Connect with us

Kerala

നികുതി വര്‍ധന: ഏപ്രില്‍ ഒന്നിന് യു ഡി എഫ് കരിദിനമാചരിക്കും

മുഴുവന്‍ പഞ്ചായത്തിലും നഗരങ്ങളിലും പകല്‍ സമയത്ത് യു ഡി എഫ് പ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജ് ധരിച്ച്, കറുത്ത കൊടി ഉയര്‍ത്തി, പന്തം കൊളുത്തി പ്രതിഷേധിക്കും.

Published

|

Last Updated

തിരുവനന്തപുരം | നികുതി വര്‍ധന പ്രാബല്യത്തില്‍ വരുന്ന അടുത്ത മാസം ഒന്നിന് സംസ്ഥാന വ്യാപകമായി യു ഡി എഫ് കരിദിനം ആചരിക്കുമെന്ന് മുന്നണി കണ്‍വീനര്‍ എം എം ഹസ്സന്‍. മുഴുവന്‍ പഞ്ചായത്തിലും നഗരങ്ങളിലും പകല്‍ സമയത്ത് യു ഡി എഫ് പ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജ് ധരിച്ച്, കറുത്ത കൊടി ഉയര്‍ത്തി, പന്തം കൊളുത്തി പ്രതിഷേധിക്കും.

ഒരു നിയന്ത്രണവുമില്ലാത്ത അശാസ്ത്രീയമായ നികുതി വര്‍ധനയാണ് എല്ലാ മേഖലകളിലും അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. ഇന്ധന വില കുതിച്ചുയരുന്നതിനിടയിലാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഹസ്സന്‍ പറഞ്ഞു.

ആറ് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ നികുതി കൊള്ളയാണ് ഈ ബജറ്റിലുണ്ടായിരിക്കുന്നത്. 3000 കോടിയുടെ നികുതിക്ക് പുറമെ കെട്ടിട നികുതിയായി 1000 കോടി പിരിച്ചെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന നികുതിഭാരം 4,000 കോടി രൂപയാകും. സമസ്ത മേഖലയിലും വില വര്‍ധനക്ക് കാരണമാകുന്ന നികുതിക്കൊള്ളയാണ് പ്രാബല്യത്തില്‍ വരാനിരിക്കുന്നത്.

സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയിലും ജനജീവിതത്തിലും ദുരിതം അടിച്ചേല്‍പ്പിക്കുന്ന അശാസ്ത്രീയ നികുതികള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാക്കണമെന്ന് ഹസ്സന്‍ ആവശ്യപ്പെട്ടു. സാധാരണക്കാരന്റെയും പാവപ്പെട്ടവരുടെയും തലയില്‍ അധികഭാരം അടിച്ചേല്‍പ്പിച്ചുള്ള നികുതി കൊള്ളക്കെതിരെയാണ് യു ഡി എഫ് പ്രക്ഷോഭം ശക്തമാക്കുന്നതെന്നും അത് വിജയിപ്പിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്നും യു ഡി എഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു.