Kerala
എയിംസിന് തറക്കല്ലെങ്കിലും ഇടാതെ വോട്ട് ചോദിക്കാന്‍ വരില്ല; സുരേഷ് ഗോപി
കേരളത്തില്‍ എയിംസ് സ്ഥാപിക്കാനായി കണ്ടെത്തിയ അഞ്ചു സ്ഥലങ്ങളുടെ പ്രെപ്പോസല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും നല്‍കിയിട്ടില്ലെന്നും സുരേഷ് ഗോപി
കണ്ണൂര്‍ | കേരളത്തില്‍ എയിംസ് പരിഗണനയില്‍ ഇല്ലെന്നു കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതയില്‍ അറിയിച്ചതിനു പിന്നാലെ കേരളത്തില്‍ എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസിന് തറക്കല്ലെങ്കിലും ഇടാതെ അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കാന്‍ വരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചത് മുന്‍ഗണനയെ കുറിച്ച് മാത്രമാണെന്നും കേരളത്തില്‍ എയിംസ് സ്ഥാപിക്കാനായി കണ്ടെത്തിയ അഞ്ചു സ്ഥലങ്ങളുടെ പ്രെപ്പോസല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും നല്‍കിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
2025 ജൂണില്‍ എറണാകുളത്തുവന്ന കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ കേരളത്തില്‍ കൃത്യമായ സമയത്ത് എയിംസ് വരുമെന്ന് വ്യക്തമാക്കിയിരുന്നു. അതുതന്നെയാണ് തനിക്കും പറയാനുള്ളത്. എന്നാല്‍ ആലപ്പുഴ വേണോ തൃശൂര്‍ വേണോ എന്ന് ആദ്യം കേരള സര്‍ക്കാര്‍ പറയണം. കേരളത്തില്‍ എയിംസിന് തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് ഞാന്‍ വരില്ല. ഇതിനപ്പുറം എന്ത് വാക്കാണ് എന്റെ ഭാഗത്തുനിന്ന് വരേണ്ടതെന്നാണ് സുരേഷ് ഗോപി ചോദിച്ചത്.
എയിംസിന്റെ പേരില്‍ ഇങ്ങനെയുള്ള തര്‍ക്കം ഏറെക്കാലമായി നടക്കുന്നുണ്ട്. തൃശൂര്‍ ഉള്‍പ്പെടെ എവിടെയെല്ലാം സ്ഥലം ഏറ്റെടുക്കാന്‍ കഴിയുമെന്ന് സംസ്ഥാന കേന്ദ്രസര്‍ക്കാരിനെ അറിയിച്ചോ, അഞ്ച് സ്ഥലം മിനിമം വേണം. ആ പട്ടിക കേന്ദ്രത്തിന് കൊടുത്തിട്ടുണ്ടോ, അതില്‍ തൃശൂരുണ്ടോ-അദ്ദേഹം ചോദിച്ചു.
കേരളത്തിന് എയിംസ് അനുവദിക്കുന്നത് മുന്‍ഗണനയില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കേരളം എയിംസ് അര്‍ഹിക്കുന്നുണ്ടെന്നും ആരോഗ്യരംഗത്ത് കേരളം മുന്നില്‍ നില്‍ക്കുന്നത് എയിംസ് ലഭിക്കുന്നതിന് അയോഗ്യതയാണോയെന്നും ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു.
കേരളത്തിന് എയിംസ് പരിഗണിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് കാസര്‍കോട്ടെ ഒരു കൂട്ടായ്മ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം. കോഴിക്കോട് ജില്ലയിലെ കിനാലൂരില്‍ എയിംസിന് സ്ഥലം കണ്ടെത്തി അതിനുള്ള അപേക്ഷ ആരോഗ്യമന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ട് വര്‍ഷങ്ങളായെന്നും കോടതി ചൂണ്ടിക്കാട്ടി.
Content Highlights:
Union Minister Suresh Gopi asserted that AIIMS will be established in Kerala despite the Centre informing the High Court that it is not a priority. He stated he will not seek votes in the next election without laying the foundation stone. He urged the state to submit proper site proposals.



