Connect with us

srilanka crisis

അദാനി ഗ്രൂപ്പും ശ്രീലങ്കയിലെ സമരവും

സ്വന്തം സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് മോദി സര്‍ക്കാര്‍ സാമ്പത്തിക നയം രൂപപ്പെടുത്തുന്നതെന്ന വിമര്‍ശം ഇന്ത്യയിലെ പ്രതിപക്ഷം നിരന്തരം ഉയര്‍ത്തുന്നതാണ്. വിദേശ രാജ്യങ്ങളിലും ഇതേ സുഹൃത്തുക്കള്‍ക്ക് വേണ്ടി സമ്മര്‍ദം ചെലുത്തുന്നുവെങ്കില്‍ തികച്ചും അപലപനീയമാണത്.

Published

|

Last Updated

യല്‍ രാജ്യമായ ശ്രീലങ്കയില്‍ ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ ഗൗതം അദാനിക്കെതിരെ ശക്തമായ സമരം നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും ഉയരുന്നുണ്ട് ലങ്കന്‍ തെരുവുകളില്‍. ശ്രീലങ്കയുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ മോദി വഴിവിട്ട് ഇടപെടുന്നുവെന്നും നിര്‍മാണ കരാറുകള്‍ ചട്ടം ലംഘിച്ച് അദാനി ഗ്രൂപ്പിന് വാങ്ങിക്കൊടുക്കുന്നുവെന്നുമാണ് പ്രക്ഷോഭകര്‍ ഉന്നയിക്കുന്ന പരാതി. “സ്റ്റോപ് അദാനി’ എന്ന ഹാഷ്ടാഗില്‍ പതിനായിരക്കണക്കിന് ശ്രീലങ്കന്‍ യുവാക്കളാണ് അണിനിരക്കുന്നത്.

ദ്വീപ് രാഷ്ട്രത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് ഒരയവും വന്നിട്ടില്ല. അവിടെ മഹിന്ദാ രാജപക്‌സേയെ മാറ്റി കൂടുതല്‍ സ്വീകാര്യതയുള്ള റനില്‍ വിക്രമസിംഗെയെ പ്രധാനമന്ത്രി സ്ഥാനത്ത് കൊണ്ടുവരികയും ഭരണത്തലപ്പത്ത് വലിയ അഴിച്ചു പണികള്‍ നടത്തുകയും ചെയ്തിരുന്നു. വിദേശനാണ്യ പ്രതിസന്ധി പരിഹരിക്കാന്‍ ഐ എം എഫില്‍ നിന്ന് വായ്പക്ക് കൊണ്ടുപിടിച്ച ശ്രമം നടക്കുന്നുണ്ട്. പക്ഷേ, ഐ എം എഫ് നിഷ്‌കര്‍ഷിക്കുന്ന ഘടനാപരമായ മാറ്റങ്ങള്‍ ദ്വീപ് രാഷ്ട്രത്തിന് താങ്ങാവുന്നതിലപ്പുറമാണ്. ഈ സാഹചര്യത്തില്‍ ഇറക്കുമതി പ്രതിസന്ധി അതേ പടി തുടരുകയാണ്. ഇതിന്റെ കെടുതി ഏറ്റവും ഗൗരവത്തില്‍ അനുഭവപ്പെടുന്നത് ഇന്ധന മേഖലയിലാണ്. പെട്രോള്‍ പമ്പുകള്‍ക്ക് മുമ്പിലെ ക്യൂ ഒരു ക്രമസമാധാന പ്രശ്‌നമായി മാറിയിട്ടുണ്ട്. പലയിടത്തും സംഘര്‍ഷം നിയന്ത്രിക്കാന്‍ സൈന്യമിറങ്ങി തോക്കെടുക്കേണ്ട സ്ഥിതി വന്നു. ഇതിനിടെ പ്രസിഡന്റ് ഗൊതാബയ രാജപക്‌സേയുടെ രാജിയാവശ്യപ്പെട്ടുള്ള സമരം അതിശക്തമായി തുടരുകയാണ്. ഈ ജനകീയ മുന്നേറ്റത്തിന് അനുബന്ധമായി ശക്തിയാര്‍ജിക്കുന്ന പ്രക്ഷോഭത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും അദ്ദേഹത്തിന് അദാനി ഗ്രൂപ്പുമായുള്ള ബന്ധവും വിഷയീഭവിക്കുന്നുവെന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. അയല്‍ രാജ്യത്തെ പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ അര്‍ഥവത്തായ നീക്കങ്ങള്‍ നടത്തിയിരുന്നു ഇന്ത്യ. പലതവണ ഭക്ഷണവും ഔഷധവും ഇന്ത്യ അയച്ചു കൊടുത്തു. സാമ്പത്തിക സഹായവും നല്‍കി. എന്നിട്ടും ഇന്ത്യന്‍ ഭരണാധികാരിയെ ശ്രീലങ്കന്‍ ജനത സംശയത്തോടെ കാണുന്നുവെങ്കില്‍ അതിനകത്ത് എന്താണെന്ന് അന്വേഷിക്കേണ്ടതാണല്ലോ.

