Connect with us

Cover Story

ജീവന്റെ വിലയുള്ള ആ ചുംബനം

വൃദ്ധനും മുക്കുവനുമായ സാന്തിയാഗോ മീന്‍പിടിക്കുന്നതിനിടെ അരങ്ങേറുന്ന സാഹസങ്ങളും ഒരുപാട് ത്യാഗങ്ങള്‍ സഹിച്ച് അതുവരെ ആര്‍ക്കും ലഭിക്കാത്ത ഭീമാകാരമായ മാർലിൻ മത്സ്യത്തെ അവസാനഘട്ടത്തിൽ കരയിലെത്തിക്കുന്നതുമാണ് "കിഴവനും കടലും' (The old man and the sea) എന്ന കൃതിയിലെ ഇതിവൃത്തം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സാഹസികതയുടെ പാഠങ്ങൾ പങ്ക് വെക്കുന്നതിനൊപ്പം നാടകീയ മുഹൂര്‍ത്തങ്ങളും വരച്ചുകാട്ടുന്നു. നിസ്സാര കാര്യങ്ങളില്‍ തളര്‍ന്ന് പിന്മാറുന്ന മനുഷ്യര്‍ക്ക് മനോഹരമായ ജീവിതപാഠമാണ് ഹെമിംഗ് വേ നോവലിലൂടെ നൽകുന്നത്. ഇത് അനുസ്മരിപ്പിക്കും വിധത്തിലുള്ള സംഭവങ്ങളാണ് മലമ്പുഴ കുന്പാച്ചി മലയിടുക്കില്‍ 45 മണിക്കൂറോളം കഴിഞ്ഞ ഇരുപത്തിമൂന്നുകാരനായ ബാബുവും രക്ഷാദൗത്യം ഏറ്റെടുത്ത സൈന്യവും നമ്മുടെ മുമ്പില്‍ നേര്‍സാക്ഷ്യമായി കാണിച്ചുതരുന്നത്.

Published

|

Last Updated

“ഒരു മനുഷ്യനെ നശിപ്പിക്കാം, പക്ഷേ, പരാജയപ്പെടുത്താനാകില്ല.’ നൊബേല്‍ സമ്മാനാര്‍ഹനായ അമേരിക്കന്‍ എഴുത്തുകാരൻ എണസ്റ്റ് ഹെമിംഗ്്വേയുടെ മാസ്റ്റര്‍ പീസ് നോവലായ “കിഴവനും കടലും’ (The old man and the sea) എന്ന കൃതിയിലെ നായകന്‍ പറയുന്ന വാചകമാണിത്. വൃദ്ധനും മുക്കുവനുമായ സാന്തിയാഗോ കടലുമായി ബന്ധപ്പെട്ട് ഉപജീവനത്തിനായി മീന്‍പിടിക്കുന്നതിനിടെ അരങ്ങേറുന്ന സാഹസങ്ങളും ഒരുപാട് ത്യാഗങ്ങള്‍ സഹിച്ച് അതുവരെ ആര്‍ക്കും ലഭിക്കാത്ത ഭീമാകാരമായ മാർലിൻ മത്സ്യത്തെ അവസാനഘട്ടത്തിൽ കരയിലെത്തിക്കുന്നതുമാണ് ഇതിവൃത്തം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സാഹസികതയുടെ പാഠങ്ങൾ പങ്ക് വെക്കുന്നതിനൊപ്പം നാടകീയ മുഹൂര്‍ത്തങ്ങളും വരച്ചുകാട്ടുന്നു. നിസ്സാര കാര്യങ്ങളില്‍ തളര്‍ന്ന് പിന്‍മാറുന്ന മനുഷ്യര്‍ക്ക് മനോഹരമായ ജീവിതപാഠമാണ് ഹെമിംഗ് വേ നോവലിലൂടെ നൽകുന്നത്. ഇത് അനുസ്മരിപ്പിക്കും വിധത്തിലുള്ള സംഭവങ്ങളാണ് മലമ്പുഴ കുന്പാച്ചി മലയിടുക്കില്‍ 45 മണിക്കൂറോളം കഴിഞ്ഞ ഇരുപത്തിമൂന്നുകാരനായ ബാബുവും രക്ഷാദൗത്യം ഏറ്റെടുത്ത സൈന്യവും നമ്മുടെ മുമ്പില്‍ നേര്‍സാക്ഷ്യമായി കാണിച്ചുതരുന്നത്.

