാ ബീ​ഗത്തെ ദേശീയ എക്സിക്യൂട്ട് അം​ഗമായി തിരഞ്ഞെടുത്തു.

രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ രം​ഗം ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങളും, കേരളത്തിലെ ഡോക്ടർമാർക്കും, ആരോ​ഗ്യ ജീവനക്കാർക്ക് നേരെയും നടക്കുന്ന ആക്രമണങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഡോ. റോസ്നാരാ ബീ​ഗം യോ​ഗത്തിൽ ചർച്ച ചെയ്തു. മാറുന്ന കാലഘട്ടത്തിൽ മെഡിക്കൽ വിദ്യാഭ്യാസ രം​ഗത്തെ പ്രശ്നങ്ങൾ ദേശീയ തലത്തിൽ അവതരിപ്പിച്ച് വേണ്ട മാറ്റം കൊണ്ട് വരാൻ ഇത്തരത്തിലുള്ള അസോസിയേഷൻ ആവശ്യമാണെന്നും അവർ പറഞ്ഞു.

കെ ജി എം സി ടി യിൽ നിന്നും ഡോ റോസ്നാരാ ബീഗവും, സിഇസി അംഗവുമായ ഡോ അബ്ദുൾ അസ്ലം പിയുമാണ് യോ​ഗത്തിൽ പങ്കെടുത്തത്.