Connect with us

Kerala

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ബിഎ തോറ്റ വിദ്യാര്‍ഥിനി എംഎ ജയിച്ചു;ഗുരുതര കണ്ടെത്തല്‍

2017ല്‍ ബിഎ സംസ്‌കൃത സാഹിത്യത്തില്‍ തോറ്റ വിദ്യാര്‍ഥിനി 2019ല്‍ എംഎ മലയാളത്തിന് വിജയിച്ചു എന്നാണ് കണ്ടെത്തല്‍.

Published

|

Last Updated

കൊച്ചി| കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ബി എ തോറ്റ വിദ്യാര്‍ഥിനി എം എ ജയിച്ചുവെന്ന ഗുരുതര കണ്ടെത്തലുമായി സംസ്ഥാന ഓഡിറ്റ് റിപ്പോര്‍ട്ട്. 2017ല്‍ ബിഎ സംസ്‌കൃത സാഹിത്യത്തില്‍ തോറ്റ വിദ്യാര്‍ഥിനി 2019ല്‍ എംഎ മലയാളത്തിന് വിജയിച്ചു എന്നാണ് കണ്ടെത്തല്‍. വിദ്യാര്‍ഥിനി പരീക്ഷ തോറ്റ അതേ വര്‍ഷം തന്നെയാണ് എംഎ യ്ക്ക് അഡ്മിഷന്‍ കിട്ടിയത്. ഏത് മാനദണ്ഡപ്രകാരമാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയതെന്ന് വ്യക്തമാക്കണമെന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പ് ചോദിക്കുന്നു.

മുന്‍പ് വിവാദമായ എസ്എഫ്‌ഐ നേതാവ് കലേഷിന്റെ പിജി പ്രവേശനത്തിലും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കലേഷ് ഡിഗ്രി പാസായിട്ടില്ലെന്ന് വ്യക്തമാകുന്നത് സര്‍വകലാശാല നടത്തിയ പരിശോധനയിലെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. കലേഷ് ബിഎഫ്എ പാസാകാതെ ഇതേ വിഷയത്തില്‍ ബിരുദാന്തര ബിരുദത്തിന് പ്രവേശനം നേടുകയും വിജയിക്കുകയും ചെയ്തിരുന്നു.
2026 മാര്‍ച്ചില്‍ ലോക്ഭവന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിനോട് വിഷയത്തില്‍ വിശദീകരണം തേടിയിരുന്നുവെങ്കിലും മറുപടി ലഭിച്ചിരുന്നില്ല.

അതേസമയം, കാലടി സര്‍വകലാശാലയിലെ എസ്എഫ്‌ഐ വിദ്യാര്‍ഥികളുടെ സമരം 20ാം ദിവസത്തിലേക്ക് കടന്നു. വിദ്യാര്‍ഥികളുടെ ഹരജിയില്‍ ഹൈക്കോടതി മറ്റന്നാള്‍ വിധി പറയും. വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധവും വിവിധ ഇടങ്ങളില്‍ തുടരുകയാണ്.

Latest