Connect with us

bjp kerala

ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ 'സർജിക്കൽ സ്ട്രൈക്ക്' തടയാൻ സുരേന്ദ്ര പക്ഷം

നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പ്രസിഡന്റിനെ മാറ്റുക എന്ന മുറവിളി സുരേന്ദ്രന്‍ വിരുദ്ധ ഗ്രൂപ്പ് ശക്തമാക്കിയിരുന്നു.

Published

|

Last Updated

കോഴിക്കോട് | ബി ജെ പി സംസ്ഥാന പ്രസിഡന്റ് പദവിയില്‍ നിന്ന് കെ സുരേന്ദ്രനെ മുന്നറിയിപ്പില്ലാതെ മാറ്റാനുള്ള കേന്ദ്ര നീക്കം തടയാന്‍ ശക്തമായ ഇടപെടല്‍. ദേശീയ സംഘടനാ ജന.സെക്രട്ടറി ബി എല്‍ സന്തോഷ് വഴിയാണ് ഇതിനായി ഓപ്പറേഷന്‍ നടക്കുന്നത്. മഞ്ചേശ്വരം മണ്ഡലത്തില്‍ പത്രിക പിന്‍വലിക്കാന്‍ ബി എസ് പി സ്ഥാനാര്‍ഥിക്ക് കോഴ നല്‍കിയ കേസില്‍ അറസ്റ്റിനു സാധ്യതയുള്ളതിനാല്‍ ഈ ഘട്ടത്തില്‍ പ്രസിഡന്റ് പദവിയില്‍ നിന്നു മാറ്റുന്നത് പാര്‍ട്ടിക്ക് ഇരട്ടി ക്ഷീണം ചെയ്യും എന്നു നേതൃത്വത്തെ ബോധ്യപ്പെടുത്താനാണു ശ്രമം. സുരേന്ദ്രനെ മാറ്റി ഡിസംബറിനു മുമ്പ് പുതിയ അധ്യക്ഷനെ നിയമിക്കാന്‍ കേന്ദ്ര നേതൃത്വം ആലോചന നടത്തുന്നതായാണു വിവരം.

ഇതിനിടെ സംസ്ഥാന നേതൃത്വം പോലും പ്രതീക്ഷിക്കാതെ  പൊടുന്നനെ പുതിയ പ്രസിഡന്റിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം തടയാന്‍ ബി എല്‍ സന്തോഷ് വഴി കേന്ദ്രമന്ത്രി വി മുരളീധരന്‍ ഇടപെടല്‍ ശക്തമാക്കിയതെന്നാണു വിവരം. കെ സുരേന്ദ്രനേയും കേരളത്തിലെ സംഘടനാ ജന.സെക്രട്ടറി എം ഗണേഷനേയും ദേശീയ നേതൃത്വം ഡല്‍ഹിക്കു വിളിപ്പിച്ചതോടെയാണ് സ്ഥാനമാറ്റം എപ്പോഴും ഉണ്ടായേക്കാമെന്ന സൂചന പരന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പ്രസിഡന്റിനെ മാറ്റുക എന്ന മുറവിളി സുരേന്ദ്രന്‍ വിരുദ്ധ ഗ്രൂപ്പ് ശക്തമാക്കിയിരുന്നു. തോല്‍വി പഠിക്കാന്‍ അഞ്ച് ജനറല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാനത്താകെ ബൂത്തുതലം മുതല്‍ ജില്ലാതലം വരെ  പ്രവര്‍ത്തകരെ കണ്ടു വിവര ശേഖരണം നടത്തി  തയാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്ര നേതൃത്വത്തിനു മുമ്പിലുണ്ട്.  സംസ്ഥാന കോര്‍ കമ്മിറ്റി ചര്‍ച്ച ചെയ്ത ശേഷം അവരുടെ അഭിപ്രായങ്ങള്‍ സഹിതമാണ് റിപ്പോര്‍ട്ട് കേന്ദ്രത്തിനയച്ചത്. താഴെത്തട്ടില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ചും കോര്‍ കമ്മിറ്റി  നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്.

സംസ്ഥാന നേതൃത്വത്തിലെ മാറ്റവും ജില്ലാ പ്രസിഡന്റ് നിയമനവും ദേശീയ നേതൃത്വമാണ് പ്രഖ്യാപിക്കുക.  സംസ്ഥാന നേതൃത്വത്തിന്റെ മാറ്റം പ്രഖ്യാപിക്കുന്നതിന്  വേറെ നടപടിക്രമങ്ങളൊന്നുമില്ല. ഒരു ഫോണ്‍വിളിയിലൂടെയാവും സംസ്ഥാന പ്രസിഡന്റ് സ്ഥാനമൊഴിയുന്നതും പുതിയ പ്രസിഡന്റിനെ നിയമിക്കുന്നതും. സുരേന്ദ്രന്‍ പോലീസ് നടപടികള്‍ക്കു വിധേയമായിരിക്കുമ്പോഴാണ് ഇത്തരം അപ്രതീക്ഷിത നീക്കം ഉണ്ടാവുന്നത് എങ്കില്‍ പാര്‍ട്ടിയിലെ വിരുദ്ധ ഗ്രൂപ്പും പൊതുജനങ്ങളും മറ്റൊരു തരത്തില്‍ ഇതു വ്യാഖ്യാനിക്കും എന്നതിനാലാണ് ഇത്തരം നീക്കം തടയാന്‍ ശ്രമം ആരംഭിച്ചത്. തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാത്ത സംസ്ഥാനങ്ങളിലെല്ലാം നേതൃമാറ്റം നടപ്പാക്കിവരുകയാണ് പാര്‍ട്ടി എന്നതിനാല്‍ കേരളത്തിന് മാത്രം ഇളവു ലഭിക്കില്ലെന്നുറപ്പാണ്. കൈവശമുണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെടുത്തിയതിനൊപ്പം, വന്‍ സാമ്പത്തിക വിവാദവും കേരളത്തില്‍ ഉയര്‍ന്നു. കൊടകര കുഴല്‍പ്പണക്കേസ് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ഗുരുതരമായി ബാധിച്ചു. ഇതിനു പുറമെയാണ് മഞ്ചേശ്വരത്തും വയനാട്ടിലും തിരഞ്ഞെടുപ്പ് കോഴ കേസുകളും ഉയര്‍ന്നുവന്നത്.

ശബരിമല പോലെ വലിയൊരു ആയുധം കൈയില്‍ കിട്ടിയിട്ടും യുവാവായ പ്രസിഡന്റ് നേതൃത്വം നല്‍കിയിട്ടും പാര്‍ട്ടിക്കു കേരളത്തില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ഇതോടൊപ്പം പാര്‍ട്ടിയിലെ ഗ്രൂപ്പിസം ഏറ്റവും രൂക്ഷമായി. തുടര്‍ച്ചയായി അധികാരത്തില്‍ നിന്നു പുറത്തായ കോണ്‍ഗ്രസിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ പുറത്തുപോകുന്ന ഒരു നേതാവിനേയും ബി ജെ പിക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നില്ല. ഇതേ സമയം, തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാതിരുന്ന തമിഴ്‌നാട്ടില്‍ മുന്‍ ഐ പി എസുകാരനെ സംസ്ഥാന പ്രസിഡന്റാക്കിയതോടെ സുരേന്ദ്രന് പകരം പ്രസിഡന്റ് പദം കിട്ടാനായി മുന്‍ ഐ പി എസ്, ഐ എ എസ് ഓഫീസര്‍മാരില്‍ പലരും നീക്കം ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെട്ട് ഇതിനുള്ള കരുക്കള്‍ നീക്കുകയാണ് അവര്‍. ഏറെ കാലത്തെ പരിചയമുള്ള ഹിന്ദു ഐക്യവേദി പ്രസിഡന്റ് വല്‍സന്‍ തില്ലങ്കേരി, എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍ തുടങ്ങിയ പേരുകള്‍ വെട്ടി ബ്യൂറോക്രാറ്റ് പുതുമുഖങ്ങളെ കേന്ദ്രം കെട്ടിയിറക്കുമോ എന്നാണ് അണികള്‍ ഉറ്റുനോക്കുന്നത്. ചുരുങ്ങിയ കാലത്തില്‍ തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് ഉയര്‍ന്നുവന്ന ചെറുപ്പക്കാരനായ മുന്‍ ഐ പി എസ് ഓഫിസര്‍ കെ അണ്ണാമലെയെ ബി ജെ പി സംസ്ഥാന പ്രസിഡന്റായി ദേശീയ നേതൃത്വം പ്രഖ്യാപിച്ചതിന്റെ ചുവടു പിടിച്ച് കേരളത്തിലും സമാനമായ നോമിനേഷനാണ് ചിലര്‍ ആഗ്രഹിക്കുന്നത്.