Connect with us

From the print

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അത്യാധുനിക ഓപറേഷന്‍ തിയേറ്റര്‍ സജ്ജം

ഒരുങ്ങിയത് സര്‍ജിക്കല്‍ സൂപര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍.

Published

|

Last Updated

കോഴിക്കോട് | ഗവ. മെഡിക്കല്‍ കോളജില്‍ ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ മാറ്റിവെക്കുന്നതിനുള്ള അത്യാധുനിക ഓപറേഷന്‍ തിയേറ്ററുകള്‍ പ്രവര്‍ത്തന സജ്ജമായി. സര്‍ജിക്കല്‍ സൂപര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് 14 ഓപറേഷന്‍ തിയേറ്ററുകള്‍ സജ്ജമാക്കിയത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ യാഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിലവില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഇവിടെ നടക്കുന്നുണ്ട്. കോട്ടയം മെഡിക്കല്‍ കോളജിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി ആരംഭിച്ചിരുന്നു.

തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലും കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇതിന്റെ ഭാഗമായാണ് പുതിയ ഓപറേഷന്‍ തിയേറ്ററുകളില്‍ അവയവം മാറ്റിവെക്കാനുള്ള സംവിധാനങ്ങള്‍ കൂടി ഒരുക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ജിക്കല്‍ സൂപര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ കാര്‍ഡിയോ വാസ്‌കുലാര്‍ സര്‍ജറി, യൂറോളജി, സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്‍ട്രോളജി, ന്യൂറോ സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി വിഭാഗങ്ങള്‍ക്കുള്ള ഓപറേഷന്‍ തിയേറ്ററുകളും തീവ്രപരിചരണ വിഭാഗങ്ങളുമാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഓരോ വിഭാഗത്തിനുമായി 20 ഐ സി യു കിടക്കകള്‍ സജ്ജമാക്കി. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം നേരത്തേ തന്നെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. അഞ്ച് സര്‍ജിക്കല്‍ സൂപര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍ക്കൊപ്പം അനസ്തേഷ്യ വകുപ്പിന്റെ ഒരു വിഭാഗം കൂടി ഈ ബ്ലോക്കിലേക്ക് മാറ്റിയിട്ടുണ്ട്. 195.93 കോടി രൂപ ചെലവഴിച്ച് ഏഴ് നിലകളിലായി നിര്‍മിച്ച സൂപര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് 2023 മാര്‍ച്ചിലാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.