Connect with us

Articles

അതുകൊണ്ട് നെഹ്‌റുവിനെ ഇന്ത്യ ഓര്‍ക്കണം

ജനങ്ങള്‍ക്കിടയില്‍ ബാഹ്യമായ വൈവിധ്യങ്ങളും വ്യത്യാസങ്ങളും ഉണ്ടായിരുന്നുവെങ്കിലും ഏകത്വത്തിന്റെ ഒരു അടയാളം എല്ലായിടത്തും നിലനില്‍ക്കുന്നുവെന്ന് നെഹ്‌റു കണ്ടെത്തിയിരുന്നു. ഈ ഏകത്വ ബോധമാണ് ജനങ്ങളെ ഒന്നിച്ചു നിര്‍ത്തിയിരുന്നത് എന്നും നെഹ്‌റു മനസ്സിലാക്കിയിരുന്നു.

Published

|

Last Updated

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അറുപതാം ചരമ വാര്‍ഷിക ദിനമാണ് ഇന്ന്, 2024 മെയ് 27. “മനുഷ്യരുടെ ഏറ്റവും വലിയ രണ്ട് ദൗര്‍ബല്യങ്ങളുടെ മേല്‍ വിജയം നേടിയ ഒരു മനുഷ്യന്‍. അദ്ദേഹത്തിന് ഭയമെന്തെന്നറിഞ്ഞുകൂടാ, വെറുപ്പ് എന്തെന്ന് അറിഞ്ഞുകൂടാ’- ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ നെഹ്‌റുവിനെപ്പറ്റി പറഞ്ഞ വാക്കുകളാണിത്. വിശ്വപൗരന് ലഭിച്ച ഏറ്റവും വലിയ പ്രശംസകളിലൊന്നാണത്.

സുദീര്‍ഘമായ സ്വാതന്ത്ര്യ സമര ചരിത്രമാണ് ഇന്ത്യയുടേത്. 1857ല്‍ അതിന് തുടക്കം കുറിച്ചു. 1885ല്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ രൂപവത്കരണത്തോടെയാണ് അതൊരു പ്രസ്ഥാനമായി മാറുന്നത്. സ്വാതന്ത്ര്യ സമര നായകന്‍, ഭരണാധികാരി, എഴുത്തുകാരന്‍, ചരിത്രകാരന്‍, അഭിഭാഷകന്‍, ചിന്തകന്‍, ജനാധിപത്യവിശ്വാസി, ശാസ്ത്രകുതുകി, കലാസ്‌നേഹി, രാജ്യതന്ത്രജ്ഞന്‍ തുടങ്ങി അനവധി വിശേഷണങ്ങള്‍ നെഹ്‌റുവിനുണ്ടായിരുന്നു. ഇംഗ്ലണ്ടില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി 1912ല്‍ നെഹ്‌റു ഇന്ത്യയില്‍ എത്തിയപ്പോള്‍ രാജ്യം സ്വാതന്ത്ര്യ തൃഷ്ണയില്‍ ഉരുകി തിളച്ചുമറിയുന്ന കാലഘട്ടമായിരുന്നു. 1916ലെ ലക്‌നൗ കോണ്‍ഗ്രസ്സ് സമ്മേളനത്തിലാണ് നെഹ്‌റു ആദ്യമായി ഗാന്ധിജിയെ കാണുന്നതും ബന്ധം സ്ഥാപിക്കുന്നതും. ആ ആത്മബന്ധമാണ് സ്വാതന്ത്ര്യ പ്രസ്ഥാനത്തിലേക്കും രാഷ്ട്ര പുനര്‍നിര്‍മാണത്തിലേക്കും വെളിച്ചമേകിയത്. മഹാത്മാ ഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുത്തുകൊണ്ടാണ് നെഹ്‌റു സ്വാതന്ത്ര്യ സമരത്തില്‍ സജീവമാകുന്നത്. 1921 ഡിസംബറിലായിരുന്നു നെഹ്‌റുവിന്റെ ആദ്യ അറസ്റ്റും ജയില്‍വാസവും.

