Connect with us

saffronization in education

പൈതൃക പഠനത്തിന്റെ മറവില്‍ ഒളിച്ചുകടത്തപ്പെടുന്നത്‌

യു ജി സി അധ്യക്ഷന്‍ പ്രാചീന ഇന്ത്യയിലെ ജനാധിപത്യ ഭരണ സമ്പ്രദായത്തെക്കുറിച്ച് സര്‍വകലാശാലകളില്‍ പഠിപ്പിക്കണമെന്ന് പറയുമ്പോള്‍ ബ്രാഹ്‌മണ പുരോഹിത വര്‍ഗങ്ങളാല്‍ നയിക്കപ്പെട്ട രാജഭരണകൂടങ്ങളുടേതായ ഭൂതകാലത്തെ ആദര്‍ശവത്കരിക്കുകയാണ് ചെയ്യുന്നത്. ആധുനികതയുടേതായ എല്ലാത്തിനെയും നിഷേധിക്കുന്ന ഭൂതകാലാരാധനയുടെ മിഥ്യാഭ്രമങ്ങളിലേക്ക് യുവതലമുറയെ തള്ളിവിടുകയാണ് ഇതിലൂടെ.

Published

|

Last Updated

കൊവിഡ് സാഹചര്യത്തില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയെടുത്ത പുതിയ ദേശീയ വിദ്യാഭ്യാസ നയം പൈതൃക പഠനത്തിന്റെ മറവില്‍ പ്രാചീന സംസ്‌കൃതിയെ ആദര്‍ശവത്കരിക്കാനും ഭൂതകാലത്തിന്റെ വിചിത്രങ്ങളായ ആചാരങ്ങളെയും വിശ്വാസങ്ങളെയും ചരിത്രവും ശാസ്ത്രവുമായി അവതരിപ്പിക്കാനുമാണ് വ്യവസ്ഥ ചെയ്യുന്നത്. വിദ്യാഭ്യാസ മേഖലയെയാകെ അങ്ങേയറ്റം കേന്ദ്രീകരിക്കാനും വാണിജ്യവത്കരിക്കാനും വര്‍ഗീയവത്കരിക്കാനുമുള്ള വ്യവസ്ഥകളും ഉള്ളടക്കങ്ങളുമാണ് പുതിയ വിദ്യാഭ്യാസ നയം ഒളിച്ചുവെച്ചിട്ടുള്ളത്. അതിന്റെ ഭാഗമാണ് യു ജി സി പോലുള്ള ഉന്നത അക്കാദമിക് സംവിധാനങ്ങളുടെ തലപ്പത്ത് വിജ്ഞാനഭാരതിയുടെ പ്രവര്‍ത്തകരായ സംഘ്പരിവാറുകാര്‍ അവരോധിക്കപ്പെട്ടിട്ടുള്ളത്. അവരെല്ലാം ചേര്‍ന്ന് ഹിന്ദുരാഷ്ട്ര നിര്‍മിതിക്കാവശ്യമായ ഭൂതകാലാഭിമാനം പടര്‍ത്താനുള്ള പ്രബോധന കേന്ദ്രങ്ങളായി സര്‍വകലാശാലകളെയും അക്കാദമിക് സ്ഥാപനങ്ങളെയും അധഃപതിപ്പിക്കുകയാണ്. അതിന്റെ സൂചനയാണ് സമീപ ദിവസം യു ജി സി അധ്യക്ഷന്‍ ജഗദീഷ് കുമാറിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രസ്താവന.

യു ജി സിയുടെ തലപ്പത്തിരിക്കുന്ന ജഗദീഷ് കുമാര്‍ നേരത്തേ ജെ എന്‍ യുവിലെ വി സി ആയിരുന്നു. അദ്ദേഹത്തിന്റെ കാലത്താണ് പ്രശസ്തമായ ആ സര്‍വകലാശാലയുടെ സ്വതന്ത്രമായ അക്കാദമിക് പ്രവര്‍ത്തനങ്ങളെയും ക്യാമ്പസ് ജനാധിപത്യത്തെയും തകര്‍ക്കാനുള്ള നീക്കങ്ങളുണ്ടായത്. സംഘ്പരിവാറിന്റെ അഭീഷ്ടമനുസരിച്ചായിരുന്നു ജെ എന്‍ യുവിലെ അദ്ദേഹത്തിന്റെ ഇടപെടലുകള്‍. അദ്ദേഹത്തെ മോദി സര്‍ക്കാര്‍ ഇപ്പോള്‍ യു ജി സിയുടെ ചെയര്‍മാനാക്കിയിരിക്കുകയാണ്. ചാണകത്തില്‍ നിന്ന് പ്ലൂട്ടോണിയം വേര്‍തിരിക്കുന്ന വിജ്ഞാനഭാരതി പ്രവര്‍ത്തകന്‍ എന്നതിലപ്പുറത്ത് യാതൊരുവിധ ധൈഷണിക സംഭാവനയുമില്ലാത്ത ആളാണ് ജഗദീഷ് കുമാര്‍. അദ്ദേഹം ഇപ്പോള്‍ പറയുന്നത് ലോക്തന്ത്രം സര്‍വകലാശാലകളില്‍ പാഠ്യവിഷയമാക്കണമെന്നാണ്. പൗരാണിക ഇന്ത്യയില്‍ നിലനിന്നിരുന്ന ജനായത്ത ഭരണത്തെയാണ് പോലും ഇദ്ദേഹം ലോക്തന്ത്രമായി പാഠപുസ്തകളില്‍ കൊണ്ടുവരണമെന്ന് പറയുന്നത്!

പൗരാണിക ഇന്ത്യയില്‍ ജനാധിപത്യപരമായ ഭരണ സംവിധാനം നിലനിന്നതായി ചരിത്രകാരന്മാരാരും കണ്ടെത്തിയിട്ടില്ല. ഫ്യൂഡല്‍ രാജഭരണ വ്യവസ്ഥകളെ തകര്‍ത്ത് ചരിത്രത്തിലേക്ക് കടന്നുവന്ന ആധുനികാശയമാണ് ജനാധിപത്യമെന്നത്. ശാസ്ത്രത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തിലുള്ള ആധുനിക ഭരണ വ്യവസ്ഥയാണ് ജനാധിപത്യം. ഹിന്ദു മതത്തെയും അതിന്റെ ധര്‍മസംഹിതകളെയും രാഷ്ട്രവും ദേശീയതയുമായി കാണുന്ന സവര്‍ക്കറിസത്തിന്റെയും ഗോള്‍വാള്‍ക്കറിസത്തിന്റെയും രാഷ്ട്ര സിദ്ധാന്തങ്ങളെ പാഠ്യപദ്ധതിയാക്കാനുള്ള നീക്കമാണിത്. സര്‍വകലാശാലകളെയും വിജ്ഞാനത്തെയും കാവിവത്കരിക്കുന്ന ഹിന്ദുത്വ അജന്‍ഡയാണ് യു ജി സി അധ്യക്ഷന്‍ ഒളിച്ചു കടത്തുന്നത്.
ഹിന്ദുരാഷ്ട്രം സ്ഥാപിക്കുകയെന്ന ആര്‍ എസ് എസിന്റെ തന്ത്രം സമര്‍ഥമായി പ്രാവര്‍ത്തികമാക്കുന്നതിനു വേണ്ടി വിദ്യാഭ്യാസ മേഖലയെയാകെ കാവിവത്കരിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. യുവ മസ്തിഷ്‌കത്തെ ദുഷിപ്പിക്കാന്‍ ഭാവിതലമുറകളെ ചെറുപ്പത്തിലേ പിടികൂടുകയെന്ന ഫാസിസ്റ്റ് തന്ത്രമാണിത്. ഹിറ്റ്്ലർ സമര്‍ഥമായി ഉപയോഗിച്ച ഒരു കലയാണിത്. വംശീയ വിദ്വേഷവും ആര്യന്‍ അധീശത്വവാദവും അടങ്ങുന്ന തങ്ങളുടെ പ്രത്യയശാസ്ത്ര അജന്‍ഡ നടപ്പാക്കുന്നതിനായി നാസികള്‍ വിദ്യാഭ്യാസത്തെയും പാഠ്യപദ്ധതിയെയും മാറ്റിമറിക്കുകയായിരുന്നല്ലോ. യുവ മനസ്സുകളില്‍ വര്‍ഗീയ വിഷം കുത്തിക്കയറ്റുന്നതിനായി കഴിഞ്ഞ എട്ട് വര്‍ഷക്കാലമായി ഇന്ത്യയില്‍ സംഘ്പരിവാര്‍ സര്‍ക്കാര്‍ വിദ്യാഭ്യാസത്തെ ആയുധമാക്കുകയാണ്. അതിനാവശ്യമായ പരിഷ്‌കാരങ്ങളും സ്ഥാപനപരമായ മാറ്റങ്ങളും അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്.

ചരിത്രത്തെയും സംസ്‌കാരത്തെയും കാവിവത്കരിച്ച് ഹിന്ദുരാഷ്ട്ര നിര്‍മിതിക്കാവശ്യമായ പ്രത്യയശാസ്ത്ര പരിസരം നിര്‍മിച്ചെടുക്കാനുള്ള അങ്ങേയറ്റം വിജ്ഞാനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. 2014ന് ശേഷം രാജ്യത്തിന്റെ അഭിമാനങ്ങളായ അക്കാദമിക് സ്ഥാപനങ്ങളെയെല്ലാം സംഘ്പരിവാര്‍ പിടിയിലമര്‍ത്തുകയായിരുന്നു. കേന്ദ്രാധികാരം ഉപയോഗിച്ച് സ്വതന്ത്രമായ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുകയാണ് ആര്‍ എസ് എസ് ചെയ്തുകൊണ്ടിരിക്കുന്നത്. സ്വതന്ത്രമായ അക്കാദമിക് സമൂഹമെന്നത് ഏതൊരു സമൂഹത്തിലും ജനാധിപത്യം നിലനില്‍ക്കുന്നതിനും വിപുലമാകുന്നതിനുമുള്ള മുന്നുപാധിയാണ്. അക്കാദമിക് സ്ഥാപനങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത എല്ലാ സമൂഹങ്ങളും സമഗ്രാധിപത്യത്തിലേക്കോ ഫാസിസത്തിലേക്കോ പതിച്ചതാണ് ചരിത്രം.

യാതൊരുവിധ അക്കാദമിക് യോഗ്യതയുമില്ലാത്ത മോദി ഭക്തരെയും ആര്‍ എസ് എസുകാരെയും ദേശീയ അക്കാദമിക് സ്ഥാപനങ്ങളുടെ മേധാവികളായി അവരോധിക്കുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. നേരത്തേ ജെ എന്‍ യുവിലെ വൈസ് ചാന്‍സലറും ഇപ്പോള്‍ യു ജി സി ചെയര്‍മാനുമായ ജഗദീഷ് കുമാര്‍ ഈയൊരു പരമ്പരയില്‍പ്പെട്ടയാളാണ്. അക്കാദമിക് ലോകത്തെയാകെ സംഘ്പരിവാറിന്റെ വരുതിയില്‍ കൊണ്ടുവരുന്ന ഇടപെടലുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. മുസ്സോളിനിയും ഹിറ്റ്്ലറുമെല്ലാം സ്വതന്ത്രരായി ചിന്തിക്കുന്ന മനുഷ്യരെയും പണ്ഡിതരെയുമാണ് ഭയപ്പെട്ടത്. ഫാസിസത്തിന്റെയും നാസിസത്തിന്റെയും പ്രത്യയശാസ്ത്രത്തെ ചോദ്യംചെയ്യുന്ന ചിന്തകന്മാരെയും അക്കാദമിക് സമൂഹത്തെയും കൂച്ചുവിലങ്ങിട്ടുകൊണ്ടാണ് യൂറോപ്പില്‍ ഫാസിസം അഴിഞ്ഞാടിയത്.

