Connect with us

suresh gopi

ക്ഷമാപണവുമായി സുരേഷ് ഗോപി

അച്ഛനെ പോലെ വാത്സല്യത്തോടെയാണു പെരുമാറിയതെന്നു വിശദീകരണം

Published

|

Last Updated

തിരുവനന്തപുരം | മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകയോട് അച്ഛനെ പോലെ വാത്സല്യത്തോടെയാണു പെരുമാറിയതെന്ന വിശദീകരണവുമായി ബി ജെ പി നേതാവ് നടന്‍ സുരേഷ് ഗോപി. അപമര്യാദയായി പെരുമാറിയെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ മാപ്പു ചോദിക്കുന്നതായും അദ്ദേഹം ഫെയ്‌സ്ബുക്കിലും കുറിച്ചു.

‘മാധ്യമങ്ങളുടെ മുന്നില്‍ വച്ചു വാത്സല്യത്തോടെയാണ് പെരുമാറിയത്. ജീവിതത്തില്‍ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാല്‍ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം. ഏതെങ്കിലും രീതിയില്‍ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു’ എന്നാണു കുറിപ്പ്.

ഒരു മകളെപ്പോലെയാണ് കണ്ടതെന്നും ഒരു അച്ഛനെപ്പോലെ മാപ്പു പറയുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. വഴി മുടക്കി നിന്നപ്പോള്‍ വശത്തേക്ക് മാറ്റിപ്പോകാന്‍ ശ്രമിച്ചതെന്നാണു വിശദീകരണം. ഇങ്ങനെയെങ്കില്‍ ഇനി മാധ്യമങ്ങളുടെ മുന്നിലെത്തില്ലെന്നും പറഞ്ഞു.

‘എനിക്ക് അങ്ങനെയൊരു തെറ്റായ ഉദ്ദേശ്യവുമില്ല. സോറി പറയാന്‍ ഞാന്‍ പല തവണ വിളിച്ചിട്ടും എടുത്തിട്ടില്ല. ഇന്നു നിയമനടപടി എന്നു പറയുമ്പോള്‍ ഞാന്‍ എന്തുപറയാനാണ്. എന്റെ വഴിമുടക്കിയാണ് നിന്നത്. സൈഡിലേക്ക് മാറ്റി പോകാന്‍ തുടങ്ങുകയായിരുന്നു. എനിക്കു പോകാന്‍ പറ്റുന്നില്ല. വീണ്ടും ചോദ്യം വരുന്നു. അങ്ങനെയാണെങ്കില്‍ ഇനി മാധ്യമങ്ങളെ കാണില്ല.

ഞാന്‍ ഒരച്ഛനായി മാപ്പുപറയും. ഞാന്‍ ഒരച്ഛനായി മാത്രമേ പെരുമാറിയിട്ടുള്ളൂ. അച്ഛന്‍ എന്ന നിലയ്ക്കു തന്നെ മാപ്പുപറയും. എന്റെ മകളെ പേലെയാണ് കണ്ടത്. മൂന്നു പെണ്‍കുട്ടികളുള്ള ആളാണ് ഞാന്‍. പൊതുസ്ഥലത്ത് ഞാന്‍ അങ്ങനെ പെരുമാറുമോ?’ അദ്ദേഹം ചോദിച്ചു.

ഇന്നലെ കോഴിക്കോട് തളിയില്‍ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴായിരുന്നു സംഭവമുണ്ടായത്. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവയ്ക്കുമ്പോള്‍ അവര്‍ അതു തട്ടിമാറ്റി.

ഇത് ആവര്‍ത്തിച്ചപ്പോഴും കൈ തട്ടി മാറ്റേണ്ടി വന്നു. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി മാധ്യമപ്രവര്‍ത്തക അറിയിച്ചിരുന്നു. സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മിഷനില്‍ പരാതി നല്‍കുമെന്നും മറ്റു നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയനും അറിയിച്ചു.

Latest