Connect with us

Kerala

സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലധികം രൂപ വിലയുള്ള വ്യാജമരുന്നുകള്‍ പിടിച്ചെടുത്തു

ആസ്തമ രോഗികള്‍ വ്യാപകമായി ഉപയോഗിച്ച് വരുന്ന, Cipla Ltd എന്ന കമ്പനിയുടെ SEROFLO Rotacaps 250 Inhalerന്റെ വ്യാജ മരുന്നുകളാണ് പിടികൂടിയത്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഒരേ സമയം തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഡ്രഗ്‌സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ 2 ലക്ഷത്തിലധികം രൂപ വിലയുള്ള വ്യാജമരുന്നുകള്‍ പിടിച്ചെടുത്തു. വ്യാജ മരുന്നുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ ഏകോപനത്തില്‍ നടത്തി വന്നിരുന്ന പരിശോധനയിലാണ് ആസ്തമ രോഗികള്‍ വ്യാപകമായി ഉപയോഗിച്ച് വരുന്ന, Cipla Ltd എന്ന കമ്പനിയുടെ SEROFLO Rotacaps 250 Inhalerന്റെ വ്യാജ മരുന്നുകള്‍ കണ്ടെത്തിയത്.

വ്യാജമരുന്ന് ശൃംഖലയില്‍ മരുന്നുകള്‍ വാങ്ങി വില്‍പനയ്ക്കായി സ്റ്റോക്ക് ചെയ്തിരുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം ബാലരാമപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആശ്വാസ് ഫാര്‍മ, തൃശൂര്‍, പൂങ്കുന്നം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Med World ഫാര്‍മ എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നിയമനടപടികള്‍ സ്വീകരിച്ചു. ഈ സ്ഥാപനങ്ങള്‍ക്കെതിരെ കേസും എടുത്തിട്ടുണ്ട്. കൂടാതെ പ്രസ്തുത സ്ഥാപനങ്ങളുടെ ഡ്രഗ്‌സ് ലൈസന്‍സുകള്‍ റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്.

വ്യാജമരുന്ന് ശൃംഖല സംബന്ധിച്ച തുടരന്വേഷണം ഊര്‍ജിതമായി നടത്തി അനിവാര്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. സംസ്ഥാനത്തിന് പുറത്തുനിന്നും മരുന്ന് വാങ്ങുന്ന വ്യാപാരികള്‍, നിര്‍മ്മാതാവില്‍ നിന്നും വ്യാപാരികളുടെ പക്കലേക്ക് എത്തുന്നത് വരെ വിതരണ ശൃംഖലയില്‍ നിന്നുമുള്ള എല്ലാ ബില്ലുകളും സൂക്ഷിക്കേണ്ടതും പരിശോധനയ്ക്ക് ഹാജരാക്കേണ്ടതുമാണ്.

പരിശോധനയില്‍, മതിയായ രേഖകള്‍ ഇല്ലാതെ നിയമ വിരുദ്ധമായി മരുന്നുകള്‍ സൂക്ഷിക്കുന്നത് കണ്ടെത്തുന്ന പക്ഷം പ്രസ്തുത സ്ഥാപനങ്ങളുടെ ഡ്രഗ് ലൈസന്‍സുകള്‍ റദ്ദാക്കുന്നതാണെന്നും സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest