Connect with us

Business

യു എ ഇയോട് ഐക്യദാര്‍ഢ്യം: 64 രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ഒരു ബാനറിന് കീഴില്‍; ഗിന്നസ് ലോക റെക്കോര്‍ഡ് നേടി ബുര്‍ജീല്‍ ഹോള്‍ഡിങ്സ്

ഏറ്റവുമധികം രാജ്യക്കാര്‍ ചേര്‍ന്ന് ഉയര്‍ത്തിയ ബാനര്‍ എന്ന ലോകറെക്കോഡാണ് ബുര്‍ജീല്‍ സ്വന്തമാക്കിയത്. 2019-ല്‍ ദുബൈയില്‍ സ്ഥാപിക്കപ്പെട്ട 58 രാജ്യക്കാരുടെ റെക്കോര്‍ഡാണ് ഇതോടെ തിരുത്തപ്പെട്ടത്

Published

|

Last Updated

അബൂദബി | കഴിഞ്ഞ ഏതാനും ആഴ്ചകളായി മുന്‍നിരയില്‍ നിന്ന് രോഗികള്‍ക്ക് ആശ്വാസമേകിയവര്‍… ശനിയാഴ്ച വൈകിട്ട് അവര്‍ വീണ്ടും ഒത്തുകൂടിയപ്പോള്‍ ലക്ഷ്യം ചികിത്സയായിരുന്നില്ല; മറിച്ച്, ഒരു സ്‌പോര്‍ട്‌സ് മൈതാനത്ത് ഒരേ ബാനറിന് കീഴില്‍ അണിനിരന്ന് യു എ ഇയോടുള്ള തങ്ങളുടെ സ്‌നേഹവും ഐക്യദാര്‍ഢ്യവും ലോകത്തെ അറിയിക്കുക എന്നതായിരുന്നു.

ഫിലിപ്പൈന്‍സ്, ഇന്ത്യ, യുനൈറ്റഡ് കിങ്ഡം തുടങ്ങി ലോകമെമ്പാടുമുള്ള 64 രാജ്യങ്ങളില്‍ നിന്നുള്ള മുന്‍നിര ആരോഗ്യപ്രവര്‍ത്തകരെ അണിനിരത്തി ഏറ്റവുമധികം രാജ്യക്കാര്‍ ചേര്‍ന്ന് ഉയര്‍ത്തിയ ബാനര്‍’ എന്ന ഗിന്നസ് ലോക റെക്കോര്‍ഡാണ് പ്രമുഖ മലയാളി ആരോഗ്യസംരംഭകന്‍ ഡോ. ഷംഷീര്‍ വയലിലിന്റെ നേതൃത്വത്തിലുള്ള ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്വന്തമാക്കിയത്. 2019-ല്‍ ദുബൈയില്‍ സ്ഥാപിക്കപ്പെട്ട 58 രാജ്യക്കാരുടെ റെക്കോര്‍ഡാണ് ഇതോടെ തിരുത്തപ്പെട്ടത്.

ദേശീയ പതാക ഉയര്‍ത്താനും ഐക്യം ശക്തിപ്പെടുത്താനുമുള്ള യു എ ഇ നേതൃത്വത്തിന്റെ ആഹ്വാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വെറും 48 മണിക്കൂറിനുള്ളിലാണ് ഈ ബൃഹത്തായ പരിപാടി സംഘടിപ്പിച്ചത്. പ്രത്യേക സാഹചര്യങ്ങള്‍ മാറി രാജ്യം സാധാരണ നിലയിലേക്ക് മടങ്ങിയ ശേഷം മേഖലയില്‍ നടക്കുന്ന ആദ്യത്തെ റെക്കോര്‍ഡ് ബ്രേക്കിംഗ് പരിപാടിയാണിത്.

മഴ കെടുത്താത്ത ആവേശം
അബൂദബി സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി സഹകരിച്ച് സംഘടിപ്പിച്ച വാര്‍ഷിക കായിക മേളയായ ‘ബുര്‍ജീല്‍ ഗെയിംസി’ന്റെ സമാപന ചടങ്ങിലായിരുന്നു വിസ്മയിപ്പിക്കുന്ന ഈ പ്രകടനം. റെക്കോര്‍ഡിന് അര്‍ഹമായ 64 ദേശീയതകളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ ആകെ 153 പേരാണ് ഉദ്യമത്തില്‍ പങ്കാളികളായത്. അബൂദബി ഹുദൈരിയത്ത് ദ്വീപിലെ മൈതാനത്ത് മഴയെപ്പോലും അവഗണിച്ച്, 85 മീറ്റര്‍ നീളവും 200 കിലോഗ്രാമിലധികം ഭാരവുമുള്ള കൂറ്റന്‍ ബാനര്‍ ഉയര്‍ത്തിപ്പിടിച്ച് ആരോഗ്യപ്രവര്‍ത്തകരുടെ സംഘം 100 മീറ്ററിലധികം ദൂരം നടന്നു. ‘നമ്മുടെ രാഷ്ട്രം, നമ്മുടെ ഹൃദയമിടിപ്പ്’ എന്ന പ്രമേയത്തിലായിരുന്നു ഐക്യദാര്‍ഢ്യ പ്രകടനം.

യു എ ഇയുടെ കരുത്തിന്റെയും വൈവിധ്യത്തിന്റെയും പ്രതിഫലനമാണ് ഈ റെക്കോര്‍ഡെന്ന് ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. ‘ഒരു ദര്‍ശനത്തിന് കീഴില്‍ ഒട്ടനവധി സംസ്‌കാരങ്ങളെ ഒന്നിപ്പിക്കുന്ന രാജ്യമാണ് യു എ ഇ. കഴിഞ്ഞ ആഴ്ചകളില്‍ വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളില്‍ സമൂഹത്തെ സേവിച്ച അതേ ആവേശത്തോടെയാണ് ഞങ്ങളുടെ ടീം റെക്കോര്‍ഡ് നേട്ടത്തിനായി ഒത്തുചേര്‍ന്നത്. ഈ രാജ്യത്തെ സ്വന്തം വീടായി കാണുന്നവരുടെ ഐക്യത്തിന്റെ വിളംബരമാണിത്.’- ഷംഷീര്‍ പറഞ്ഞു.

റെക്കോര്‍ഡിലെ മലയാളി സാന്നിധ്യം
ബുര്‍ജീല്‍ ഹോള്‍ഡിങ്‌സിന്റെ ഈ ചരിത്രനേട്ടത്തില്‍ യു എ ഇയുടെ ആരോഗ്യമേഖലയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന മലയാളി ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും പങ്കാളികളായി. ‘ഞങ്ങളെ പോലുള്ള എല്ലാവര്‍ക്കും യു എ ഇ മറ്റൊരു വീടാണ്. എല്ലാ ദിവസവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഹപ്രവര്‍ത്തകരോടൊപ്പമാണ് ഞങ്ങള്‍ ജോലി ചെയ്യുന്നത്. ആ വൈവിധ്യം ഏറ്റവും ശക്തമായ രീതിയില്‍ കണ്ടത് ഇന്നാണ്. റെക്കോര്‍ഡില്‍ പങ്കാളികളായ മലയാളി ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു.

ഔദ്യോഗിക ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അഡ്ജുഡിക്കേറ്റര്‍ റാഫത്ത് തൗഫീക് നേരിട്ടെത്തി വിജയം സ്ഥിരീകരിച്ചു. 2,500ലധികം പേര്‍ പങ്കെടുത്ത ബുര്‍ജീല്‍ ഗെയിംസ് ഫെബ്രുവരി 28-ന് സമാപിക്കേണ്ടതായിരുന്നുവെങ്കിലും പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മാറ്റിവെക്കുകയായിരുന്നു. സാഹചര്യം മാറിയ പശ്ചാത്തലത്തില്‍, യു എ ഇയോടുള്ള ആദരവ് പ്രകടിപ്പിച്ച് കൂടുതല്‍ അര്‍ഥവത്തായ രീതിയില്‍ മേള പൂര്‍ത്തിയാക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.

 

---- facebook comment plugin here -----

Latest