Connect with us

Kerala

താത്കാലിക മറവി രോഗം; പതുക്കെപ്പതുക്കെ പൊതു ജീവിതം അവസാനിപ്പിക്കുന്നു: സച്ചിദാനന്ദന്‍

കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളില്‍ മാത്രമേ ഇനി പങ്കെടുക്കൂ. ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം എഴുതും. എപ്പോള്‍ വേണമെങ്കിലും അവ ഇല്ലാതാകാം.

Published

|

Last Updated

തൃശൂര്‍ | താത്കാലിക മറവി രോഗത്തിന്റെ പിടിയിലാണെന്നും അതുകൊണ്ടു തന്നെ പതുക്കെപ്പതുക്കെ പൊതു ജീവിത ഇടപെടലുകള്‍ അവസാനിപ്പിക്കുകയാണെന്നും കവി കെ സച്ചിദാനന്ദന്‍. ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സച്ചിദാനന്ദന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഏഴ് വര്‍ഷം മുമ്പ് ബാധിച്ച താത്കാലിക മറവി രോഗം മരുന്ന് കഴിക്കാന്‍ തുടങ്ങിയപ്പോള്‍ ഭേദമായിരുന്നുവെന്നും എന്നാല്‍, വീണ്ടും അത് തിരിച്ചെത്തിയിരിക്കുകയാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളാല്‍ അഞ്ച് ദിവസമായി ആശുപത്രിയിലാണ്. ജീവന്‍ നിലനിര്‍ത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളില്‍ മാത്രമേ ഇനി പങ്കെടുക്കൂ. ഈ ടേം കഴിയും വരെ അക്കാദമിയുടെ ചില പരിപാടികളിലും. ദയവായി എന്നെ പൊതു യോഗങ്ങള്‍ക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കില്‍ പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം എഴുതുമെന്നും എപ്പോള്‍ വേണമെങ്കിലും അവ ഇല്ലാതാകാമെന്നും കുറിപ്പില്‍ പറയുന്നു.

സച്ചിദാനന്ദന്റെ എഫ് ബി കുറിപ്പ്:
സുഹൃത്തുക്കളെ, ഞാന്‍ 7 വര്‍ഷം മുന്‍പു ഒരു താത്കാലികമറവി രോഗത്തിന് (transient global amnesia) വിധേയനായിരുന്നു .അന്നു മുതല്‍ മരുന്നും (Levipil 500, twice a day) കഴിക്കുന്നുണ്ട്. പിന്നീട് അത് വന്നിരുന്നില്ല. എന്നാല്‍ നവമ്പര്‍ 1 ന് പുതിയ രീതിയില്‍ അത് തിരിച്ചു വന്നു. കാല്‍ മരവിപ്പ്, കൈ വിറയല്‍, സംസാരിക്കാന്‍ പ റ്റായ്ക , ഓര്‍മ്മക്കുറവ്- ഇങ്ങിനെ അല്‍പ്പം നേരം മാത്രം നില്‍ക്കുന്ന കാര്യങ്ങള്‍. 5 ദിവസമായി ആശുപത്രിയില്‍. ഒക്ടോബര്‍ മാസം നിറയെ യാത്രകളും പരിപാടികളും ആയിരുന്നു. Stress ആണ് ഈ രണ്ടാം അവതാരത്തിന് പ്രധാന കാരണം എന്ന് ഡോക്ടര്‍മാര്‍. അതുകൊണ്ട് പതുക്കെപ്പതുക്കെ public life അവസാനിപ്പിക്കുന്നു. യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു. ക്രിസ്തുവും ബുദ്ധനും മുതല്‍ ആരുടെയും പ്രസംഗം കൊണ്ട് ലോകം നന്നായിട്ടില്ല. അത് ഒരു സമയം പാഴാക്കുന്ന പരിപാടി മാത്രം എന്ന് 60 വര്‍ഷത്തെ അനുഭവം എന്നെ ബോദ്ധ്യ പ്പെടുത്തി. അതു കൊണ്ട് എന്റെ ജീവന്‍ നില നിര്‍ത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളില്‍ മാത്രമേ ഇനി പങ്കെടുക്കൂ ; ഈ ടേം കഴിയും വരെ അക്കാദമിയുടെ ചില പരിപാടികളിലും.  ദയവായി എന്നെ പൊതു യോഗങ്ങള്‍ക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കില്‍ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാന്‍ എഴുതും.എപ്പോള്‍ വേണമെങ്കിലും അവ ഇല്ലാതാകാം.

 

---- facebook comment plugin here -----

Latest