Connect with us

Travelogue

അക്ഷരങ്ങൾ പറയുന്ന ദേശത്തിന്റെ കഥകൾ

ഹളർമൗത്തിലേക്കുള്ള ഈ യാത്ര വളരെ ചൈതന്യഭരിതമാക്കിയിരുന്നു. പാരമ്പര്യ ഇസ്്ലാമിന്റെ തനത് ജീവിതം ലോകത്തിന്റെ നാനാ ദിക്കുകളിലേക്കും കപ്പൽ കയറിയത് ഈ നാട്ടിൽ നിന്നാണ്. എത്ര ദേശങ്ങളാണ് ഈ മണ്ണിന്റെ സുഗന്ധം ഇന്നും അനുഭവിക്കുന്നത്.

Published

|

Last Updated

ഹളർമൗത്തിലെ ജീവിതത്തിന്റെ ഓരോ ദിനങ്ങളും അനേകം വിസ്മയങ്ങൾ സമ്മാനിച്ചുകൊണ്ടാണ് കടന്നുപോകുന്നത്. എത്ര കേട്ടാലും മതിയാകാത്ത ഒരായിരം കഥകളുറങ്ങുന്ന നാടാണ് ഹളർമൗത്ത്.

അറേബ്യൻ ഉപദ്വീപിന്റെ തെക്ക് ഭാഗത്ത്, ഏദൻ ഉൾക്കടലിനും അറബിക്കടലിനും അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഒരു ചരിത്രദേശം. നയനാനന്ദകരമായ ഒട്ടേറെ കാഴ്ചകളാണ് ഇതുവരെ ഇവിടെ കാണാൻ കഴിഞ്ഞത്. അതിലേറെ മനസ്സിനെ കോൾമയിർ കൊള്ളിക്കുന്ന ശാന്തമായ ജീവിതം ഇവിടത്തുകാർ ആസ്വദിക്കുകയാണ്. പ്രാർഥനാനിർഭരമായ സദസ്സുകൾ, ആത്മജ്ഞാനികളുടെ മധുരമൂറുന്ന ഉപദേശങ്ങൾ, ആരാധനയിൽ മുഴുകി ജീവിതം ധന്യമാക്കുന്ന ആയിരങ്ങൾ… ഹളർമൗത്തിലേക്കുള്ള ഈ യാത്ര വളരെ ചൈതന്യഭരിതമാക്കിയിരുന്നു. പാരമ്പര്യ ഇസ്്ലാമിന്റെ തനത് ജീവിതം ലോകത്തിന്റെ നാനാ ദിക്കുകളിലേക്കും കപ്പൽ കയറിയത് ഈ നാട്ടിൽ നിന്നാണ്. എത്ര ദേശങ്ങളാണ് ഈ മണ്ണിന്റെ സുഗന്ധം ഇന്നും അനുഭവിക്കുന്നത്. ഇന്തോനേഷ്യ ലോകത്തെ ഏറ്റവും കൂടുതൽ മുസ്്ലിംകളുള്ള രാജ്യമായത് യമനീ പണ്ഡിതരുടെ ശ്രമഫലമായിരുന്നുവെന്നാണ് ചരിത്രം. പ്രധാനമായും അഞ്ച് ഭൂഖണ്ഡങ്ങളിലേക്കും ദീനിന്റെ വെളിച്ചവുമായി അനേകം പ്രബോധകർ ഈ നാട് വിട്ടുപോയിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുമായി നമ്മുടെ രാജ്യത്തിന്റെ ഒട്ടേറെ ദേശങ്ങളും ഹള്‌റമി പണ്ഡിതരുടെ തേരോട്ട ഭൂമികയായിരുന്നല്ലോ. “മുകല്ല’ എന്ന കടപ്പുറത്ത് നിന്നാണത്രെ അവരിൽ പലരും ദേശാടനത്തിനായി പായക്കപ്പൽ കയറിയിരുന്നത്.

