Connect with us

International

വിദ്യാര്‍ഥി-തൊഴിലാളി പ്രക്ഷോഭം; ഇറ്റലിയില്‍ സുരക്ഷ ശക്തമാക്കി

ജീവിതച്ചെലവ് കുതിച്ചുയരുന്നതില്‍ പ്രതിഷേധിച്ചും, പശ്ചിമേഷ്യയിലെ യുദ്ധങ്ങള്‍ അവസാനിപ്പിക്കണമെന്നും വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപം വേണമെന്നും ആവശ്യപ്പെട്ടും മറ്റുമാണ് പ്രക്ഷോഭം.

Published

|

Last Updated

റോം | ജീവിതച്ചെലവ് കുതിച്ചുയരുന്നതില്‍ പ്രതിഷേധിച്ചും, പശ്ചിമേഷ്യയിലെ യുദ്ധങ്ങള്‍ അവസാനിപ്പിക്കണമെന്നും വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപം വേണമെന്നും ആവശ്യപ്പെട്ടും ഇറ്റലിയില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ഥികളും തൊഴിലാളികളും തെരുവിലിറങ്ങി. ഇതേ തുടര്‍ന്ന് അധികൃതര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി.

ഇന്ന് രാജ്യത്ത് റോം, മിലാന്‍, നേപ്പിള്‍സ്, ബൊളോഞ്ഞ, ജെനോവ തുടങ്ങി ഡസന്‍ കണക്കിന് നഗരങ്ങളിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. റോമില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന വിനോദസഞ്ചാര കേന്ദ്രമായ കൊളോസിയത്തിന് ചുറ്റും സുരക്ഷ ശക്തമാക്കി. മിലാനിലെ കത്തീഡ്രലിനും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തി.

ടൂറിനില്‍ നടന്ന പ്രതിഷേധത്തിന്റെ തുടക്കത്തില്‍ പ്രക്ഷോഭകരും പോലീസും തമ്മില്‍ ചെറിയ ഏറ്റുമുട്ടലുകള്‍ ഉണ്ടായി. യു എസ് ബി ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത പൊതുപണിമുടക്കില്‍ ട്രക്ക് ഡ്രൈവര്‍മാര്‍, ടാക്‌സി ഡ്രൈവര്‍മാര്‍, കര്‍ഷകര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. ഇന്ധനവില വര്‍ധനയും പ്രതിരോധ മേഖലയിലെ ചെലവ് വര്‍ധിക്കുന്നതും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ സമീപ ആഴ്ചകളില്‍ നടന്നിരുന്നു.

ഗസ്സയിലേത് ഉള്‍പ്പെടെയുള്ള യുദ്ധങ്ങളും തുറമുഖങ്ങളുടെ സൈനികവത്ക്കരണവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സ്, ഗ്രീസ്, സ്‌പെയിന്‍, തുര്‍ക്കി, മൊറോക്കോ എന്നിവിടങ്ങളിലെ തൊഴിലാളി യൂണിയനുകളുമായി ചേര്‍ന്ന് ഇറ്റലിയിലെ യൂണിയനുകള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി. ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, സൈനിക ഉപകരണങ്ങള്‍, സൈനികര്‍ എന്നിവ കൊണ്ടുപോകാന്‍ തുറമുഖങ്ങള്‍ ഉപയോഗിക്കരുതെന്ന് പ്രസ്താവനയില്‍ പറഞ്ഞു. ‘തുറമുഖ തൊഴിലാളികള്‍ യുദ്ധത്തിന് വേണ്ടിയല്ല ജോലി ചെയ്യുന്നത്’ എന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.

Content Highlights: Widespread protests by students and workers have broken out across major Italian cities demanding economic and policy reforms. Authorities have significantly strengthened security measures in Rome and other key hubs to maintain public order. The demonstrations reflect growing social unrest in Italy.

 

 

 

 

Latest