Connect with us

local body election 2025

ശ്രീകൃഷ്ണപുരം പഞ്ചായത്ത്; വികസനത്തെ ചൊല്ലി ഭരണ- പ്രതിപക്ഷ പോര്

കഴിഞ്ഞ ഭരണസമിതിയിലെ അഞ്ച് വര്‍ഷത്തെ വികസനനേട്ടങ്ങള്‍ നിരത്തി ഇടത് ജനങ്ങളെ സമീപിക്കുമ്പോള്‍ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ഇടതിന്റെ കോട്ടയില്‍ വിള്ളല്‍ ഏല്‍പ്പിക്കാനാണ് യു ഡി എഫിന്റെ ശ്രമം.

Published

|

Last Updated

ചെത്തല്ലൂര്‍ | ശ്രീകൃഷ്ണപുരം പഞ്ചായത്ത് ഇടതിന്റെ ശക്തി കേന്ദ്രമാണെങ്കിലും ഇത്തവണ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് യു ഡി എഫ്. കഴിഞ്ഞ ഭരണസമിതിയിലെ അഞ്ച് വര്‍ഷത്തെ വികസനനേട്ടങ്ങള്‍ നിരത്തി ഇടത് ജനങ്ങളെ സമീപിക്കുമ്പോള്‍ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ഇടതിന്റെ കോട്ടയില്‍ വിള്ളല്‍ ഏല്‍പ്പിക്കാനാണ് യു ഡി എഫിന്റെ ശ്രമം.

വനിതകളുടെ ആരോഗ്യസംരക്ഷണത്തിന് പ്രത്യേക പോഷകാഹാര പദ്ധതി നടപ്പാക്കിയതായി ശ്രീകൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്റും സി പി എം ജനപ്രതിനിധിയുമായ സി രാജിക അഭിപ്രായപ്പെട്ടു. കാര്‍ഷികമേഖലയില്‍ സമഗ്ര നെല്‍കൃഷി വികസന പരിപാടി, പരിശീലനങ്ങളോടൊപ്പം കേരഗ്രാമം, മട്ടുപ്പാവ് പച്ചക്കറി, കിഴങ്ങുവിളകള്‍, അടുക്കളത്തോട്ടം, ഫലവൃക്ഷ വ്യാപനം എന്നിവക്ക് പ്രോത്സാഹനം നല്‍കി.

തരിശുഭൂമികളില്‍ ഹരിതവത്കരണം, മൃഗാശുപത്രിയില്‍ മൊബൈല്‍ ആംബുലന്‍സ് ഉള്‍പ്പെടെ രാത്രികാല സേവനങ്ങൾ, എല്ലാ വീടുകളിലേക്കും കുടിവെള്ള കണക‌്ഷന്‍, കുടുംബശ്രീയില്‍ സി ഡി എസ് അവാര്‍ഡ്, സംസ്ഥാനത്തലത്തില്‍ നാല് അവാര്‍ഡുകള്‍, അതിദരിദ്രരില്ലാത്ത പഞ്ചായത്ത് പ്രഖ്യാപനം, കുടിവെള്ള കിണറുകള്‍ ഉള്‍പ്പെടെയുള്ള പൊതു കുടിവെള്ള സ്രോതസ്സുകളുടെ സംരക്ഷണം, തെളിനീരൊഴുകും നവകേരളം പദ്ധതി മുഖേന കരിമ്പുഴയില്‍ നിന്ന് ചെളിനീക്കം ചെയ്തെടുത്ത് നീരൊഴുക്ക് സുഗമമാക്കി തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി പഞ്ചായത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെന്നും പ്രസിഡന്റ് അവകാശപ്പെട്ടു.

അതേസമയം, കാര്യക്ഷമമായി പദ്ധതികള്‍ നടപ്പാക്കാതെ പഞ്ചായത്തിനെ പിറകോട്ട് വലിപ്പിച്ചുവെന്നാണ് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ്സ് പ്രതിനിധിയുമായ സി ലീലയുടെ വാദം. വികസന പദ്ധതികള്‍ പ്രഖ്യാപനത്തില്‍ മാത്രമാണ് നടപ്പാക്കിയതെന്നും അവാര്‍ഡ് നേടിയെന്ന് പറയുന്ന പഞ്ചായത്തില്‍ എന്ത് വികസന പദ്ധതികളാണ് വന്നതെന്ന് പ്രസിഡന്റ് വ്യക്തമാക്കണമെന്നും പ്രതിപക്ഷനേതാവ് വെല്ലുവിളിച്ചു.

ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ പണത്തിനായി നെട്ടോട്ടമോടുകയാണ്. പദ്ധതി വിഹിതം തുടര്‍ച്ചയായി വെട്ടിക്കുറച്ചതുമൂലം പശ്ചാത്തല വികസന പദ്ധതികളെല്ലാം താളം തെറ്റി. ആരോഗ്യരംഗത്ത് ഒരു വികസന പ്രവര്‍ത്തവും ഏറ്റെടുക്കാനായില്ല. കുടുംബശ്രീയെ കേവലം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചു. സ്വജനപക്ഷപാതത്തിലൂടെ പിന്‍വാതില്‍ നിയമനങ്ങള്‍ പഞ്ചായത്തിന്റെയും ഘടകസ്ഥാപനങ്ങളുടെയും ജനകീയതയും ഗുണമേന്മയും നഷ്ടപ്പെടുത്തി. ഇങ്ങനെ അക്കമിട്ട് നിരത്തിയാണ് പ്രതിപക്ഷനേതാവ് ഭരണസമിതിക്കെതിരെ ആഞ്ഞടിക്കുന്നത്.

 

---- facebook comment plugin here -----

Latest