നെഹ്‌റുവിന്റെ രാഷ്ട്ര സേവനത്തില്‍ പ്രധാനമായും മൂന്ന് ഭാഗങ്ങളാണുള്ളത്. സ്വാതന്ത്ര്യ സമരത്തിലെ പങ്കാളിത്തം, ഭരണഘടനാ നിര്‍മാണസഭയിലെ പങ്കാളിത്തം, രാഷ്ട്ര പുനര്‍നിര്‍മാണത്തിലെ പങ്കാളിത്തം. ഈ മൂന്നിലും നെഹ്‌റുവിന്റെ സേവനങ്ങള്‍ ഇന്ത്യാ ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്.

വിദ്യാഭ്യാസം കഴിഞ്ഞ് 23ാം വയസ്സില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ നെഹ്‌റു തന്റെ യൗവനം മുഴുവന്‍ ചെലവഴിച്ചത് സ്വാതന്ത്ര്യ സമര പോരാട്ടത്തിനായിരുന്നു. 35 വര്‍ഷത്തെ സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ 10 വര്‍ഷത്തോളം നെഹ്‌റു ജയിലിലടയ്ക്കപ്പെട്ടു. നെഹ്‌റു ആദ്യമായി കോണ്‍ഗ്രസ്സ് പ്രസിഡന്റാകുന്നത് 1929ലെ ലാഹോര്‍ സമ്മേളനത്തിലാണ്. പൂര്‍ണ സ്വരാജ് പ്രമേയം പാസ്സാക്കുന്നത് ഈ സമ്മേളനത്തിലാണ്. ജയില്‍വാസം നെഹ്‌റുവിനെ സംബന്ധിച്ചിടത്തോളം വായിക്കാനും ചിന്തിക്കാനുമുള്ള അവസരമായിരുന്നു. വിശ്വചരിത്രാവലോകനം, ഇന്ത്യയെ കണ്ടെത്തല്‍ തുടങ്ങിയ പ്രശസ്ത ഗ്രന്ഥങ്ങള്‍ നെഹ്‌റു രചിച്ചത് ജയിലില്‍ വെച്ചാണ്.
ജനങ്ങള്‍ക്കിടയില്‍ ബാഹ്യമായ വൈവിധ്യങ്ങളും വ്യത്യാസങ്ങളും ഉണ്ടായിരുന്നുവെങ്കിലും ഏകത്വത്തിന്റെ ഒരു അടയാളം എല്ലായിടത്തും നിലനില്‍ക്കുന്നുവെന്ന് നെഹ്‌റു കണ്ടെത്തിയിരുന്നു. ഈ ഏകത്വ ബോധമാണ് ജനങ്ങളെ ഒന്നിച്ചു നിര്‍ത്തിയിരുന്നത് എന്നും നെഹ്‌റു മനസ്സിലാക്കിയിരുന്നു.

നെഹ്‌റുവിന്റെ മഹത്വം മനസ്സിലാക്കാന്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിച്ചാല്‍ മാത്രം മതി. ഭരണഘടനയുടെ അടിസ്ഥാന ലക്ഷ്യങ്ങളും പ്രമാണങ്ങളും ജവഹര്‍ലാല്‍ നെഹ്‌റു ഒരു രാഷ്ട്രതന്ത്രജ്ഞന്റെ, ഭരണഘടനാ വിദഗ്ധന്റെ ശൈലിയില്‍ മനോഹരമായ രൂപത്തില്‍ ആമുഖത്തില്‍ സംക്ഷിപ്തമായി ഉള്‍ക്കൊള്ളിച്ചു. ഇന്ത്യന്‍ റിപബ്ലിക്കിന്റെ നാല് ലക്ഷ്യങ്ങള്‍ ആമുഖത്തില്‍ നിര്‍വചിക്കുന്നുണ്ട്. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ. ഭരണഘടനയുടെ ആമുഖത്തെ ഭരണഘടനയുടെ ആത്മാവ് എന്നാണ് ജവഹര്‍ലാല്‍ നെഹ്‌റു വിശേഷിപ്പിച്ചത്.

ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത് 1948 ഡിസംബര്‍ പത്തിനാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സഭയില്‍, ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖമായി മാറിയ ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് 1946 ഡിസംബര്‍ പതിമൂന്നിനായിരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പരിഷ്‌കൃത സമൂഹത്തിലെ മനുഷ്യാവകാശങ്ങളുടെയും മാനവസ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും രത്‌നച്ചുരുക്കമാണ്. ഐക്യരാഷ്ട്ര സംഘടന സാര്‍വ ദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നടത്തുന്നതിനു മുമ്പ് തന്നെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യന്‍ ജനതക്ക് മനുഷ്യാവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം എഴുതിയിരുന്നു.

സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങളേക്കാള്‍ നെഹ്‌റു വിലമതിച്ചത് വിശാല ജനാധിപത്യ-മനുഷ്യാവകാശങ്ങളെയായിരുന്നു. ബഹുസ്വരതയെ അംഗീകരിക്കുകയും മാനിക്കുകയും ചെയ്ത നെഹ്‌റു ഇന്ത്യന്‍ ഭരണഘടനയെ, മനുഷ്യാവകാശങ്ങള്‍ വിലമതിക്കുന്ന, ആദരിക്കപ്പെടുന്ന വിശ്വോത്തര ഭരണഘടനയാക്കി മാറ്റുകയാണ് ചെയ്തത്. സങ്കുചിത രാഷ്ട്രീയ താത്പര്യം നെഹ്‌റുവിനുണ്ടായിരുന്നുവെങ്കില്‍ ഇന്ത്യയില്‍ കോണ്‍ഗ്രസ്സിന്റെ ഏകകക്ഷി ഭരണത്തിനനുസൃതമായ രീതിയില്‍ ഭരണഘടന എഴുതുമായിരുന്നു.
സ്വാതന്ത്ര്യലബ്ധിയോടൊപ്പം ലോകത്ത് മറ്റൊരു രാജ്യത്തിനും നേരിടേണ്ടി വന്നിട്ടില്ലാത്ത സാഹചര്യങ്ങളാണ് നെഹ്‌റു ഭരണകൂടത്തിന് നേരിടേണ്ടി വന്നത്. വിഭജനം, സാമുദായിക ലഹളകള്‍, അഭയാര്‍ഥി പ്രവാഹം തുടങ്ങിയ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍. എല്ലാറ്റിനും ഉപരിയായി മഹാത്മാവിന്റെ വധവും. പക്ഷേ, അടിപതറാതെ സമചിത്തതയോടെ നെഹ്‌റു ഭരണകൂടം എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു.

നെഹ്‌റുവും ആസാദും രൂപം കൊടുത്ത നയങ്ങളും ആസൂത്രണങ്ങളുമാണ് ഇന്ത്യയെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയില്‍ നിന്ന് കരകയറ്റിയത്. യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍, എന്‍ ഐ ടികള്‍, ഐ ഐ ടികള്‍, സെക്കന്‍ഡറി എജ്യുക്കേഷന്‍ കമ്മീഷന്‍, കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍, കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, സംഗീതനാടക അക്കാദമി തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങള്‍ അവരുടെ സംഭാവനകളാണ്.

