National
17 കോടിയുടെ കൊട്ടാരം ബുക്ക് ചെയ്ത് വിവാഹത്തിന് തയ്യാറെടുപ്പുകൾ; അതിനിടെ പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊന്ന് യുവതി
ക്രൂരമായ കൊലപാതകം കാമുകനൊപ്പം ജീവിക്കാൻ; സംഭവത്തിൽ യുവതിയും കാമുകനും അറസ്റ്റിൽ
പൂനെ | മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിൽ പ്രതിശ്രുത വരനെ 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ യുവതിയും കാമുകനും പിടിയിലായി. പൂനെ ഗാഹുഞ്ചെ സ്വദേശിയും റിയൽ എസ്റ്റേറ്റ് ഡയറക്ടറുമായ കേതൻ അഗർവാൾ (26) കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതിശ്രുത വരൻ സിയ ഗോയൽ, ഇവരുടെ കാമുകൻ ചേതൻ ബാബുലാൽ ചൗധരി (22) എന്നിവരെ ലോനാവാല റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.
ജൂൺ 18 വ്യാഴാഴ്ച സിയ ഗോയലിന്റെ ജന്മദിനം ആഘോഷിക്കുന്നതിനായാണ് കേതൻ സിയയോടൊപ്പം ലഹോഡ് കോട്ടയിൽ ട്രെക്കിംഗിനായി പോയത്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ കേതൻ കാൽവഴുതി വീണെന്നാണ് സിയ ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്. മൂന്ന് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മലയിടുക്കിൽ നിന്ന് കേതന്റെ മൃതദേഹം പുറത്തെടുത്തത്. എന്നാൽ പോലീസിന്റെ വിശദമായ അന്വേഷണത്തിൽ സിയയുടെ മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയിൽപ്പെടുകയായിരുന്നു. മൊബൈൽ ഡാറ്റ, കോൾ റെക്കോർഡുകൾ, സംഭവസ്ഥലത്തുണ്ടായിരുന്നവരുടെ മൊഴികൾ എന്നിവ പരിശോധിച്ചപ്പോഴാണ് മരണത്തിൽ സംശയം ഉയർന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.
ഈ വർഷം അവസാനം നടക്കാനിരുന്ന വിവാഹത്തിനായി രാജസ്ഥാനിലെ ഉദയ്പൂരിൽ 17 കോടി രൂപയുടെ കൊട്ടാരം വരെ കുടുംബങ്ങൾ ബുക്ക് ചെയ്തിരുന്നതിനിടയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. അതിഥികൾക്കായി രണ്ട് സ്വകാര്യ വിമാനങ്ങളും ഏർപ്പെടുത്തിയിരുന്നു. ഇരു കുടുംബങ്ങളും വലിയ സന്തോഷത്തോടെ വിവാഹത്തിന്റെ തയ്യാറെടുപ്പുകളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് ക്രൂരമായ ഈ കൊലപാതകം നടന്നത്.

സിയക്ക് ചേതനുമായി പ്രണയബന്ധമുണ്ടായിരുന്നുവെന്നും കേതനെ ഇതിന് തടസ്സമായി കണ്ടതിനാലാണ് ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൂനെ റൂറൽ പോലീസ് സൂപ്രണ്ട് സന്ദീപ് സിംഗ് ഗിൽ വ്യക്തമാക്കി. സിയ കേതനെ കോട്ടയിലേക്ക് കൂട്ടിക്കൊണ്ടുവരികയും തുടർന്ന് ചേതനെ ഇവിടേക്ക് വിളിച്ചുവരുത്തി ഇരുവരും ചേർന്ന് കേതനെ താഴേക്ക് തള്ളിയിടുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ ചേതൻ കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് സിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി ഇവരെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
കൊലപാതകം നടക്കുന്നതിന് നാല് ദിവസം മുമ്പ് ജൂൺ 14 നും സിയ കേതനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി കേതന്റെ പിതാവ് വിശാൽ അഗർവാൾ നൽകിയ പരാതിയിൽ പറയുന്നു. അന്ന് കോട്ടയിൽ വെച്ച് സിയ കേതനെ തള്ളിയിട്ടെങ്കിലും ഒരു കാട്ടുചെടിയിൽ പിടിച്ച് കേതൻ രക്ഷപ്പെടുകയായിരുന്നു. ഈ സമയം കാര്യം പുറത്താകാതിരിക്കാൻ പാമ്പ് പാമ്പ് എന്ന് ഭയന്ന് നിലവിളിച്ച് സിയ കേതനെ കെട്ടിപ്പിടിക്കുകയായിരുന്നു. ഇതിന് മുമ്പ് ബാലിയിലേക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയപ്പോൾ കേതന്റെ പാസ്പോർട്ട് ദുരൂഹമായ സാഹചര്യത്തിൽ കാണാതാവുകയും യാത്ര മുടങ്ങുകയും ചെയ്തിരുന്നു.
ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Content Highlights
Fiancée Siya Goyal and her lover Chetan Chaudhary were arrested for murdering 26-year-old real estate director Ketan Agarwal by pushing him off Lohagad Fort near Pune. Investigation revealed that Siya saw Ketan as an obstacle to her relationship with Chetan.


