Connect with us

Kerala

പുനലൂര്‍: മുസ്്‌ലിം ലീഗ് സ്ഥാനാര്‍ഥിക്കെതിരെ വിമതനെ രംഗത്തിറക്കി കോണ്‍ഗ്രസ്

ഡി സി സി ട്രഷറര്‍ നെല്‍സണ്‍ സെബാസ്റ്റ്യനെ വിമത സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് വിപുലമായകണ്‍വന്‍ഷന്‍

Published

|

Last Updated

കൊല്ലം | പുനലൂര്‍ സീറ്റ് മുസ്‌ലിം ലീഗിന് നല്‍കിയതിനെതിരെ വിമത സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള നീക്കത്തില്‍ നിന്ന് പിന്മാറാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം. ഡി സി സി ട്രഷറര്‍ നെല്‍സണ്‍ സെബാസ്റ്റ്യനെ വിമത സ്ഥാനാര്‍ഥിയാക്കി പ്രചാരണവുമായി മുന്നോട്ടു പോവുകയാണ് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം.

പുനലൂര്‍ പ്രശ്‌നം ഡി സി സിയുടെ കയ്യില്‍ നില്‍ക്കുന്നതല്ലെന്നും സംസ്ഥാന നേതൃത്വം ഇടപെടണമെന്നും കൊല്ലം ഡി സി സി പ്രസിഡന്റ് ആവശ്യപ്പെട്ടു. പുനലൂരില്‍ നൗഷാദ് യൂനുസിനെയാണ് ലീഗ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. തൊട്ടു പിന്നാലെ തന്നെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം യോഗം ചേര്‍ന്ന് വിമത സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയായിരുന്നു.
പുനലൂര്‍ രാജാരോഹിണി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അഞ്ചല്‍, പുനലൂര്‍ ബ്ലോക്കുകളിലെ കോണ്‍ഗ്രസ് ഭാരവാഹികളുടേയും ജനപ്രതിനികളുടേയും യോഗമാണ് ഡി സി സി ട്രഷററും പുനലൂര്‍ മണ്ഡലം യു ഡി എഫ് ചെയര്‍മാനും പുനലൂര്‍ നഗരസഭ യു ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ നെല്‍സണ്‍ സെബാസ്റ്റ്യനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിച്ചാല്‍ വിജയ സാധ്യത ഉറപ്പാണെന്ന് പലതവണ പ്രാദേശിക നേതൃത്വം കോണ്‍ഗ്രസിന്റെ എല്ലാ മുതിര്‍ന്ന നേതാക്കളെയും അറിയിച്ചിരുന്നതാണെന്ന് കെ പി സി സി മുന്‍ ഉപാധ്യക്ഷന്‍ ഭാരതീപുരം ശശി പറഞ്ഞു. കഴിഞ്ഞ രണ്ടു തവണ മുസ്ലിം ലീഗിന് വിട്ടു നല്‍കിയതോടെ പുനലൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം വര്‍ധിക്കുകയാണ് ഉണ്ടായത്. ഇതോടെ സീറ്റ് കോണ്‍ഗ്രസിന് തിരിച്ചു നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. സ്ഥാനാര്‍ഥി ചര്‍ച്ചകളുടെ ആദ്യഘട്ടത്തില്‍ തന്നെ ലീഗ് പുനലൂര്‍ സീറ്റ് വേണ്ടെന്ന് പറഞ്ഞിരുന്നതാണ് അവസാന വട്ടത്തില്‍ അട്ടിമറിച്ച് ലീഗിന് തന്നെ സീറ്റ് നല്‍കിയത്.

---- facebook comment plugin here -----

Latest