Connect with us

Kerala

സംഘ്പരിവാര്‍ ഇന്ത്യയെ ബ്രാഹ്മണിക്കല്‍ കാലഘട്ടത്തിലേക്ക് കൊണ്ടുപോകുന്നു: പിണറായി

സ്റ്റാലിന്‍ തന്റെ സഹോദരനാണെന്ന് പിണറായി. വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികാഘോഷ ചടങ്ങിലേക്ക് സ്റ്റാലിനെ ക്ഷണിച്ചു.

Published

|

Last Updated

നാഗര്‍കോവില്‍ | രാജ്യത്തെ ബ്രാഹ്മണിക്കല്‍ കാലഘട്ടത്തിലേക്കാണ് സംഘ്പരിവാര്‍ കൊണ്ടുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘ്പരിവാറിന് ജനാധിപത്യത്തോട് അലര്‍ജിയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തന്റെ സഹോദരനാണെന്നും പിണറായി പറഞ്ഞു. നാഗര്‍കോവിലില്‍ മാറുമറക്കല്‍ സമരത്തിന്റെ 200-ാം വാര്‍ഷിക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. മാറുമറക്കല്‍ സമര വാര്‍ഷികവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മതനിരപേക്ഷ പുരോഗമന മുന്നണി നാഗര്‍കോവിലില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പിണറായി വിജയനും എം കെ സ്റ്റാലിനും വേദി പങ്കിട്ടത്.

സംഘ്പരിവാര്‍ പശു കേന്ദ്രീകൃത രാഷ്ട്രീയമാണ് നടത്തുന്നത്. നമ്മുടെ നാട്ടില്‍ ഇപ്പോഴും സനാതന ഹിന്ദുത്വം എന്ന വാക്ക് മുഴങ്ങി കേള്‍ക്കുന്നു. ബ്രാഹ്മണാധിപത്യത്തിന്റെ രാജവാഴ്ച കാലമാണ് സംഘ്പരിവാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങളില്ലാത്ത ചുരുക്കം ചില സംസ്ഥാനങ്ങളേ ഉള്ളൂവെന്നും അതില്‍ ഒന്ന് തമിഴ്‌നാടും മറ്റൊന്ന് കേരളവുമാണെന്നും പിണറായി ചൂണ്ടിക്കാട്ടി.

ഉപ തിരഞ്ഞെടുപ്പ് ഫലം വ്യക്തമായ രാഷ്ട്രീയ സൂചനയാണ് നല്‍കുന്നത്. ബി ജെ പിയുമായുള്ള സഖ്യം പലരും ഉപേക്ഷിക്കുന്നു. ത്രിപുരയില്‍ തിപ്ര മോത പാര്‍ട്ടി വോട്ട് ഭിന്നിപ്പിച്ചില്ലായിരുന്നെങ്കില്‍ മറ്റൊന്നാകുമായിരുന്നു ഫലം. ബി ജെ പിക്ക് ത്രിപുരയില്‍ 10 ശതമാനം വോട്ട് കുറഞ്ഞുവെന്നും പിണറായി പറഞ്ഞു.

വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി കേരളവും തമിഴ്‌നാടും ഒന്നിച്ച് ആഘോഷിക്കണമെന്ന എം കെ സ്റ്റാലിന്റെ ആവശ്യം പിണറായി അംഗീകരിച്ചു. പരിപാടിയില്‍ ആദ്യം പ്രസംഗിച്ച എം കെ സ്റ്റാലിനാണ് വൈക്കം സത്യഗ്രഹം ഒരുമിച്ച് ആഘോഷിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പിണറായി സ്റ്റാലിനെ ക്ഷണിക്കുകയും ചെയ്തു.

 

Latest