ഉദ്വേഗത്തിന്റെ
ആ മണിക്കൂറുകൾ…

സമുദ്ര നിരപ്പില്‍ നിന്ന് 1000 മീറ്റര്‍ ഉയരമുള്ള കുന്പാച്ചിമല, പകല്‍പോലും ആളനക്കമില്ലാത്ത മലയടിവാരത്തില്‍ സന്ധ്യമയങ്ങിയാല്‍ ഇരുളും മഞ്ഞും നിറയുന്നതിനൊപ്പം കാട്ടാനക്കൂട്ടവും കരടികളും വിഷപ്പാമ്പും പുലിയുമെല്ലാം സ്വൈരവിഹാരം നടത്തുന്ന കേന്ദ്രമാണ്. കാര്‍ഗില്‍ മലനിരകളെ അനുസ്മരിപ്പിക്കും വിധം ചെങ്കുത്തായ മലനിര. ഇത്രയും ഭീകരാവസ്ഥ താണ്ഡവമാടുന്ന മലമുകളിലെ പാറയിടുക്കിലാണ് 23കാരനായ ചെറാട് സ്വദേശി ബാബു അകപ്പെട്ടത്. മലയോരത്തെ പാറകള്‍ക്കിടയിലുള്ള ഇടനാഴിയില്‍ കുടുങ്ങിയ ബാബു അനങ്ങാനാകാതെ സഹായത്തിനായി നിലവിളിച്ചുകൊണ്ടിരിക്കുമ്പോഴും പോലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്താന്‍ കഠിനപ്രയത്നം നടത്തിയെങ്കിലും എല്ലാ ശ്രമങ്ങളും പാഴാകുകയായിരുന്നു. ഡ്രോണ്‍ ഉപയോഗിച്ച് ഭക്ഷണവും വെള്ളവും നല്‍കാനുള്ള ശ്രമവും വിജയിച്ചില്ല. നാവിക സേനാംഗങ്ങള്‍ കയര്‍ ഉപയോഗിച്ച് ബാബുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടതോടെ സംസ്ഥാന സര്‍ക്കാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സഹായം തേടുകയായിരുന്നു.

വെല്ലിംഗ്ടണില്‍ നിന്നും ബെംഗളൂരുവില്‍ നിന്നും കരസേനാംഗങ്ങള്‍ വായുവേഗത്തില്‍ മലമ്പുഴയിലേക്ക് കുതിച്ചു. കേണല്‍ ശേഖര്‍ അത്രിയുടെയും മലയാളിയായ ലെഫ്. കേണല്‍ ഹേമന്ദ് രാജിന്റെയും നേതൃത്വത്തിലുള്ള ഏഴംഗസംഘം എത്തിയെങ്കിലും പാറയിടുക്കില്‍ നിന്ന് ബാബുവിനെ ജീവനോടെ രക്ഷിക്കാമെന്ന ആശങ്കക്ക് വിരാമമായില്ല. സൈന്യം വന്നതോടെ ജനങ്ങളിലെ പ്രതീക്ഷകള്‍ക്ക് ചിറക് മുളച്ചെങ്കിലും ദൗത്യസംഘത്തിന് വെല്ലുവിളികളേറെയായിരുന്നു. പ്രതികൂലവും വന്യമൃഗങ്ങളെ നേരിട്ട് ബാബുവിന്റെ അടുത്തെത്തുക എന്ന ദുഷ്‌കരാവസ്ഥയെക്കുറിച്ചുമോര്‍ത്ത് ആദ്യം പതറിയെങ്കിലും മഞ്ഞുമലകളിലും ദുര്‍ഘട പര്‍വതങ്ങളിലും ഉപയോഗിച്ച സമാനമായ യുദ്ധമുറകളെ പോലെ മനസ്സിനെ പാകപ്പെടുത്തിയതോടെ എല്ലാം ഞൊടിയിടയിലാണ് സംഭവിച്ചത്. ആദ്യം ഡ്രോണിന്റെ സഹായത്തോടെ ബാബു അകപ്പെട്ടയിടം കണ്ടെത്തി. എവറസ്റ്റിലും സിയാച്ചിൽ മലനിരകളിലും പ്രത്യേക പരിശീലനം ലഭിച്ച കൂനൂര്‍ വെല്ലിംഗ്ടണിലെ എം ആര്‍ സിയില്‍ നിന്നെത്തിയ ബി ബാലകൃഷ്ണനെന്ന ബാലു കയറിലൂടെ ആയിരം അടി ഉയരമുള്ള മലമുകളില്‍ നിന്ന് 600 മീറ്റര്‍ താഴെയുള്ള പാറയിടുക്കില്‍ അകപ്പെട്ട ബാബുവിന് ഭക്ഷണവും വെള്ളവും എത്തിക്കുകയായിരുന്നു ആദ്യം ചെയ്തത്. അത് വിജയകരമായ പരിസമാപ്തിയായി. രണ്ട് ദിവസത്തിലേറെ ഭക്ഷണവും വെള്ളവും ലഭിക്കാതെ പാറയിടുക്കില്‍ കഴിയുന്ന ബാബുവിനാകട്ടെ ദാഹജലം കിട്ടിയതോടെ മനസ്സിലുണ്ടായ വികാരം യുദ്ധഭൂമിയില്‍ ശത്രുക്കള്‍ പരാജയപ്പെടുമ്പോൾ സൈനികനുണ്ടാകുന്ന അനുഭവമാണ്. തുടര്‍ന്ന് ബാലകൃഷ്ണന്‍ തന്നെ ബാബുവിനെ കയറിന്റെ സഹായത്തോടെ മലമുകളിലെത്തിച്ചപ്പോള്‍ യുദ്ധം ജയിച്ച പ്രതീതിയും.