കേരളത്തിൽ ഹിറ്റായ ചില മാപ്പിളപ്പാട്ടുകളുടെ ഈരടികളിൽ സ്ഥാനം പിടിച്ച രണ്ട് നഗരങ്ങളാണ് ഹളർമൗത്തിലെ ശഹറും മുകല്ലയും. അറബിക്കടൽ തീരത്തെ അതിമനോഹരമായ രണ്ട് നഗരങ്ങളാണിത്. ഹളർമൗത്ത് ഗവർണറേറ്റിന്റെ തലസ്ഥാന നഗരി എന്ന പ്രത്യേകത കൂടി മുകല്ലക്കുണ്ട്. 1912ൽ സ്ഥാപിതമായ ആധുനിക തുറമുഖ സംവിധാനം ഈ തീരദേശ നഗരത്തിന്റെ മാറ്റ് കൂട്ടിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നും കിഴക്കൻ ആഫ്രിക്കൻ തുറമുഖങ്ങളിൽ നിന്നും വന്നണയുന്ന കപ്പലുകൾ ഇവിടെയാണ് നങ്കൂരമിടുന്നത്. സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന മുകല്ലയിലെ “അൽ ഗവൈസി കോട്ട’ പ്രസിദ്ധമാണ്. മുകല്ല നഗരത്തിന്റെ വടക്കുകിഴക്കൻ പ്രവേശന കവാടത്തിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്. എ ഡി 1716ൽ വടക്ക് ഭാഗത്ത് നിന്ന് അറബിക്കടലിന്റെ തീരത്തുള്ള മുകല്ല നഗരത്തെ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങൾ നിരീക്ഷിക്കുക എന്നതായിരുന്നു ഈ കോട്ട നിർമാണത്തിന്റെ ഉദ്ദേശ്യം. ഒരു തുരുത്തിന് മുകളിലായി ഇരുനിലകളുള്ള ഈ കോട്ട ആരെയും വിസ്മയിപ്പിക്കുന്നതാണ്.

ഒഴിവു വേളകളിൽ, ദാറുൽ മുസ്ത്വഫയുടെ സമീപത്തായി സ്ഥിതിചെയ്യുന്ന വാദീ ഐദീദിലെ “മക്തബതുന്നൂർ’ എന്ന ഗ്രന്ഥശാല മിക്ക ദിവസങ്ങളിലും ഞാൻ സന്ദർശിക്കാറുണ്ട്. അനുഭവങ്ങൾ പറഞ്ഞു തരുന്ന കഥകൾക്കപ്പുറം അക്ഷരങ്ങൾക്കും ആ ദേശത്തിന്റെ കഥകളേറെ പറയാനുണ്ടെന്ന് ഇതോടെ ബോധ്യമായി. നൂറുകണക്കിന് ഗ്രന്ഥങ്ങൾക്കിടയിൽ ഹളർമൗത്തിന്റെ ചരിത്രങ്ങൾ മാത്രം വിശദീകരിക്കുന്ന “താരീഖു ഹളർമൗത്ത്’ എന്ന പേരിൽ പ്രഗത്ഭരായ ഗവേഷകരുടെ ഒരു ഡസനിലധികം ഗ്രന്ഥങ്ങൾ ഭംഗിയായി അടുക്കിവെച്ചത് കണ്ടപ്പോൾ അത്ഭുതം തോന്നി. ഹളർമൗത്തിന്റെ ഭൂതകാലത്തെ ആവിഷ്‌കരിക്കാൻ ഇത്രയധികം കനമുള്ള ഗ്രന്ഥങ്ങൾ അവർ എഴുതിവെച്ചിരിക്കുന്നു.! ഹളർമൗത്ത് എന്ന പേരിന്റെ പശ്ചാത്തലം വിശദീകരിക്കാനാണ് എല്ലാ ഗ്രന്ഥങ്ങളുടെയും ആദ്യ ഭാഗങ്ങൾ മാറ്റിവെച്ചിരിക്കുന്നത്. ശേഷം ഹൂദ് നബി (അ) യുടെയും ആദ് സമൂഹത്തിന്റെയും ചരിത്രം മുതൽ ആധുനിക സാഹചര്യങ്ങൾ വരെ പ്രതിപാദിക്കുന്ന ആയിരക്കണക്കിന് പേജുകളുള്ള അനേകം വാള്യങ്ങൾ.

