Kerala
കാലടി സര്‍വകലാശാലയിലെ സമരം: സസ്പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ അനുമതി നല്കി ഹൈക്കോടതി
നവംബര്‍ നാലിന് ആരംഭിക്കുന്ന സെമസ്റ്റര്‍ പരീക്ഷ എഴുതാനാണ് കോടതി അനുമതി നല്‍കിയത്.
കൊച്ചി | കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ സമരം ചെയ്തതിനു പിന്നാലെ സസ്പെന്‍ഡ് ചെയ്യപ്പെട്ട എസ് എഫ് ഐക്കാരായ 16 വിദ്യാര്‍ഥികള്‍ക്ക് സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുമതി നല്കി ഹൈക്കോടതി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ താത്ക്കാലിക അനുമതി നല്കി ഉത്തരവിട്ടത്. പി എസ് അര്‍ച്ചന, കെ വി അഭിജിത്ത്, റിതിഷ ഋതു, പി എം അശ്വന്ത്, എം അശ്രിത, ലിബിന് മാത്യു, കെ ശ്യാംജിത്ത്, അനഘ പി നായര്‍, ജിഷ്ണു സുരേഷ്, കെ എല്‍ അതുല്യ, ഡോണ മറിയ, സി പി ശ്രദ്ധ, എം എസ് ശിവകുമാര്‍, അരുണിമ, എം ഫസ്ന, കെ ബി വിസ്മയ എന്നിവര്‍ക്കാണ് പരീക്ഷയെഴുതാന്‍ അനുമതി ലഭിച്ചത്.
നവംബര്‍ നാലിന് ആരംഭിക്കുന്ന സെമസ്റ്റര്‍ പരീക്ഷ എഴുതാനാണ് കോടതി അനുമതി നല്‍കിയത്. പരീക്ഷാ ഫീസ് നാളെ (ഒക്ടോബര്‍ 31, ശനി) തന്നെ അടയ്ക്കാനുള്ള സൗകര്യം സര്‍വകലാശാല ഒരുക്കണമെന്നും ഫീസ് സ്വീകരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതിനുള്ള ഉത്തരവുകള്‍ സര്‍വകലാശാല എത്രയും വേഗം പുറപ്പെടുവിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
വൈസ് ചാന്‍സലര്‍ക്കെതിരെ ക്യാമ്പസില്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ 60 ദിവസമായി 16 വിദ്യാര്‍ഥികള്‍ സസ്പെന്‍ഷനില്‍ കഴിഞ്ഞത്. സസ്പെന്ഷന് നിലനിന്നതിനാല്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള പോര്‍ട്ടല്‍ അധികൃതര്‍ ഇവര്‍ക്കായി തുറന്നു നല്‍കിയിരുന്നില്ല. ഇതോടെയാണ് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
Content Highlights: The Kerala High Court has granted permission to suspended students of Kalady Sanskrit University to sit for their examinations. The decision comes as a major relief to the protesting students. The court intervened in the ongoing controversy surrounding the disciplinary action taken by the varsity.