വിദ്യാഭ്യാസത്തെ ഹിന്ദുരാഷ്ട്ര നിര്‍മിതിക്കാവശ്യമായ പ്രത്യയശാസ്ത്ര പ്രബോധനത്തിനുള്ള ഉപകരണമാക്കുകയാണ് കേന്ദ്ര മാനവവിഭവശേഷി വകുപ്പ്. അന്ധവിശ്വാസങ്ങളുടെയും വര്‍ഗീയതയുടെയും കേന്ദ്രങ്ങളാക്കി ഉന്നതവിദ്യാഭ്യാസ രംഗത്തെ മാറ്റുകയാണ് സര്‍ക്കാര്‍. പ്രാചീന ഹിന്ദു ടെക്സ്റ്റുകളെ സ്‌കൂള്‍ പാഠപുസ്തകമാക്കണമെന്നാണ് ആര്‍ എസ് എസ് ബുദ്ധിജീവികള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ജ്യോതിഷവും മന്ത്രവാദവുമെല്ലാം സിലബസിന്റെ ഭാഗമാക്കി പ്രചരിപ്പിക്കാന്‍ വാജ്്പയ് സര്‍ക്കാറിന്റെ കാലം മുതല്‍ നീക്കങ്ങള്‍ തുടങ്ങിയതാണ്. ഇന്നതിന് ഗതിവേഗം കൂടിയിരിക്കുന്നു. ഇതിഹാസങ്ങളും കെട്ടുകഥകളും ചരിത്രവും ശാസ്ത്രവുമായി പഠിപ്പിക്കുന്ന പാഠപുസ്തകങ്ങളാണ് ബി ജെ പി ഭരിക്കുന്ന സംസ്ഥനങ്ങളില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്.

ഇപ്പോള്‍ യു ജി സി അധ്യക്ഷന്‍ പ്രാചീന ഇന്ത്യയിലെ ജനാധിപത്യ ഭരണ സമ്പ്രദായത്തെക്കുറിച്ച് സര്‍വകലാശാലകളില്‍ പഠിപ്പിക്കണമെന്ന് പറയുമ്പോള്‍ ബ്രാഹ്‌മണ പുരോഹിത വര്‍ഗങ്ങളാല്‍ നയിക്കപ്പെട്ട രാജഭരണകൂടങ്ങളുടേതായ ഭൂതകാലത്തെ ആദര്‍ശവത്കരിക്കുകയാണ് ചെയ്യുന്നത്. ആധുനികതയുടേതായ എല്ലാത്തിനെയും നിഷേധിക്കുന്ന ഭൂതകാലാരാധനയുടെ മിഥ്യാഭ്രമങ്ങളിലേക്ക് യുവതലമുറയെ തള്ളിവിടുകയാണ് ഇതിലൂടെ. ഇത് ആര്‍ എസ് എസിന്റെ പ്രഖ്യാപിത നയമായ ഭാരതീയ മൂല്യപരിപ്രേക്ഷ്യത്തോടു കൂടിയ വിദ്യാഭ്യാസ വ്യവസ്ഥയെ പുനഃസംഘടിപ്പിച്ചെടുക്കാനുള്ള ശ്രമമാണെന്നും ജനാധിപത്യ വാദികള്‍ തിരിച്ചറിയണം. അക്കാദമിക് രംഗത്തെ ഈ പുനരുജ്ജീവന ശ്രമങ്ങളെ അതിശക്തമായി പ്രതിരോധിക്കാന്‍ മതനിരപേക്ഷ ജനാധിപത്യ വാദികളെല്ലാം രംഗത്തിറങ്ങണം.

ചരിത്ര സ്മാരകങ്ങളെയും വിദ്യാഭ്യാസത്തെയും വര്‍ഗീയവത്കരിച്ചു കൊണ്ട് ഹിന്ദുരാഷ്ട്ര നിര്‍മിതിയിലേക്ക് ഇന്ത്യന്‍ സമൂഹത്തെ എത്തിക്കുകയാണ് ആര്‍ എസ് എസിന്റെ ലക്ഷ്യം. അതിനായി അക്കാദമിക് ലോകത്തെയാകെ സംഘ്പരിവാറിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള ജനാധിപത്യവിരുദ്ധവും വിജ്ഞാനവിരുദ്ധവുമായ എല്ലാ ഇടപെടലുകളെയും തിരിച്ചറിയണം. തങ്ങള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ മുന്‍നിര്‍ത്തി ഉന്നത വിദ്യാഭ്യാസ രംഗം അസ്ഥിരീകരിക്കാനും പിടിച്ചെടുക്കാനുമുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും തിരിച്ചറിയണം.

---- facebook comment plugin here -----

Latest