Kerala
പാലക്കാട് പട്ടിക്കര വാര്‍ഡ്: ബി ജെ പിയില്‍ തര്‍ക്കം; ഇ കൃഷ്ണദാസിനെതിരെ സി കൃഷ്ണകുമാര്‍ പക്ഷം
വാര്‍ഡില്‍ സ്ഥാനാര്‍ഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ആര്‍ എസ് എസിന് പരാതി നല്‍കി. പട്ടിക്കര നിവാസികള്‍ എന്ന പേരില്‍ 117 പേര്‍ ഒപ്പിട്ട പരാതിയാണ് നല്‍കിയിരിക്കുന്നത്.
പാലക്കാട് | തദ്ദേശ തിരഞ്ഞെടുപ്പില്‍ പട്ടിക്കര വാര്‍ഡില്‍ ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ ഇ കൃഷ്ണദാസിനെതിരെ സി കൃഷ്ണകുമാര്‍ പക്ഷം. വാര്‍ഡില്‍ സ്ഥാനാര്‍ഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ആര്‍ എസ് എസിന് പരാതി നല്‍കി. പട്ടിക്കര നിവാസികള്‍ എന്ന പേരില്‍ 117 പേര്‍ ഒപ്പിട്ട പരാതിയാണ് നല്‍കിയിരിക്കുന്നത്.
ഇ കൃഷ്ണദാസ് മത്സരിക്കുന്നതില്‍ ആര്‍ക്കും താത്പര്യമില്ലെന്നും തീരുമാനം പുനപ്പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ഇ കൃഷ്ണദാസിനെ പാലക്കാട് മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പരാതി ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും മറുപടി പറയേണ്ടത് സംസ്ഥാന ജില്ലാ അധ്യക്ഷന്മാരാണെന്നും ഇ കൃഷ്ണദാസ് പറഞ്ഞു. പാര്‍ട്ടിയാണ് ആരാണ് ചെയര്‍മാന്‍ ആകേണ്ടതെന്നും മറ്റ് സ്ഥാനങ്ങള്‍ വഹിക്കേണ്ടതെന്നും തീരുമാനിക്കുന്നത്. താന്‍ മത്സരിക്കുന്നത് ചെയര്‍മാന്‍ സ്ഥാനത്തേക്ക് അല്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, ജില്ലാ നേതൃത്വം തയ്യാറാക്കിയ പട്ടികയില്‍ ഇ കൃഷ്ണദാസിനെ ഒഴിവാക്കിയിരുന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ഇടപെട്ടാണ് ഇ കൃഷ്ണദാസ്, പി സ്മിതേഷ് എന്നിവര്‍ക്ക് മാത്രമാണ് എതിര്‍ വിഭാഗത്തില്‍ നിന്ന് സീറ്റ് നല്‍കിയത്. കൃഷ്ണദാസ് വിജയിച്ചാല്‍ നഗരസഭ ചെയര്‍മാന്‍ ആകാന്‍ സാധ്യതയുണ്ടെന്നത് കണക്കിലെടുത്താണ് വെട്ടാന്‍ നീക്കം നടക്കുന്നത്.





