National
ബിഹാറില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് കുടുംബത്തിലെ നാല് പേര്‍ മരിച്ചു
സ്വന്തം വീട്ടിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്
പാറ്റ്‌ന | ബിഹാറില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷ വാതകം ശ്വസിച്ച് നാല് പേര്‍ മരിച്ചു. സീതാമര്‍ഹി ജില്ലയിലെ ബോഖ്റ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കുര്‍ഹാര്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം ആറോടെയാണ് ദാരുണ സംഭവം നടന്നത്.
രാജീവ് സാഹ്നി, കൃഷ്ണ കുമാര്‍, രവീന്ദ്ര സാഹ്നി, വിനയ് സാഹ്നി എന്നിവരാണ് മരിച്ചത്. ഇവര്‍ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. സ്വന്തം വീട്ടിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ച് ഇവര്‍ അബോധാവസ്ഥയിലാവുകയായിരുന്നു.
ഗ്രാമവാസികള്‍ ഉടന്‍ തന്നെ ഇവരെ പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാല് പേരും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
സെപ്റ്റിക് ടാങ്കിനുള്ളില്‍ വ്യാജമദ്യം നിര്‍മ്മിച്ചിരുന്നു എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ പോലീസ് തള്ളി. ഇത്തരം ആരോപണങ്ങള്‍ വസ്തുതയ്ക്ക് നിരക്കാത്തതാണെന്ന് ബോഖ്റ പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് സുരേന്ദ്ര കുമാര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ച വൈശാലി ജില്ലയിലും സമാനമായ രീതിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മരിച്ചിരുന്നു.