ഹളറമൗത്ത് എന്ന അറബി വാക്യത്തിന് “മരണം ആസന്നമായി’ എന്നാണർഥം. ആദ് സമൂഹത്തിന്റെ നാശത്തിന് ശേഷം ആമിർ ബിൻ ഖഹ്താൻ എന്ന രാജാവിന്റെ ആധിപത്യത്തിലായിരുന്നു അഹ്ഖാഫ് മലനിരകളുടെ താഴെയുള്ള ഈ പ്രദേശം. അദ്ദേഹം പടക്കളത്തിൽ ശത്രുക്കളെ നേരിടുന്നതിൽ അതീവ തന്ത്രജ്ഞനായിരുന്നു. അദ്ദേഹത്തോട് ഏറ്റുമുട്ടാൻ വന്നവർക്ക് മരണം ഉറപ്പാണ്. പിന്നീട് ഈ വിശേഷണത്തെ സൂചിപ്പിക്കുന്ന ഹളറമൗത്ത് എന്ന അറബി വാക്യം അദ്ദേഹത്തിന്റെ സ്ഥാനപ്പേരായി മാറി. ശേഷം അദ്ദേഹത്തിന്റെ അധികാര പരിധിയിലുള്ള നാടിനും ഈ പേര് വന്നുവെന്നാണ് ചരിത്രം. (ദാഇറത്തുൽ മആരിഫ്, ബത്‌റസുൽ ബുസ്താനി)


ലോകത്തിന്റെ വിവിധ ദിക്കുകളിലേക്ക് പലായനം ചെയ്ത മിക്ക സയ്യിദ് വംശജരും പണ്ഡിത കുടുംബങ്ങളും ഹള്‌റമി വേരുകളിൽ ചെന്നെത്തുന്നതായി കാണാം. ഔദ്യോഗികമായി ഹളർമൗത്തിൽ മാത്രം മുപ്പതോളം സയ്യിദ് ഖബീലകളുണ്ട്. പത്തിലധികം ശൈഖ് കുടുംബങ്ങൾ വേറെയുമുണ്ട്. ആധ്യാത്മിക വൈജ്ഞാനിക മുന്നേറ്റം സാധ്യമാക്കുന്നതോടൊപ്പം സാഹിത്യ രംഗത്തും ഹള്‌റമികൾ നിസ്തുലമായ പങ്കുവഹിച്ചിട്ടുണ്ട്. ജാഹിലിയ്യ കവികളിൽ പ്രമുഖനും “സബ്ഉൽ മുഅല്ലഖ’യിലെ പ്രഥമ സ്ഥാനീയനുമായ ഇംറുൽ ഖൈസ് മുതൽ ഇസ്്ലാമിക ലോകത്തെ പ്രശസ്ത കവിയായിരുന്ന കഅബ് ബിൻ സുഹൈറും (റ) “മുഖദ്ദിമ’യുടെ രചയിതാവും തത്വചിന്തകനും ചരിത്രകാരനുമായിരുന്ന ഇബ്‌നു ഖൽദൂനും ഹള്‌റമികളായിരുന്നല്ലോ. അതിന് ശേഷവും സാഹിത്യ ചരിത്ര രംഗങ്ങളിൽ ഒട്ടേറെ പേർ കടന്നുവന്നിട്ടുണ്ട്.

