Connect with us

National

തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന നിയമത്തിനെതിരായ ഹർജികൾ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

വിഷയത്തിൽ രണ്ടു ജഡ്ജിമാർ അടങ്ങിയ ബെഞ്ചിൽ ഭിന്നാഭിപ്രായ ഉയർന്നതിനെ തുടർന്നാണ് കേസ് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കായി മാറ്റിയത്.

Published

|

Last Updated

ന്യൂഡൽഹി | ചീഫ് ഇലക്ഷൻ കമ്മീഷണർ (Chief Election Commissioner), ഇലക്ഷൻ കമ്മീഷണർമാർ എന്നിവരുടെ നിയമനവുമായി ബന്ധപ്പെട്ട 2023 ലെ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് (Constitution Bench) വിട്ടു. വിഷയത്തിൽ രണ്ടു ജഡ്ജിമാർ അടങ്ങിയ ബെഞ്ചിൽ ഭിന്നാഭിപ്രായ ഉയർന്നതിനെ തുടർന്നാണ് കേസ് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കായി മാറ്റിയത്.

ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമത്തിനെതിരെയുള്ള ഹർജികൾ ഭരണഘടനാ ബെഞ്ചിന് വിടേണ്ടതുണ്ടോ എന്ന കാര്യത്തിലാണ് ബെഞ്ചിലെ ജഡ്ജിമാരായ ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവർക്കിടയിൽ ഭിന്നാഭിപ്രായം ഉടലെടുത്തത്. ഹർജികൾ ഉയർന്ന ഭരണഘടനാ പ്രാധാന്യമുള്ളതാണെന്നും അതിനാൽ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലേക്ക് മാറ്റണമെന്നുമുള്ള കേന്ദ്ര സർക്കാറിന്റെ വാദം ജസ്റ്റിസ് ദീപാങ്കർ ദത്ത തള്ളി. എന്നാൽ ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ ഈ നിലപാടിനോട് വിയോജിക്കുകയും വിഷയം വിശാല ബെഞ്ച് പരിഗണിക്കേണ്ടതാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

തുടർന്ന്, ഫലപ്രദവും ആധികാരികവുമായ തീരുമാനത്തിനായി അനുയോജ്യമായ ബെഞ്ച് രൂപീകരിക്കുന്നതിന് വിഷയം ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന് മുന്നിൽ സമർപ്പിക്കാൻ ഇരു ജഡ്ജിമാരും സമ്മതിക്കുകയായിരുന്നു. കൂടാതെ, ഭാവിയിൽ ഇത്തരം ഭരണഘടനാ വിഷയങ്ങൾ തീരുമാനിക്കുന്നതിനായി ഒരു സ്ഥിരം അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നത് പരിഗണിക്കാൻ സുപ്രീം കോടതി ബെഞ്ച് ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിച്ചു.

ചീഫ് ഇലക്ഷൻ കമ്മീഷണർ, ഇലക്ഷൻ കമ്മീഷണർമാർ എന്നിവരുടെ നിയമന പാനലിൽ നിന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്ന ‘ചീഫ് ഇലക്ഷൻ കമ്മീഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മീഷണേഴ്സ് ആക്ട് 2023’ (Chief Election Commissioner and Other Election Commissioners Act 2023) ന്റെ നിയമസാധുതയെ ചോദ്യം ചെയ്തുള്ള ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

2023 മാർച്ച് 2 ന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ചരിത്രപരമായ വിധിയിൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനങ്ങളിൽ എക്സിക്യൂട്ടീവ് ഇടപെടൽ ഒഴിവാക്കാൻ പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയുടെ ശുപാർശയിൽ രാഷ്ട്രപതി നിയമനം നടത്തണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാൽ ഈ സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിക്കൊണ്ടാണ് കേന്ദ്ര സർക്കാർ പുതിയ നിയമം നിർമ്മിച്ചത്.

Content Highlights

The Supreme Court has referred petitions challenging the 2023 CEC and EC appointment law to a 5-judge Constitution Bench after a 2-judge bench delivered a split verdict on the matter.

---- facebook comment plugin here -----

Latest