Connect with us

Uae

നവീകരിച്ച അൽ ഫഹീദി കോട്ട സന്ദർശിച്ച് ശൈഖ് മുഹമ്മദ്

ആറ് പ്രധാന ഗാലറികളും ആധുനിക ത്രിമാന പ്രദർശന സംവിധാനങ്ങളുമായി നവീകരണം

Published

|

Last Updated

ദുബൈ|യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം നവീകരിച്ച ചരിത്രപ്രസിദ്ധമായ അൽ ഫഹീദി കോട്ട സന്ദർശിച്ചു. ദുബൈ കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി ചെയർപേഴ്‌സൺ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വെള്ളിയാഴ്ച നടന്ന സന്ദർശനത്തിൽ, നവീകരിച്ച അൽ ഫഹീദി ഫോർട്ട് മ്യൂസിയം ചുറ്റിക്കണ്ട ശൈഖ് മുഹമ്മദ് ചരിത്രസ്മാരകം സംരക്ഷിക്കുന്നതിനും സന്ദർശകർക്ക് പുതിയ അനുഭവം നൽകുന്നതിനുമായി നടപ്പാക്കിയ പ്രവർത്തനങ്ങൾ വിലയിരുത്തി.

രണ്ട് നൂറ്റാണ്ടിലേറെയായി ദുബൈയുടെ വളർച്ചക്ക് സാക്ഷ്യം വഹിക്കുന്ന ഏറ്റവും പഴക്കമുള്ള ചരിത്ര നിർമിതിയാണ് അൽ ഫഹീദി കോട്ടയെന്ന് എക്‌സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിൽ ശൈഖ് മുഹമ്മദ് വ്യക്തമാക്കി. “ദുബൈയുടെ വികസനത്തിന് സാക്ഷ്യം വഹിച്ചും പ്രതിസന്ധി ഘട്ടങ്ങളിൽ നഗരത്തെ സംരക്ഷിച്ചും, ഭരണസിരാകേന്ദ്രമായി പ്രവർത്തിച്ചും 230 വർഷമായി നിലനിൽക്കുന്ന ദുബൈയിലെ ഏറ്റവും പഴക്കമുള്ള ചരിത്രനിർമിതിയാണ് അൽ ഫഹീദി കോട്ടയെന്ന് അദ്ദേഹം കുറിച്ചു.

രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്രം

1787-ൽ നിർമിച്ച അൽ ഫഹീദി കോട്ട ദുബൈയിൽ നിലനിൽക്കുന്ന ഏറ്റവും പഴക്കമുള്ള കെട്ടിടവും പ്രധാന ചരിത്രസ്മാരകവുമാണ്. ബർ ദുബൈയുടെ ഹൃദയഭാഗത്ത് നഗരത്തിന്റെ പ്രതിരോധത്തിനായാണ് കോട്ട ആദ്യം നിർമിച്ചത്. കാലക്രമേണ ദുബൈ ഭരണാധികാരികളുടെ വസതി, ഭരണസിരാകേന്ദ്രം, ആയുധപ്പുര, ജയിൽ എന്നീ നിലകളിലും കോട്ട പ്രവർത്തിച്ചു. യു എ ഇ രൂപീകൃതമായ 1971-ൽ കോട്ട ദുബൈ മ്യൂസിയമാക്കി മാറ്റി. ദുബൈയുടെ ചരിത്രവും പാരമ്പര്യവും ജീവിതരീതിയും പരിചയപ്പെടുത്തുന്ന എമിറേറ്റിലെ ആദ്യത്തെ മ്യൂസിയമായിരുന്നു ഇത്.

2021-ലാണ് ശൈഖ് മുഹമ്മദ് ബിൻ റാശിദിന്റെ നിർദേശപ്രകാരം ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം അൽ ഫഹീദി കോട്ടയുടെ പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമിട്ടത്. ദുബൈ കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റിയുടെ മേൽനോട്ടത്തിൽ നടപ്പാക്കിയ പദ്ധതിയിലൂടെ കോട്ടയുടെ തനതായ വാസ്തുവിദ്യാ സവിശേഷതകൾ സംരക്ഷിച്ചുകൊണ്ട് ആധുനിക മ്യൂസിയം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ചരിത്രരേഖകൾ, പുരാവസ്തുക്കൾ, പഴയകാല ചിത്രങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന ആറ് പ്രധാന ഗാലറികളും ഓഡിയോ-വിഷ്വൽ അവതരണങ്ങളും ഇന്ററാക്ടീവ് ത്രിമാന പ്രദർശനങ്ങളും നവീകരിച്ച കോട്ടയിൽ സജ്ജമാക്കിയിട്ടുണ്ട്.

Latest