സാഹിത്യത്തിൽ കവിതയാണ് ഹള്‌റമികളുടെ മുഖ്യ ഇനം. അവരുടെ ജീവിതം തന്നെ കാവ്യാത്മകമാണ്. നേരം പുലരുന്നതിന് മുമ്പ് തന്നെ പള്ളികളിൽ നിന്നും മറ്റും സൂഫി കവിതകൾ ആലപിക്കുന്നത് കേൾക്കാം. ഒരു കവിതയെങ്കിലും എഴുതാതെ ഒരു ആത്മീയ ഗുരുവും ഹളർമൗത്തിൽ കഴിഞ്ഞുപോയിട്ടില്ലെന്ന് പറയാം. കവിതയെഴുതുന്നത് ഒരു ആത്മീയ പ്രവർത്തനമായി കണ്ടവരാണ് ഹള്‌റമികൾ. ഇമാം ഹദ്ദാദ് (റ) ന്റെ ഒട്ടേറെ കവിതകൾ ഉൾക്കൊള്ളുന്ന “ദീവാനുൽ ഹദ്ദാദ്’ പ്രസിദ്ധമാണ്. ഒട്ടേറെ വിശദീകരണ ഗ്രന്ഥങ്ങളുള്ള കവിതാ സമാഹാരമാണിത്. ഇമാം അബൂബക്കർ ബിൻ അബ്ദുല്ലാഹിൽ ഐദറൂസ്, അബ്ദുല്ലാഹ് ബിൻ ഹുസൈൻ ബിൻ ത്വാഹിർ, ഹബീബ് അലി ബിൻ മുഹമ്മദുൽ ഹബ്ശി, മുഹമ്മദ് ബിൻ അബ്ദുല്ലാഹിൽ ഹദ്ദാർ തുടങ്ങിയ സൂഫി ഗുരുക്കളുടെ കവിതകൾ സുബ്ഹ് ബാങ്കിന് മുമ്പ് ആലപിക്കുന്നത് ദാറുൽ മുസ്ത്വഫയിലെ പതിവ് കാഴ്ചയാണ്. ജ്ഞാനികളുടെ കവിതകൾ സമൂഹത്തെ ആത്മീയതയിലേക്ക് ആനയിക്കുന്നവയാണ്. നാഥനിലേക്ക് മനസ്സ് തിരിക്കാൻ പ്രേരിപ്പിക്കുകയും വരാനിരിക്കുന്ന അനശ്വരമായ ലോകത്തെ കുറിച്ച് മുന്നറിയിപ്പ് നൽകുകയും വന്നുപോയ പാപങ്ങളിൽ നിന്നും പശ്ചാതപിച്ചു മടങ്ങാനുള്ള തേട്ടവുമെല്ലാമാണ് അത്തരം കവിതകളിലെ വരികൾ.
ഇവിടെ എത്തിയതിന് ശേഷം, കവിത ചൊല്ലാതെ ഒരു സദസ്സും പിരിഞ്ഞുപോകുന്നത് ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. ക്യാമ്പസിൽ നടക്കുന്ന എത്ര ചെറിയ പരിപാടിയാണെങ്കിലും പിരിയുന്നതിന് മുമ്പ് ഹബീബ് ഉമർ തങ്ങൾ, “മനിൽ മുൻശിദ്?’ എന്ന് ചോദിക്കും. കവിത ആലപിക്കാനുള്ള അവസരത്തിനായി തക്കം പാർത്ത് നിൽക്കുന്നവർ കൈ പൊക്കും. ഉടൻ മൈക്ക് അവരുടെ നേരെ നീട്ടും. ഏറ്റുപാടേണ്ട വരികൾ ഒരേ സ്വരത്തിൽ എല്ലാവരും പാടും. ചില നിമിഷക്കവികൾ ആ സദസ്സിനെ തന്നെ വർണിച്ച് പാടുന്നത് വളരെ ആരവങ്ങളോടെ അവർ ആസ്വദിക്കുന്നത് കാണാം.

Latest