Uae
ദുബൈ എയര്‍ ഷോ: 32 എയര്‍ബസുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി ഇത്തിഹാദ് എയര്‍വേയ്‌സ്
2030-ഓടെ വിമാനങ്ങളുടെ എണ്ണം 170-ല്‍ നിന്ന് 200 ആയി വര്‍ധിപ്പിക്കും. 2030-ഓടെ യാത്രക്കാരുടെ എണ്ണം 3.7 കോടിയായി ഉയര്‍ത്താനുള്ള ലക്ഷ്യം നേടാനാണിത്.
ദുബൈ | ഇത്തിഹാദ് എയര്‍വേയ്‌സ് 32 പുതിയ എയര്‍ബസ് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതായി എയര്‍ലൈന്‍ സി ഇ ഒ. അന്റോണോള്‍ഡോ നെവ്സ് അറിയിച്ചു. കാര്‍ഗോ വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള വലിയ വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള തീരുമാനത്തിന്റെ ഭാഗമാണിത്. ഈ ഓര്‍ഡറിനൊപ്പം, 2030-ഓടെ വിമാനങ്ങളുടെ എണ്ണം 170-ല്‍ നിന്ന് 200 ആയി വര്‍ധിപ്പിക്കും. 2030-ഓടെ യാത്രക്കാരുടെ എണ്ണം 3.7 കോടിയായി ഉയര്‍ത്താനുള്ള ലക്ഷ്യം നേടാനാണിത്.
ഏകദേശം 15 എയര്‍ബസ് എ330-900 നിയോ (എ330 വൈഡ്-ബോഡി എയര്‍ലൈനറിന്റെ നവീകരിച്ച പതിപ്പ്), 10 മുതല്‍ 15 വരെ കാര്‍ഗോ വിമാനങ്ങള്‍, ഏകദേശം 10 എ350-1000 (ദീര്‍ഘദൂര, വൈഡ്-ബോഡി ഇരട്ട എന്‍ജിന്‍ എയര്‍ലൈനര്‍) എന്നിവയാണ് ഏറ്റവും പുതിയ ഓര്‍ഡറില്‍ ഉള്‍പ്പെടുന്നത്. ഈ വിമാനങ്ങളുടെ കൈമാറ്റം വരും വര്‍ഷങ്ങളില്‍ നടക്കുമെന്ന് നെവ്സ് പറഞ്ഞു. ഈ വര്‍ഷം ജൂലൈയില്‍ ഇത്തിഹാദ്, ആദ്യത്തെ എയര്‍ബസ് എ321 എല്‍ ആര്‍ (ലോംഗ് റേഞ്ച്) ഏറ്റെടുത്തിരുന്നു.
ദുബൈയില്‍ ഹാന്‍ഡ് ബാഗേജുമായി യാത്ര ചെയ്യുന്നവര്‍ക്ക് ചെക്ക്-ഇന്‍ ഒഴിവാക്കിയേക്കും
ഹാന്‍ഡ് ബാഗേജുമായി മാത്രം യാത്ര ചെയ്യുന്നവര്‍ക്ക് ചെക്ക്-ഇന്‍ ഒഴിവാക്കുന്നത് ഉള്‍പ്പെടെ യാത്ര കൂടുതല്‍ സുഗമമാക്കുന്നതിനുമുള്ള നടപടികള്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നതായി ദുബൈ എയര്‍പോര്‍ട്ട്‌സ് സി ഇ ഒ പോള്‍ ഗ്രിഫിത്ത്സ് പറഞ്ഞു.
യാത്ര ചെയ്യുമ്പോള്‍ ആളുകള്‍ക്ക് ഏറ്റവും വിലപ്പെട്ടത് സമയമാണ്. ചെക്ക്-ഇന്‍ ഡെസ്‌കിനായി ആളുകളെ വരിയില്‍ നിര്‍ത്തുന്നത് അഭികാമ്യമല്ല. സാങ്കേതികവിദ്യയും നടപടിക്രമങ്ങളും ഉപയോഗിച്ച് ജീവിതം ലളിതമാക്കാനും വേഗത കൂട്ടാനും സാധിക്കുന്ന ആവേശകരമായ കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ‘ഒരു തടസ്സവുമില്ലാത്ത’ യാത്രാനുഭവം (ഫ്രിക്ഷന്‍ലെസ് എക്സ്പീരിയന്‍സ്) സൃഷ്ടിക്കാനാണ് ദുബൈ എയര്‍പോര്‍ട്ട്‌സ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ കാര്യങ്ങള്‍ നടപ്പിലാക്കും. നടപടികള്‍ കൂട്ടിച്ചേര്‍ക്കുന്നതിന് പകരം എടുത്തുമാറ്റാനാണ് ശ്രമിക്കുന്നതെന്നും പോള്‍ ഗ്രിഫിത്ത്സ് കൂട്ടിച്ചേര്‍ത്തു. ദുബൈ എയര്‍ ഷോയില്‍ ‘ആഗോള കണക്റ്റിവിറ്റി: ഭൂഖണ്ഡങ്ങളുടെ കവലയില്‍ നേതൃത്വം നല്‍കുന്നു’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം (ഡി എക്സ് ബി) 2032-ല്‍ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റുന്നത് ‘ലോകത്തിലെ ഏറ്റവും വലിയ മാറ്റമായിരിക്കും’ എന്ന് അദ്ദേഹം പറഞ്ഞു. രണ്ട് വര്‍ഷത്തിനുള്ളില്‍ പത്ത് കോടി യാത്രക്കാര്‍ എന്ന ലക്ഷ്യം മറികടക്കുമെന്നും 2031-ല്‍ 11.4 കോടി ആളുകള്‍ ഡി എക്സ് ബി വഴി കടന്നുപോകുമെന്നും അദ്ദേഹം പറഞ്ഞു.
അല്‍ മക്തൂം വിമാനത്താവളത്തില്‍ 4,400 കോടി നിക്ഷേപിച്ച് എമിറേറ്റ്സ്
അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (ഡി ഡബ്ല്യു സി) 3,670 കോടി ദിര്‍ഹം മുതല്‍ 4,400 കോടി ദിര്‍ഹം വരെ നിക്ഷേപം നടത്തുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ ചെയര്‍മാനും സി ഇ ഒയുമായ ശൈഖ് അഹ്്മദ് ബിന്‍ സഈദ് അല്‍ മക്തൂം പറഞ്ഞു. ദുബൈ എയര്‍ ഷോയില്‍ മാധ്യമങ്ങളുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2030-ന്റെ തുടക്കത്തില്‍ ഡി എക്സ് ബിയിലെ എല്ലാ പ്രവര്‍ത്തനങ്ങളും ഡി ഡബ്ല്യു സിയിലേക്ക് മാറ്റും. 12,800 കോടി ദിര്‍ഹം ചെലവില്‍ നിര്‍മിക്കുന്ന പുതിയ പാസഞ്ചര്‍ ടെര്‍മിനലിന് പ്രതിവര്‍ഷം 26 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്നും ഡി എക്സ് ബിയിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഉള്‍ക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





