Connect with us

National

ആദ്യ ഹജ്ജ് തീർത്ഥാടകർക്കുള്ള സബ്‌സിഡി 35,000 രൂപയായി ഉയർത്തി; ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാറിന്റെ കന്നി ബജറ്റ്

മത്സ്യ തൊഴിലാളികള്‍ക്ക് ധനസഹായം 1000 രൂപ ഉയര്‍ത്തി. ട്രോളിങ്ങ് നിരോധന കാലത്തെ ധനസഹായം 7000 ആക്കി.

Published

|

Last Updated

ചെന്നൈ| തമിഴ്‌നാട്ടില്‍ വിജയ് സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ ആദ്യ ഹജ്ജ് തീർത്ഥാടകർക്കുള്ള  തുക വര്‍ധിപ്പിച്ചു. 25,000 രൂപയില്‍ നിന്ന് 35,000 രൂപയായാണ് ഉയര്‍ത്തിയത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലൂടെ പോകുന്നവര്‍ക്കാണ് ഈ സഹായം ലഭിക്കുക. ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി മാരി വില്‍സണ്‍ ആണ് അവതരിപ്പിച്ചത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണ്. എന്നാല്‍ വാഗ്ദാനങ്ങള്‍ പടിപടിയായി നടപ്പിലാക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ വ്യക്തമാക്കി. സംസ്ഥാനത്തെ കട വിമുക്തമാക്കുക എന്ന് ലക്ഷ്യമിട്ടുള്ള ബജറ്റില്‍ നിരവധി ജനകീയ പ്രഖ്യാപനങ്ങള്‍ ഇടം പിടിച്ചു.

മത്സ്യ തൊഴിലാളികള്‍ക്ക് ധനസഹായം 1000 രൂപ ഉയര്‍ത്തി. ട്രോളിങ്ങ് നിരോധന കാലത്തെ ധനസഹായം 7000 ആക്കി. വിവാഹത്തിന് യുവതികള്‍ക്ക് എട്ട് ഗ്രാം തങ്കനാണയവും പട്ട് സാരിയും നല്‍കും. ഇതിനായി 812 കോടിയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ജെന്‍സി വിദ്യാര്‍ഥികള്‍ക്ക് ബ്രാന്‍ഡഡ് സൈക്കിളും ഹെല്‍മറ്റും വാട്ടര്‍ ബോട്ടിലും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 5.32 ലക്ഷം പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുക.

സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന വികസനത്തിന് 139 കോടി ബജറ്റില്‍ വകയിരുത്തി. പൊതുവിദ്യാഭ്യാസത്തിന് 44,537 കോടി രൂപ, ഉന്നത വിദ്യാഭ്യസത്തിന് 8,393 കോടി രൂപ, യുവാക്കളുടെ കായിക പ്രവര്‍ത്തനങ്ങള്‍ക്ക് 1,051 കോടി രൂപ, സാമൂഹ്യ നീതിക്ക് 3,937 കോടി രൂപ എന്നിങ്ങനെയാണ് വകയിരുത്തിയത്. 2036ഓടെ തമിഴ്നാടിനെ രാജ്യത്തെ വലിയ സാമ്പത്തിക ശക്തിയാക്കുമെന്നാണ് ധനമന്ത്രി പറഞ്ഞത്.

ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ലഹരിക്കെതിരെ സ്‌കൂളുകളില്‍ ബോധവല്‍ക്കരണം, സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് പ്രത്യേക പദ്ധതി, സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ണ്ണ മോതിരം പദ്ധതിക്ക് 560 കോടി, വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ലാപ്ടോപ്പിന് 2000 കോടി, യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനത്തിനായി 150 കോടി എന്നിവയാണ് മറ്റ് പ്രഖ്യാപനങ്ങള്‍.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ലഹരിമുക്ത തമിഴ്‌നാടിനായി സ്‌കൂളുകളില്‍ പദ്ധതി, സ്‌കൂളുകളില്‍ വളണ്ടിയര്‍ ഗ്രൂപ്പുകള്‍, ഡ്രഗ് ഫ്രീ തമിഴ്നാട് ആപ്ലിക്കേഷന്‍, ഒളിമ്പിക് സെന്ററുകള്‍ക്ക് 50 കോടി എന്നിവയും പ്രഖ്യാപനങ്ങളിലുണ്ട്. നീറ്റ് പരീക്ഷയെ എതിര്‍ക്കുമെന്ന ബജറ്റിലെ പ്രഖ്യാപനവും ശ്രദ്ധേയമാണ്.

ചെന്നൈയില്‍ 1000 ശീതീകരിച്ച ഇലക്ട്രിക്ക് ബസുകള്‍ക്കായി 500 കോടി അനുവദിച്ചു. 200 യൂണിറ്റ് സൗജന്യ വൈദ്യുതിക്ക് 1,543 കോടി, 178 പുതിയ സബ് സ്റ്റേഷനുകള്‍ക്കായി 1,543 കോടി എന്നിവയും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. വിധവകള്‍ക്കും ട്രാന്‍സ്ജന്റര്‍ വ്യക്തികള്‍ക്കും സൗജന്യമായി പശുക്കളെ നല്‍കുന്ന പദ്ധതി എന്നിവയും ജനകീയ പ്രഖ്യാപനങ്ങളില്‍പെടുന്നു.

എന്നാല്‍ മുല്ലപെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന ധനമന്ത്രി മാരി വില്‍സന്റെ പ്രഖ്യാപനം കേരളത്തിന് ആശങ്ക ഉണ്ടാക്കുന്നതാണ്. കാവേരി നദീജല തര്‍ക്കത്തില്‍ അര്‍ഹതപ്പെട്ട ജലം നേടിയെടുക്കുമെന്നും മേക്കേദാട്ട് അണക്കെട്ടിനെ എതിര്‍ക്കുമെന്നും ബജറ്റില്‍ പറയുന്നു.

Content Highlights:
The Tamil Nadu budget presented by Finance Minister Mari Wilson increased the Hajj travel subsidy from Rs 25,000 to Rs 35,000. Key announcements include free laptops, gold for marriage, and AI in school curriculums. However, plans to raise Mullaperiyar water levels remain a concern for Kerala.

 

---- facebook comment plugin here -----

Latest