Connect with us

Kerala

ആലപ്പുഴയില്‍ അധ്യാപികയ്ക്ക് അണലിയുടെ കടിയേറ്റു; ആന്റിവെനം നല്‍കി

വീടിന് മുന്‍വശത്തെ ഗേറ്റ് അടയ്ക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ് പാമ്പു കടിയേറ്റത്

Published

|

Last Updated

ആലപ്പുഴ|സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ പാമ്പുകടിയേറ്റുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴ പള്ളിപ്പാട്ട് അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു. പള്ളിപ്പാട് തെക്കേക്കര കിഴക്ക് ദേവമംഗലത്ത് വീട്ടില്‍ സിന്ധുവിനാണ് പാമ്പുകടിയേറ്റത്. അണലിയാണ് സിന്ധുവിനെ കടിച്ചത്. ഇന്നലെ രാത്രി വീടിന് മുന്‍വശത്തെ ഗേറ്റ് അടയ്ക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ് സംഭവം. തുടര്‍ന്ന് സിന്ധുവിനെ കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ആന്റിവെനം നല്‍കി. നങ്ങ്യാര്‍കുളങ്ങര എസ്എന്‍ ട്രസ്റ്റ് സ്‌കൂളിലെ അധ്യാപികയാണ് സിന്ധു.

ഇരിങ്ങാലക്കുട കാറളത്ത് ഇന്ന് രാവിലെ രണ്ട് പേര്‍ക്ക് പാമ്പുകടിയേറ്റു. കാറളം പുല്ലത്തറ സെന്ററിന് സമീപം വെള്ളേപറമ്പില്‍ വീട്ടില്‍ പ്രസീതക്കാണ് രാവിലെ പാമ്പുകടിയേറ്റത്. പറമ്പിലെ പുല്ല് നീക്കം ചെയ്യുന്നതിനിടെയാണ് പാമ്പു കടിയേറ്റത്. ഉടന്‍ വീട്ടുക്കാര്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച്ച രാവിലെയാണ് താണിശ്ശേരി കനാല്‍ ബണ്ടിന് സമീപത്തുവെച്ച് നടവരമ്പ് സ്വദേശിയായ പിടുക്കാട്ടില്‍ സനീഷിന് പാമ്പുകടിയേറ്റത്. കിണര്‍ നിര്‍മ്മാണ തൊഴിലാളിയായ സനീഷ് ജോലിക്കായി സാധനങ്ങള്‍ വാടകയ്‌ക്കെടുക്കുന്നതിനായി താണിശ്ശേരിയില്‍ എത്തിയതാണ്. സാധനങ്ങള്‍ വാഹനത്തില്‍ കയറ്റുന്നതിനിടെയാണ് പാമ്പുകടിയേറ്റത്. ഇദ്ദേഹത്തെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം ചിറയിന്‍കീഴിലും വയോധികന് പാമ്പുകടിയേറ്റു. പെരുംകുഴി സ്വദേശി ഭുവനചന്ദ്രനാണ് പാമ്പുകടിയേറ്റത്. ഇദ്ദേഹത്തെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ആന്റിവെനം നല്‍കി. തുടര്‍ ചികിത്സയ്ക്കായി ഭുവനചന്ദ്രനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

 

---- facebook comment plugin here -----

Latest