Saudi Arabia
എബോള ഭീഷണി: കെനിയന്‍ യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി സഊദി; വിസ വിതരണവും നിര്‍ത്തിവെച്ചു
ആരോഗ്യ വകുപ്പുകള്‍ നിലവിലെ പകര്‍ച്ചവ്യാധി സാഹചര്യം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
റിയാദ് | എബോള വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി സഊദി അറേബ്യ കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. സ്വദേശി പൗരന്മാര് കെനിയയിലേക്ക് യാത്ര ചെയ്യുന്നത് വിലക്കുകയും, കെനിയയില്‍ നിന്നുള്ളവര്‍ക്ക് എല്ലാത്തരം വിസകള്‍ അനുവദിക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തു. കൂടാതെ കെനിയയില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും വിലക്കുണ്ട്. ബന്ധപ്പെട്ട ആരോഗ്യ വകുപ്പുകള്‍ നിലവിലെ പകര്‍ച്ചവ്യാധി സാഹചര്യം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
കെനിയയില്‍ നിന്ന് നേരിട്ടോ മറ്റ് രാജ്യങ്ങള്‍ വഴിയോ എത്തുന്നവര്‍ക്ക് സഊദിയിലേക്ക് പ്രവേശനമുണ്ടാകില്ല. സഊദിയില്‍ എത്തുന്നതിന് മുമ്പുള്ള 21 ദിവസത്തിനുള്ളില്‍ കെനിയയിലോ എബോള ബാധിത പ്രദേശങ്ങളിലോ താമസിച്ചവര്‍ക്കും ഈ വിലക്ക് ബാധകമാണ്. 2019 ജൂലൈ മുതല്‍ ആരംഭിക്കുകയും 2026 മെയ് മാസത്തില്‍ കൂടുതല്‍ ശക്തമാക്കുകയും ചെയ്ത പ്രതിരോധ നടപടികളുടെ തുടര്‍ച്ചയായാണ് ഈ പുതിയ തീരുമാനങ്ങള്‍. ഇതേ പ്രതിരോധ നടപടികളുടെ ഭാഗമായി 2026 ജൂണില്‍ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാന് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രയും സഊദി അറേബ്യ വിലക്കിയിരുന്നു.
നിലവില്‍ രോഗബാധിത പ്രദേശങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി എന്‍ട്രി പോയിന്റുകളില്‍ കര്‍ശനമായ ആരോഗ്യ പരിശോധനയും നിരീക്ഷണവും നിലവിലുണ്ട്. രാജ്യത്തെ ആരോഗ്യ സാഹചര്യം നിലവില്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സഊദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി (വിഖായ) വ്യക്തമാക്കി. പ്രാദേശികവും അന്തര്‍ദേശീയവുമായ പബ്ലിക് ഹെല്‍ത്ത് ഏജന്‍സികളുമായി ഏകോപിപ്പിച്ച് ആവശ്യമായ എല്ലാ മുന്‍കരുതലുകളും രാജ്യം സ്വീകരിക്കുന്നുണ്ടെന്നും അതോറിറ്റി അറിയിച്ചു.
Content Highlights: Saudi Arabia has imposed a travel ban on passengers arriving from Kenya due to the rising threat of the Ebola virus. The kingdom has also suspended visa issuance for Kenyan nationals as a preventive health measure. Authorities are monitoring the situation to prevent any potential outbreak.