ചരിത്രദൗത്യത്തിലെ ചാരിതാർഥ്യം

ഇന്ത്യന്‍ സൈന്യം പ്രളയകാലത്തും ഉരുള്‍പൊട്ടല്‍ സമയത്തും പ്രതിരോധ പ്രവര്‍ത്തനത്തിന് വന്നെങ്കിലും കേരളചരിത്രത്തിലാദ്യയാണ് ഇത്തരമൊരു ദൗത്യം ഏറ്റെടുക്കുന്നത്. യുദ്ധഭൂമിയില്‍ ചെറിയൊരു പാളിച്ച പറ്റിയാൽ തോല്‍വി ഏറ്റുവാങ്ങേണ്ടി വരും. ഇവിടെയും ചെറിയൊരു പാളിച്ച പറ്റിയാല്‍ ഒരു ജീവന്‍ നഷ്ടപ്പെടാനും ഇത് മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾക്ക് പഴി കേള്‍ക്കേണ്ടിയും വരും. അതെല്ലാം അതിജീവിച്ച് രക്ഷപ്പെടുത്തി മലമുകളില്‍ എത്തിച്ചതോടെ ജീവന്‍ തിരിച്ചുകിട്ടിയെന്ന ആഹ്ലാദത്തില്‍ ബാബുവിന്റെ കണ്ഠത്തില്‍ നിന്ന് ആദ്യം ഉയര്‍ന്നത് ജയ് ജവാന്‍ എന്നാണ്. അതോടൊപ്പം തന്നെ രക്ഷിച്ച സൈനികര്‍ക്ക് നല്‍കിയ ചുംബനം ജീവന്‍ തിരിച്ചുനല്‍കിയതിനുള്ള ആദരവും. രണ്ട് ദിവസത്തോളം പ്രതീക്ഷയറ്റ് മലയോരത്ത് കാത്തിരുന്ന മകനെ തിരിച്ചുനല്‍കിയതോടെ മാതാവ് റഷീദയുടെ കണ്ണുകളിൽ തിളക്കം. ഇങ്ങനെ സമാനതകളില്ലാത്ത ഒരു ചെറുത്തുനില്‍പ്പിന്റെ ദൗത്യവും ഇതുവരെ അനുഭവിക്കേണ്ടിവന്നിട്ടില്ലെന്ന് ഇന്ത്യന്‍ സൈന്യം സാക്ഷ്യപ്പെടുത്തുന്നു.
ബാബുവിനെ രക്ഷിച്ചതോടെ സൈന്യം അഭിമാനകരമായ നേട്ടം കൈവരിച്ചെങ്കിലും നമുക്ക് ഒരുപാട് പാഠവും ഈ കുമ്പാച്ചി ഓപറേഷന്‍ നല്‍കുന്നുണ്ട്. മുന്നൊരുക്കമില്ലാതെ കുട്ടികളുടെ ഇത്തരം സാഹസിക കൃത്യങ്ങൾ നമുക്കുണ്ടാക്കുന്ന നഷ്ടങ്ങള്‍ ഏറെയാണെന്നതും അതോടൊപ്പം സംസ്ഥാന ദുരന്തനിവാരണ സംവിധാന രംഗം മെച്ചപ്പെടുത്തേണ്ട കാര്യങ്ങളും ഓർമപ്പെടുത്തുന്നു. ഇതെല്ലാം പരിഹരിക്കാനുള്ള ചൂണ്ടുവിരലാകട്ടെ കുന്പാച്ചിമല സംഭവം.

