Connect with us

National

പത്ത് ലക്ഷം പേർക്ക് കേന്ദ്ര സർക്കാർ ജോലി; റോസ്ഗർ മേളക്ക് തുടക്കമിട്ട് പ്രധാനമന്ത്രി

രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് നൂറ് ലക്ഷം കോടി രൂപ ചെലവഴിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡൽഹി | കേന്ദ്രസർക്കാറിന് കീഴിലെ വിവിധ വകുപ്പുകളിൽ പുതുതായി 10 ലക്ഷം പേരെ നിയമിക്കുന്ന റോസ്ഗർ മേളക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കിട്ടു. വിവിധ തസ്തികകളിലേക്ക് പുതുതായി നിയമിതരായ 75,000 ഉദ്യോഗസ്ഥർക്ക് നിയമനപത്രം കൈമാറിയാണ് പ്രധാനമന്ത്രി പദ്ധതിക്ക് തുടക്കംകുറിച്ചത്. പിന്നീട് വീഡിയോ കോൺഫറൻസ് വഴി പ്രധാനമന്ത്രി ഉദ്യോഗാർഥകളെ അഭിസംബോധന ചെയ്തു.

യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണ് റോസ്ഗർ മേളയെന്ന് പ്രധാനമന്ത്രി പറഞ്ഞു. തൊഴിലും സ്വയംതൊഴിൽ അവസരങ്ങളും ഒരുക്കുന്നതിന് കഴിഞ്ഞ എട്ട് വർഷത്തിനിടെ സർക്കാർ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മേഖലയിലും സ്വാശ്രയത്വത്തിലേക്ക് രാജ്യം നീങ്ങുകയാണ്. ഒരു വികസിത രാഷ്ട്രമായി മാറുക എന്ന ലക്ഷ്യം എല്ലാവരുടെയും സംഭാവനയാൽ കൈവരിക്കാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്ത്യ ഇപ്പോൾ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ്. എട്ട് വർഷം കൊണ്ട് നടത്തിയ പരിഷ്‌കാരങ്ങൾ കൊണ്ട് മാത്രമാണ് ഈ നേട്ടം കൈവരിക്കാനായത്. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് നൂറ് ലക്ഷം കോടി രൂപ ചെലവഴിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. രാജ്യത്ത് ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിച്ച് ജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കളാണ് രാജ്യത്തിന്റെ ശക്തിയെന്നും അവർക്ക് തൊഴിൽ നൽകുന്നതിനായി കേന്ദ്രസർക്കാർ വിവിധ മേഖലകളിൽ പ്രവർത്തിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു കോടി 50 ലക്ഷം യുവാക്കളെ നൈപുണ്യ വികസനത്തിൽ പരിശീലിപ്പിച്ചതായും ഖാദി, ഗ്രാമവ്യവസായ മേഖലയിൽ ഒരു കോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായും അദ്ദേഹം പറഞ്ഞു.

ഏതാനും വർഷങ്ങൾക്കുള്ളിൽ 80,000 സ്റ്റാർട്ടപ്പുകൾ രാജ്യത്ത് വന്നിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകൾ ഈ സ്റ്റാർട്ടപ്പുകളിൽ ജോലി ചെയ്യുന്നു. എംഎൻആർഇജിഎയിൽ നിന്ന് 7 കോടി പേർക്ക് തൊഴിൽ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ പ്രോത്സാഹനവും 5G നെറ്റ്‌വർക്കിന്റെ വിപുലീകരണവും ജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.