Connect with us

Kerala

താനൂർ കസ്റ്റഡി മരണം: കൊലക്കുറ്റം ചുമത്തി

പോലീസ് മർദനമാണ് താമിർ ജിഫ്രിയുടെ മരണത്തിനിടയാക്കിയതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമായ സാഹചര്യത്തിലാണ് നടപടി

Published

|

Last Updated

താനൂർ | താനൂർ കസ്റ്റഡി മരണക്കേസിൽ ക്രൈംബ്രാഞ്ച് കൊലപാതകക്കുറ്റം ചുമത്തി. നേരത്തേ അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തിരുന്നത്. പോലീസ് മർദനമാണ് താമിർ ജിഫ്രിയുടെ മരണത്തിനിടയാക്കിയതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമായ സാഹചര്യത്തിലാണ് നടപടി. അതേസമയം, കേസിൽ പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേർത്തിട്ടില്ല.

തലക്കേറ്റ ക്ഷതവും ഹൃദയത്തിലെ പരിക്കുമാണ് താമിറിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. ശരീരത്തിൽ ഇരുമ്പുദണ്ഡ് കൊണ്ടും വടികൊണ്ടും മർദിച്ച പാടുകളും കണ്ടെത്തിയിരുന്നു. താമിർ ജിഫ്രി മരിച്ച് 12 മണിക്കൂറിന് ശേഷമാണ് പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചത്. അതുവരെ മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കാത്തത് വീഴ്ച്ചയാണെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ലഹരിമരുന്ന് കേസില്‍ താനൂര്‍ പോലീസിന്റെ കസ്റ്റഡിയിലിരിക്കെ ഓഗസ്റ്റ് ഒന്നാം തീയതി പുലര്‍ച്ചെയാണ് താമിര്‍ ജിഫ്രി മരിച്ചത്. യുവാവിന്റെ ആമാശയത്തില്‍നിന്ന് മഞ്ഞദ്രാവകമടങ്ങിയ രണ്ട് പ്ലാസ്റ്റിക് കവറുകൾ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ താനൂര്‍ സ്റ്റേഷനിലെ എസ്.ഐ. ഉള്‍പ്പെടെ എട്ടുപോലീസുകാരെ സര്‍വീസി ല്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. പോലീസ് മര്‍ദനമേറ്റാണ് മരണം സംഭവിച്ചെന്ന ആരോപണം ശക്തമായതോടെ കേസില്‍ സി ബി ഐ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.