രാമേശ്വരവുമായി അടുത്തുകിടക്കുന്ന ശ്രീലങ്കയിലെ വടക്കു കിഴക്കന്‍ മാന്നാറില്‍ 500 മെഗാവാട്ടിന്റെ കാറ്റാടിപ്പാടം നിര്‍മിക്കാനാണ് അദാനി ഗ്രൂപ്പ് ഏറ്റവും ഒടുവില്‍ കരാര്‍ നേടിയത്. കൊളംബോ തുറമുഖത്ത് വെസ്റ്റ് ഇന്റര്‍നാഷനല്‍ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ നിര്‍മിക്കാനും നടത്തിപ്പിനുമുള്ള കരാര്‍ നേരത്തേ അദാനി ഗ്രൂപ്പ് നേടിയിരുന്നു. തന്ത്രപ്രധാന മേഖലയിലെ കരാര്‍ ഇന്ത്യന്‍ കമ്പനിക്കു നല്‍കാന്‍ പ്രധാനമന്ത്രി മോദി ലങ്കന്‍ പ്രസിഡന്റിനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്ന വെളിപ്പെടുത്തലാണു പ്രതിഷേധങ്ങള്‍ക്കു കാരണം. വെളിപ്പെടുത്തല്‍ നടത്തിയത് ചില്ലറക്കാരനല്ല. സിലോണ്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എം എം സി ഫെര്‍ഡിനാന്‍ഡോയാണ് അന്തര്‍ നാടകങ്ങള്‍ പുറത്ത് വിട്ടത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി അന്വേഷിക്കാന്‍ നിയോഗിച്ച പാര്‍ലിമെന്ററി സമിതിക്ക് മുമ്പാകെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ഉന്നയിച്ചത് എന്നതും പ്രധാനമാണ്. പ്രസിഡന്റ് ഗൊതാബയ ഈ വെളിപ്പെടുത്തലിനോട് രൂക്ഷമായാണ് പ്രതികരിച്ചത്. കളവ് പറഞ്ഞ് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തരുതെന്നും രാജ്യതാത്പര്യം മുന്‍ നിര്‍ത്തിയാണ് എല്ലാം ചെയ്തതെന്നും പ്രസിഡന്റ് വിശദീകരിച്ചു. അതോടെ ഫെര്‍ഡിനാന്‍ഡോക്ക് ചെയര്‍മാന്‍ സ്ഥാനം ഉപേക്ഷിക്കേണ്ടി വന്നു, എന്നുവെച്ചാല്‍ പുറത്താക്കി.