അപകടം പതിയിരിക്കുന്ന കുമ്പാച്ചിമല

സമുദ്രനിരപ്പില്‍ നിന്ന് ആയിരം മീറ്റര്‍ ഉയരത്തില്‍, കൂര്‍ത്ത പാറകളും ചെങ്കുത്തായ കുന്നുകളും നിറഞ്ഞതാണ് ഈ മല. കുന്പാച്ചിമല എന്നതാണ് യഥാര്‍ഥ പേര്. നാട്ടുകാരുടെ വിളിപ്പേരെന്ന നിലയിൽ ഇപ്പോള്‍ കുറുന്പാച്ചിമലയായി. മരങ്ങള്‍ വളരെ കുറവായതിനാല്‍ മഴക്കാലത്ത് പോലും പച്ചപ്പില്ലാത്ത മലനിര. പകല്‍ വന്‍ചൂട്. രാത്രി അതിശൈത്യം. വാളയാര്‍ റേഞ്ച് പരിധിയിലെ അകത്തേത്തറ വനം സെക്്ഷന് കീഴില്‍ മലമ്പുഴ പഞ്ചായത്തിന്റെ 13ാം വാര്‍ഡിലുള്ള കടുക്കാംകുന്ന് നിക്ഷിപ്ത വനമേഖലയുടെ ഭാഗമാണ്. നിയന്ത്രിതമായി വനം വകുപ്പ് അനുമതി നല്‍കുന്നതൊഴിച്ചാല്‍ മലമുകളിലേക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്.

സാഹസികതയുടെ തോഴൻ

പത്താം ക്ലാസ് പഠിത്തം നിര്‍ത്തിയ 23കാരനായ ബാബുവിന് യാത്രയും സാഹസികതയും ഇഷ്ടവിനോദമാണ്. പലപ്പോഴും സൃഹൃത്തുക്കള്‍ക്കൊപ്പം സാഹസിക യാത്ര നടത്താറുണ്ട്. ബാബു തിങ്കളാഴ്ച രാവിലെയോടെ പത്രവിതരണ ജോലി കഴിഞ്ഞ് രണ്ട് സൃഹുത്തുക്കളുമായി കുന്പാച്ചിമല കയറാന്‍ പുറപ്പെടുന്നു. ക്ഷീണിച്ച് അവശരായപ്പോള്‍ സൃഹൃത്തുക്കള്‍ പിന്‍മാറുന്നു. ബാബു മല കീഴടക്കിയേ ഇറങ്ങൂവെന്ന വാശിയോടെ മുകളിലേക്ക് കയറുന്നതിനിടെ കാല്‍വഴുതി പാറയിടുക്കില്‍ കുടുങ്ങുന്നതോടെ 45 മണിക്കൂറോളം നാടിനെ വിറപ്പിച്ച കഥക്ക് അരങ്ങുയരുന്നു.

കരുതലിന്റെ കരങ്ങൾ

തമിഴ്നാട് തിരുപത്തൂര്‍ സ്വദേശിയായ നായിക് ബി ബാലകൃഷ്ണന്‍ മദ്രാസ് റെജിമെന്റിലെ സൈനികനാണ്. ചെറുപ്പം മുതല്‍ സൈനികരോടുള്ള ആരാധനയാണ് ബാലുവെന്ന ബാലകൃഷ്ണനെ സൈന്യത്തിലേക്കെത്തിച്ചത്. എവറസ്റ്റിലും സിയാചില്‍ മലനിരകളിലും പരിശീലനം നടത്തിയാണ് മലമുകളില്‍ അതിസാഹസികമായി കയറുന്നതിന് കരുത്ത് നേടിയത്.
ലഫ്. കേണല്‍ ഹേമന്ദ് രാജ് കേരളത്തില്‍ നേരത്തെയും ദൗത്യം ഏറ്റെടുത്ത് ആദരവ് നേടിയിട്ടുണ്ട്. 2018ലെ പ്രളയകാലത്തും കൂട്ടിക്കലില്‍ ഉരുള്‍പൊട്ടല്‍ സമയത്തും സൈന്യത്തെ നയിച്ചത് ഹേമന്ദ് രാജാണ്. 2019ല്‍ രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മലമ്പുഴയിലെ രക്ഷാദൗത്യത്തെക്കുറിച്ച് ഹേമന്ദ് രാജ് പറയുന്നതിങ്ങനെ. “അവിടെ എത്തിപ്പെടുന്നതിലെ പ്രയാസമൊഴിച്ചാല്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം സർവസാധാരണമായ ദൗത്യമായിരുന്നു മലമ്പുഴയിലേത്. കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമൊക്കെ സ്ഥിരമായി ഇത്തരം ദൗത്യങ്ങളില്‍ ഏര്‍പ്പെടുന്നവരാണ്.’
.

 

Latest