Kerala
ചെന്നിത്തലയുടെ വാക്കത്തോണില്‍ അപ്രതീക്ഷിതമായി സോണിയയും പ്രിയങ്കയും
ലഹരിക്കെതിരെ രമേശ് ചെന്നിത്തല യാത്ര നടത്തുന്ന പത്താമത്തെ ജില്ലയാണ് വയനാട്

കല്‍പ്പറ്റ | ലഹരിക്കെതിരെ വയനാട്ടില്‍ നടന്ന രമേശ് ചെന്നിത്തല നയിക്കുന്ന പ്രൗഡ് കേരള വാക്ക് എഗെന്‍സ്റ്റ് ഡ്രഗ്സ് വാക്കത്തോണിലേക്ക് അപ്രതീക്ഷിത അതിഥികളായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധി എം പിയും എത്തി.
കല്‍പ്പറ്റ മുനിസിപ്പല്‍ ഓഫീസ് മുതല്‍ പുതിയത് ബസ്റ്റാന്‍ഡ് വരെയാണ് വാക്കത്തോണ്‍ നടന്നത്. എം എല്‍ എമാര്‍, കോണ്‍ഗ്രസ് നേതാക്കള്‍, പൗരപ്രമുഖര്‍, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ വാക്കത്തോണില്‍ പങ്കെടുത്തു. ലഹരിക്കെതിരെ രമേശ് ചെന്നിത്തല യാത്ര നടത്തുന്ന പത്താമത്തെ ജില്ലയാണ് വയനാട്. വയനാട് സന്ദര്‍ശനത്തിനെത്തിയ സോണിയാ ഗാന്ധിയും പ്രിയങ്കാഗാന്ധിയും വാക്കത്തോണ്‍ നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തുകയായിരുന്നു.
ലഹരിവിരുദ്ധ പ്രതിജ്ഞ കഴിഞ്ഞു നില്‍ക്കുമ്പോഴാണ് ഒരേ കാറില്‍ ഇരുവരും സമ്മേളന സ്ഥലത്തെത്തിയത്. കാര്‍ നിര്‍ത്തി സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രമേശ് ചെന്നിത്തലയെ കണ്ട് ആശംസ അറിയിച്ചാണ് മടങ്ങിയത്. രമേശ് ചെന്നിത്തലയെ കണ്ടതില്‍ സന്തോഷം പങ്കുവെച്ച സോണിയ പരിപാടിയെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു. വയനാട്ടിലെത്തിയ സോണിയയു പ്രിയങ്കയും ഒരു പൊതുപരിപാടികളിലും പങ്കെടുക്കുന്നില്ല.