Connect with us

National

യുപിയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് സംശയം: 24 ജില്ലകളില്‍ 12ാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ റദ്ദാക്കി

ആഗ്ര, മഥുര, അലിഗഡ്, ഗോരഖ്പൂര്‍ തുടങ്ങി സംസ്ഥാനത്തെ 24 ജില്ലകളിലെ പരീക്ഷ റദ്ദാക്കിയതായി യുപി മാധ്യമിക് ശിക്ഷാ പരിഷത്ത് ഡയറക്ടര്‍ വിനയ് കുമാര്‍ പാണ്ഡെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു

Published

|

Last Updated

ലക്‌നോ| ഉത്തര്‍പ്രദേശില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് സംശയിക്കുന്നതായി അധികൃതര്‍. തുടര്‍ന്ന് സംസ്ഥാനത്തെ 24 ജില്ലകളിലെ 12ാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ ഉത്തര്‍പ്രദേശ് ബോര്‍ഡ് റദ്ദാക്കി. ആഗ്ര, മഥുര, അലിഗഡ്, ഗോരഖ്പൂര്‍ തുടങ്ങി സംസ്ഥാനത്തെ 24 ജില്ലകളിലെ പരീക്ഷ റദ്ദാക്കിയതായി യുപി മാധ്യമിക് ശിക്ഷാ പരിഷത്ത് ഡയറക്ടര്‍ വിനയ് കുമാര്‍ പാണ്ഡെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ബല്ലിയ ജില്ലയിലാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു. ബാക്കിയുള്ള ജില്ലകളില്‍ മുന്‍നിശ്ചയിച്ച പ്രകാരം പരീക്ഷ നടക്കുമെന്നും അധികൃതര്‍ അറിയിച്ചു. പരീക്ഷ റദ്ദാക്കിയ 24 ജില്ലകളിലും പരീക്ഷ നടത്തുന്ന തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

കൊവിഡ് കാരണം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, ഉത്തര്‍പ്രദേശ് ബോര്‍ഡിലേക്കുള്ള പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും പരീക്ഷകള്‍ വ്യാഴാഴ്ചയാണ് ആരംഭിച്ചത്. പരീക്ഷയെ സംബന്ധിച്ച അനധികൃത നടപടികളെ നിയന്ത്രിക്കുന്നതിന് കനത്ത സുരക്ഷയും വിപുലമായ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. പരീക്ഷാ കോപ്പിയടി തടയാന്‍ 2.97 ലക്ഷം സിസിടിവി കാമറകള്‍ സ്ഥാപിച്ചു. 8,373 പരീക്ഷാ കേന്ദ്രങ്ങളിലെ ഈ കാമറകളില്‍ നിന്നുള്ള ഫീഡ് ജില്ലാതല കണ്‍ട്രോള്‍ റൂമുകളില്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പരീക്ഷയില്‍ ക്രമക്കേടുകള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) പ്രയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. 51.92 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. പരീക്ഷകള്‍ ഏപ്രില്‍ 12 വരെ തുടരും. രാവിലെ 8 മുതല്‍ 11.15 വരെയും ഉച്ചയ്ക്ക് 2 മുതല്‍ 5.15 വരെയും രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷകള്‍ നടക്കുന്നത്.

 

Latest