Kerala
വ്യാജ ഹാള്‍ടിക്കറ്റുമായി വിദ്യാര്‍ഥി നീറ്റ് പരീക്ഷക്കെത്തിയ സംഭവം; അക്ഷയ സെന്റര്‍ ജീവനക്കാരി കസ്റ്റഡിയില്‍
നീറ്റ് പരീക്ഷക്ക് അപേക്ഷിക്കുന്നതിന് വിദ്യാര്‍ഥിയുടെ അമ്മ അക്ഷയ സെന്റര്‍ ജീവനക്കാരിക്ക് ഫീസായി 1250 രൂപ നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ പരീക്ഷക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നില്ല.

പത്തനംത്തിട്ട | പത്തനംതിട്ടയില്‍ വ്യാജ ഹാള്‍ടിക്കറ്റുമായി വിദ്യാര്‍ഥി നീറ്റ് പരീക്ഷക്ക് എത്തിയ സംഭവത്തില്‍ അക്ഷയ സെന്റര്‍ ജീവനക്കാരിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വിദ്യാര്‍ഥിയായ തിരുവനന്തപുരം പരശുവെയ്ക്കല്‍ സ്വദേശി ജിത്തു ജി ആറിന് എതിരെ ആള്‍മാറാട്ടത്തിന് കേസെടുത്തിട്ടുമുണ്ട്.വിദ്യാര്‍ഥിക്ക് വ്യാജ ഹാള്‍ടിക്കറ്റ് നിര്‍മിച്ചുനല്‍കി കബളിപ്പിച്ചത് നെയ്യാറ്റിന്‍കരയിലെ അക്ഷയ സെന്റര്‍ ജീവനക്കാരി തിരുപുറം സ്വദേശിനി ഗ്രീഷ്മയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഹാള്‍ടിക്കറ്റ് എടുത്തു നല്‍കിയത് അക്ഷയ സെന്ററിലെ ജീവനക്കാരിയാണെന്ന് വിദ്യാര്‍ഥിയും അമ്മയും മൊഴി നല്‍കിയിരുന്നു. ചോദ്യംചെയ്യലില്‍ ഇക്കാര്യം ഗ്രീഷ്മയും സമ്മതിച്ചിട്ടുണ്ട്. തുടര്‍ന്നാണ് ഗ്രീഷ്മയെ പരശുവയ്ക്കല്‍ ഭാഗത്തുനിന്ന് അന്വേഷണസംഘം പിടികൂടിയത്.
നീറ്റ് പരീക്ഷക്ക് അപേക്ഷിക്കുന്നതിന് വിദ്യാര്‍ഥിയുടെ അമ്മ അക്ഷയ സെന്റര്‍ ജീവനക്കാരിക്ക് ഫീസായി 1250 രൂപ നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ പരീക്ഷക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നില്ല. അമ്മ ഹാള്‍ടിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ ജീവനക്കാരി വ്യാജമായുണ്ടാക്കിയ ഹാള്‍ടിക്കറ്റ് അമ്മയുടെ വാട്സ്ആപ്പിലേക്ക് അയച്ചുകൊടുത്തു. ഇത് ഡൗണ്‍ലോഡ് ചെയ്താണ് വിദ്യാര്‍ഥി അമ്മയ്ക്കൊപ്പം പത്തനംതിട്ടയിലെത്തിയത്. അഭിരാം എന്നയാളുടെ ഹാള്‍ടിക്കറ്റില്‍ തിരിമറി കാണിച്ചാണ് ജിത്തുവിന് ഹാള്‍ടിക്കറ്റ് നല്‍കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം
പരിശോധനയില്‍ ഹാള്‍ ടിക്കറ്റ് വ്യാജമെന്ന് കണ്ടെത്തിയ പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ പരാതിയിലാണ് നടപടി. പത്തനംതിട്ട നഗരത്തിലെ തൈക്കാവ് സ്‌കൂളില്‍ ആണ് വ്യാജ ഹാള്‍ടിക്കറ്റുമായി വിദ്യാര്‍ഥി പരീക്ഷക്ക് എത്തിയത്. വിദ്യാര്‍ഥിയുടെ ഹാള്‍ടിക്കറ്റില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥന്‍ നടത്തിയ പരിശോധനയില്‍ ഇതേ റോള്‍ നമ്പറില്‍ തിരുവനന്തപുരത്ത് മറ്റൊരു കുട്ടി പരീക്ഷയെഴുതുന്നതായി കണ്ടെത്തിയതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് വ്യാജ ഹാള്‍ ടിക്കറ്റമായി വന്ന വിദ്യാര്‍ഥിയെയും അമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ അക്ഷയ സെന്റര്‍ ജീവനക്കാരിയിയാണ് ഹാള്‍ടിക്കറ്റ് നല്‍കിയതെന്ന ഇവര്‍ മൊഴി നല്‍കിയത്. തുടര്‍ന്നാണ് അക്ഷയ സെന്റര്‍ ജീവനക്കാരെ പോലിസ് കസ്റ്റഡിയില്‍ എടുത്തത്.