International
ദക്ഷിണാഫ്രിക്കയില്‍ വീട്ടില്‍ നടത്തിയ പാര്‍ട്ടിക്കിടെ വെടിവെപ്പ്; ഗര്‍ഭിണിയടക്കം 11 പേര്‍ കൊല്ലപ്പെട്ടു
ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക തള്ളിക്കളയാനാവില്ലെന്ന് പോലീസ്
കേപ് ടൗണ്‍ | ദക്ഷിണാഫ്രിക്കയിലെ ഒരു വീട്ടില്‍ പാര്‍ട്ടിക്കിടെയുണ്ടായ വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഗര്‍ഭിണിയും ഉള്‍പ്പെടുന്നുവെന്ന് പോലീസ വ്യക്തമാക്കി.സംഭവത്തില്‍ മറ്റ് മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.കിഴക്കന്‍ തീര നഗരമായ ഡര്‍ബന് ഏകദേശം 30 കിലോമീറ്റര്‍ അകലെ ക്വാമഖുത ടൗണ്‍ഷിപ്പില്‍ ചൊവ്വാഴ്ച രാത്രിയാണ് വെടിവെപ്പുണ്ടായത്. ഒരു പാര്‍ടിക്കായി ആളുകള്‍ വീട്ടില്‍ ഒത്തുകൂടിയപ്പോഴാണ് പ്രതികള്‍ അകത്തേക്ക് അതിക്രമിച്ച് കയറി വെടിയുതിര്‍ത്തതെന്ന് പോലീസ് പറഞ്ഞു.
പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.
അതേ സമയം, വെടിവെപ്പിന്റെ കാരണം വ്യക്തമല്ല. പാര്‍ട്ടിക്കെത്തിയവരില്‍ ചിലര്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ പോലീസിന്റെ നിരീക്ഷണത്തിലുള്ളവരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഈ അന്വേഷണങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ പോലീസ് തയ്യാറായില്ല.വെടിവെപ്പിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെങ്കിലും, ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക തള്ളിക്കളയാനാവില്ലെന്ന് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.
സമീപ വര്‍ഷങ്ങളില്‍ ദക്ഷിണാഫ്രിക്കയില്‍ നടന്നിട്ടുള്ള നിരവധി കൂട്ട വെടിവെപ്പുകളില്‍ ഏറ്റവും അവസാനത്തെ സംഭവമാണിത്. കഴിഞ്ഞ ജൂണില്‍ ജോഹന്നസ്ബര്‍ഗിലെ ഒരു ചേരി പ്രദേശത്ത്് 12 പേരെ കൊലപ്പെടുത്തിയ സംഭവവും ഇതില്‍ ഉള്‍പ്പെടുന്നു.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക. ഇവിടെ പ്രതിദിനം 60 കൊലപാതകങ്ങള്‍ വരെ നടക്കുന്നുണ്ട്.
Content Highlights: Eleven people including a pregnant woman were killed in a mass shooting at a house party in KwaMakhutha near Durban, South Africa. Three others were injured when gunmen stormed the house. Police suspect potential gang rivalry as an investigation continues to identify and apprehend the suspects.