ഇതോടെ രാജ്യവ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ആയിരക്കണക്കിനാളുകള്‍ കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിലേക്കു മാര്‍ച്ച് നടത്തി. ലങ്കയുടെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായി ഇന്ത്യ ഇടപെടുന്നുവെന്ന വികാരം ശക്തമാണ്. ലങ്കന്‍ പ്രധാനമന്ത്രിയായിരുന്ന മഹിന്ദാ രാജപക്‌സേയും ഇപ്പോഴും അധികാരത്തില്‍ കടിച്ചു തൂങ്ങി നില്‍ക്കുന്ന പ്രസിഡന്റ് ഗൊതാബയ രാജപക്‌സേയും ചൈനയടക്കമുള്ള രാജ്യങ്ങളുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതെന്ന ആക്ഷേപം നിലനില്‍ക്കെയാണ് അദാനിക്കായി ഇന്ത്യന്‍ പ്രധാനമന്ത്രി സമ്മര്‍ദം ചെലുത്തിയെന്ന വെളിപ്പെടുത്തല്‍ വരുന്നത്. ഇതു സംബന്ധിച്ച് 2021 നവംബറില്‍ ധനമന്ത്രാലയത്തിന് ഫെര്‍ഡിനാന്‍ഡോ അയച്ച കത്തും പുറത്തു വന്നിട്ടുണ്ട്. ഇന്ത്യ, ശ്രീലങ്ക സര്‍ക്കാറുകള്‍ തമ്മിലുള്ള ധാരണ പ്രകാരമാണ് അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കുന്നതെന്ന് ഈ കത്തില്‍ പറയുന്നു. കാറ്റില്‍ നിന്നും സൂര്യപ്രകാശത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനായി മാന്നാറിലും പുനാരിനിലും തുടങ്ങുന്ന പദ്ധതി അദാനി ഗ്രീന്‍ എനര്‍ജിക്ക് നല്‍കാന്‍ പ്രസിഡന്റ് ഗൊതാബയ രാജപക്‌സേ നേരിട്ട് നിര്‍ദേശിച്ചുവെന്നും കത്തില്‍ പറയുന്നു. ഇത് സര്‍ക്കാറുകള്‍ തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലുള്ള പ്രപ്പോസലാണെന്ന പ്രതീതിയാണ് ഗൊതാബയയുടെ നിര്‍ദേശം ഉണ്ടാക്കിയതെന്നും അതനുസരിച്ചുള്ള ഇളവുകളും ഉദാര സമീപനവും നല്‍കുകയും ചെയ്തുവെന്നും ഫെര്‍ഡിനാന്‍ഡോ ആരോപിക്കുന്നു.

പ്രോജക്ട് അദാനിക്ക് നല്‍കാന്‍ നരേന്ദ്ര മോദി സമ്മര്‍ദം ചെലുത്തുന്നുവെന്ന് ഗൊതാബയ പറഞ്ഞപ്പോള്‍ അത് സി ഇ ബിയുടെ ബോര്‍ഡ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റല്ലേ തീരുമാനിക്കേണ്ടതെന്ന് താന്‍ ചോദിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. പ്രസിഡന്റ് സമ്മര്‍ദം തുടര്‍ന്നപ്പോഴാണ് താന്‍ ധനമന്ത്രാലയത്തിന് കത്തെഴുതിയതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഊര്‍ജ പദ്ധതികള്‍ക്ക് മത്സര ടെന്‍ഡര്‍ വേണ്ടതില്ലെന്ന രാജപക്‌സേ സര്‍ക്കാറിന്റെ തീരുമാനം കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ ആര്‍ക്കും കള്ളക്കളി വ്യക്തമാകുമെന്ന് പ്രക്ഷോഭകര്‍ പറയുന്നു. യാതൊരു മാനദണ്ഡവും കൂടാതെ വിദേശ കമ്പനികള്‍ക്ക് കരാര്‍ നല്‍കുകയാണ്. ഇത്രയെല്ലാം തിരിച്ചടികള്‍ നേരിട്ടിട്ടും പാഠം പഠിക്കുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ലങ്കയുടെ ആവശ്യം പരിഗണിച്ചാണ് നിക്ഷേപത്തിനു തയ്യാറായതെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗമാണ് പദ്ധതിയെന്നും അദാനി ഗ്രൂപ്പ് പ്രതികരിക്കുന്നു.

സ്വന്തം സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് മോദി സര്‍ക്കാര്‍ സാമ്പത്തിക നയം രൂപപ്പെടുത്തുന്നതെന്ന വിമര്‍ശം ഇന്ത്യയിലെ പ്രതിപക്ഷം നിരന്തരം ഉയര്‍ത്തുന്നതാണ്. വിദേശ രാജ്യങ്ങളിലും ഇതേ സുഹൃത്തുക്കള്‍ക്ക് വേണ്ടി സമ്മര്‍ദം ചെലുത്തുന്നുവെങ്കില്‍ തികച്ചും അപലപനീയമാണത്. ഈ കരാറിന്റെ യാഥാര്‍ഥ്യം പുറത്തുവരേണ്ടതാകുന്നു. നമ്മുടെ പ്രധാനമന്ത്രിക്കെതിരെ അയല്‍ രാജ്യത്തെ ജനാധിപത്യ പ്രക്ഷോഭകര്‍ മുദ്രാവാക്യം മുഴക്കുന്നത് നമുക്ക് ഭൂഷണമല്ലല്ലോ.