ഇന്നത്തെ ഇന്ത്യയുടെ യശസ്സിന്റെ അടിസ്ഥാനം നെഹ്‌റു രൂപം കൊടുത്ത ആസൂത്രണ കമ്മീഷനും പഞ്ചവത്സര പദ്ധതികളും തന്നെയാണ്. നെഹ്‌റുവിന്റെ ഭരണ പ്രാഗത്ഭ്യവും ആസൂത്രണ മികവും ശാസ്ത്രസാങ്കേതിക മേഖലയില്‍ ഇന്ത്യയെ ലോക വന്‍ശക്തികള്‍ക്കൊപ്പം എത്തിച്ചു. അതിന്റെ ഫലങ്ങള്‍ ഇന്ന് നാം ജീവിതത്തില്‍ അനുഭവിക്കുന്നുമുണ്ട്. പുതിയ ഒരു രാഷ്ട്ര നിര്‍മാണത്തിന് അടിത്തറ പാകാന്‍ ഒട്ടനവധി നിയമ നിര്‍മാണങ്ങള്‍ നടത്തിയ പ്രധാനമന്ത്രിയായിരുന്നു നെഹ്‌റു. സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ രംഗത്തെ മുഖച്ഛായ മാറ്റിയ നിരവധി നിയമ നിര്‍മാണങ്ങള്‍ നെഹ്‌റു നടത്തി. ഒന്നാം ലോക്‌സഭ മാത്രം പാസ്സാക്കി 322 ബില്ലുകള്‍. കാര്‍ഷികോത്പന്നങ്ങളുടെ നയതീരുമാനത്തിന് നാഷനല്‍ ഡെവലപ്‌മെന്റ് വെയര്‍ ഹൗസിംഗ് ബോര്‍ഡ്, കാര്‍ഷികോത്പാദന രംഗത്ത് സഹകരണ സംഘങ്ങളുടെ പങ്കാളിത്തം വ്യവസ്ഥ ചെയ്യുന്ന എന്‍ സി ഡി സി ആക്ട്, ഫുഡ് കോര്‍പറേഷന്‍ ആക്ട് തുടങ്ങി അനവധി നിയമങ്ങള്‍ കര്‍ഷകരെ സഹായിക്കാന്‍ നെഹ്‌റു മന്ത്രിസഭ പാസ്സാക്കിയതാണ്. ഒന്നാം പഞ്ചവത്സര പദ്ധതി തന്നെ കൃഷിക്കാണ് പ്രാമുഖ്യം നല്‍കിയത്.
17 വര്‍ഷത്തോളം ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ നെഹ്‌റു രാഷ്ട്ര പുനര്‍നിര്‍മാണത്തിന് നേതൃത്വം നല്‍കി. സ്വാതന്ത്ര്യലബ്ധി സമയത്ത് രാജ്യത്തിന്റെ സാക്ഷരതാനിരക്ക് കേവലം 12 ശതമാനം ആയിരുന്നു. നെഹ്‌റു ആവിഷ്‌കരിച്ച പഞ്ചവത്സര പദ്ധതികളിലൂടെ രാജ്യം സമസ്ത മേഖലയിലും വന്‍ കുതിച്ചു ചാട്ടമാണ് നടത്തിയത്. 30 വര്‍ഷം കൊണ്ട് കാര്‍ഷിക-വ്യാവസായിക-വിദ്യാഭ്യാസ-ശാസ്ത്ര സാങ്കേതിക-തൊഴില്‍ മേഖലയില്‍ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ ലോകത്തെ അത്ഭുതപ്പെടുത്തി. സാക്ഷരതാ നിരക്ക് നാല് മടങ്ങ് വര്‍ധിച്ചു.

ഇന്ത്യയിലെ ഓരോ പൗരനും അന്തസ്സോടെ, അഭിമാനത്തോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. ഇഷ്ടമുള്ളത് പറയുന്നതിനും ഭക്ഷിക്കുന്നതിനും എന്നുവേണ്ട വസ്ത്രം ധരിക്കുന്നതിന് പോലും വിലക്കുകളും നിയന്ത്രണങ്ങളുമാണ് ഇന്ന് നാട്ടില്‍. രാഷ്ട്ര ശില്‍പ്പികളുടെ സങ്കല്‍പ്പവും ഇന്നത്തെ യാഥാര്‍ഥ്യങ്ങളും തമ്മില്‍ വലിയ അന്തരമുണ്ട്. സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിന് പകരം സാഹോദര്യത്തിന് കോട്ടം തട്ടുന്ന പ്രവൃത്തികളാണ് ഇപ്പോള്‍ രാജ്യത്തുണ്ടാകുന്നത്. വിശ്വപൗരനായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ തീര്‍ച്ചയായും സ്മരിക്കേണ്ട ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്.

Latest