Connect with us

Kerala

മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എട്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ലോകകേരള സഭ പിരിച്ചുവിട്ട് ഫലപ്രദമായ മറ്റൊരു സംവിധാനം ഉണ്ടാക്കും. മന്ത്രിമാര്‍ വിദേശത്തു പോയതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ധൂര്‍ത്ത് ഉണ്ടായിട്ടില്ല.

Published

|

Last Updated

തിരുവനന്തപുരം | മഴക്കെടുതിയില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എട്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിനു ശേഷം വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ അറിയിച്ചതാണ് ഇക്കാര്യം.

മുന്‍ ഇടത് സര്‍ക്കാര്‍ കൊണ്ടുവന്ന ലോകകേരള സഭ പിരിച്ചുവിട്ട് പകരം ഫലപ്രദമായ മറ്റൊരു സംവിധാനം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യത്തെ ലോക കേരളസഭാ യോഗത്തിലെടുത്ത തീരുമാനം തന്നെയാണ് പിന്നീടുള്ള സഭയിലും ഉണ്ടായത്. പുതിയ തീരുമാനങ്ങള്‍ ഒന്നുമുണ്ടായില്ല. അതുകൊണ്ടുതന്നെയാണ് ഇത് പിരിച്ചുവിടാന്‍ തീരുമാനിച്ചതിന്റെ ഒരു കാരണം. പ്രവാസികള്‍ക്ക് മറ്റൊരു പ്ലാറ്റ് ഫോം ഉണ്ടാക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭാ ഉപസമിതി രൂപവത്കരിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

കെ എം ഷാജിയുമായി ബന്ധപ്പെട്ട വാഹന വിവാദം; അനുവാദം കൊടുത്തിരുന്നുവെന്ന് മുഖ്യമന്ത്രി
ആഡംബര വാഹനം ഉപയോഗിച്ചെന്ന വിവാദത്തില്‍ മന്ത്രി കെ എം ഷാജിയെ മുഖ്യമന്ത്രി ന്യായീകരിച്ചു. മന്ത്രിയുടെ വാഹനം കേടായപ്പോള്‍ മറ്റൊരു വാഹനം ഉപയോഗിക്കാന്‍ അനുമതി കൊടുത്തിരുന്നു. തന്റെ കൈയില്‍ അതിന്റെ ഉത്തരവുണ്ട്. തകരാറിലായ വാഹനം നന്നാക്കി കിട്ടിയില്ലെങ്കില്‍ പിന്നെയെന്ത് ചെയ്യും. കെ എം ഷാജി ചെയ്തതില്‍ ഒരു തെറ്റുമില്ലെന്നും എന്തോ വലിയ കുറ്റകൃത്യം ചെയ്തതുപോലെയാണ് അദ്ദേഹത്തെ പലരും ആക്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘2017 മുതല്‍ വാങ്ങിച്ച വണ്ടിയാണ് കേരളത്തിലെ മന്ത്രിമാര്‍ ഉപയോഗിക്കുന്നത്. പുതിയ വാഹനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കിയത് ഭരണനേതൃത്വത്തില്‍ നിന്ന് നല്ലൊരു സന്ദേശം നല്‍കാനാണ്. വഴിയില്‍ വെച്ച് കേടാകുമ്പോള്‍ മന്ത്രിമാര്‍ സുഹൃത്തുക്കളുടെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതില്‍ തെറ്റില്ല.’- മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാര്‍ വിദേശത്തു പോയതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ധൂര്‍ത്ത് ഉണ്ടായിട്ടില്ലെന്നും സര്‍ക്കാരിന് ഒരു പൈസയും ചെലവായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാര്‍ വിദേശത്തുപോയത് മലയാളി സംഘടനകളും അലൂംനികളും സ്വന്തം ചെലവില്‍ ടിക്കറ്റെടുത്ത് ക്ഷണിച്ചതുകൊണ്ടാണ്. ഇതില്‍ സര്‍ക്കാരിന് ഒരു രൂപപോലും ചെലവായിട്ടില്ല. താന്‍ മുന്‍പ് പ്രതിപക്ഷ നേതാവായിരുന്നപ്പോഴും വിദേശയാത്രകള്‍ക്ക് സര്‍ക്കാരിന്റെ പണം ഉപയോഗിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് എല്ലാ സംസ്ഥാനത്തും പവര്‍കട്ടുണ്ടെന്നായിരുന്നു സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെ കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി. പഞ്ചാബില്‍ പത്ത് മണിക്കൂറാണ് കട്ട്. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ താത്ക്കാലികവും ദീര്‍ഘകാലാടിസ്ഥാനത്തിലുമുള്ള ആസൂത്രണങ്ങള്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. 25 വര്‍ഷത്തേക്കുള്ള ദീര്‍ഘകാല കരാര്‍ കഴിഞ്ഞ സര്‍ക്കാര്‍ റദ്ദാക്കിയതും പുതിയ കരാര്‍ രൂപവത്കരിക്കാത്തതുമാണ് പ്രശ്നമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: The Kerala state government has officially announced a financial aid of 8 lakh rupees for the families of individuals who lost their lives in the recent severe rain calamities across the state. This relief package is aimed at providing immediate support to the victims’ dependents facing immense tragedy. The decision was taken during the cabinet meeting to ensure swift disbursement to the affected families.

 

---- facebook comment plugin here -----

Latest